
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് കണ്ടതില്‍ വെച്ചേറ്റവും മികച്ച ടെസ്റ്റ് നായകനാണ് വിരാട് കോലിയെന്ന് അഭിപ്രായപ്പെട്ട് മുന്‍ ഇന്ത്യന്‍ താരം ഇര്ഫാന് പഠാന്. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ കോലിയുടെ കീഴില്‍ ഇന്ത്യ നേടിയ 372 റണ്‍സിന്റെ കൂറ്റന്‍ ജയത്തിനു പിന്നാലെയാണ് പഠാന് ഈ അഭിപ്രായവുമായി രംഗത്തെത്തിയത്. ഈ വുജയത്തോടെ ഇന്ത്യ ടെസ്റ്റ് റാങ്കില്‍ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തും.
'മുന്‍പ് പറഞ്ഞത് ഞാന്‍ വീണ്ടും ആവര്‍ത്തിക്കുന്നു. ഇന്ത്യ കണ്ടതില്‍ വെച്ചേറ്റവും മികച്ച ടെസ്റ്റ് ക്യാപ്റ്റനാണ് വിരാട് കോലി. അദ്ദേഹത്തിന്റെ വിജയശതമാനം 59. 09 ആണ് . ഈ വിജയത്തിന്റെ തൊട്ടടുത്ത് നില്ക്കാന് പോലും മറ്റൊരു നായകനില്ല. രണ്ടാമതുളള നായകന്റെ വിജയശതമാനം വെറും 45 ആണ്'-പഠാന് പറഞ്ഞു.
ന്യൂസിലന്‍ഡിനെതിരായ വിജയത്തോടെ മൂന്ന് ഫോര്‍മാറ്റിലും 50 വിജയങ്ങള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന റെക്കോര്‍ഡ് കോലി സ്വന്തമാക്കി. വിരാട് കോലിയെയും ഇന്ത്യന്‍ ടീമിനെയും അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.




