ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം 'ചുരുളി' സര്‍ട്ടിഫൈഡ് പതിപ്പല്ലെന്ന് വ്യക്തമാക്കി സെന്‍സര്‍ബോര്‍ഡ്. ചിത്രത്തിലെ അശ്ലീല,അസഭ്യ സംഭാഷണങ്ങള്‍ ചര്‍ച്ചയായി മാറിയതിന് പിന്നാലെയാണ് വിശദീകരണവുമായി സെന്‍സര്‍ ബോര്‍ഡ് രംഗത്തെത്തിയിരിക്കുന്നത്. വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് സെന്‍സര്‍ ബോര്‍ഡിനെതിരെ ഇപ്പോള്‍ പ്രചരിക്കുന്നതെന്നും റീജിയണല്‍ ഓഫിസര്‍ വി. പാര്‍വതി പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.
സിനിമാറ്റോഗ്രാഫ് ആക്ട് 1952, സര്ട്ടിഫിക്കേഷന് റൂള്‍സ് 1983, കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ എന്നിവ പ്രകാരം സിനിമയില്‍ ആവശ്യമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ച് എ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് ചുരുളിക്ക് നല്‍കിയത്. എന്നാല്‍ ഈ മാറ്റങ്ങള്‍ ഇല്ലാതെയാണ് സിനിമ പുറത്തു വന്നിരിക്കുന്നതെന്നും ബോര്‍ഡ് വിശദീകരിക്കുന്നു.






