ഐ.എ.എസുകാരന്റെ കവിത എന്ന് പറഞ്ഞ് തള്ളുന്നത് പൊള്ളത്തരം; കെ. ജയകുമാര്‍
ഐ.എ.എസുകാരന്റെ കവിത എന്ന് പറഞ്ഞ് തള്ളുന്നത് പൊള്ളത്തരം; കെ. ജയകുമാര്‍
Authored by Web Desk | Last updated: 22 Dec 2021, 12:18 PM | 7 min read
'' ഐ.എ.എസ് ഉദ്യോഗസ്ഥന്, കവി, ഗാനരചയിതാവ്, വിവര്ത്തകന്, ചിത്രകാരന് എന്നീ മേഖലകളിലെല്ലാം സാന്നിധ്യമറിയിച്ച കെ. ജയകുമാറിന്റെ ജീവിതവീഥിയിലൂടെ... ''
കളരിവിളക്കു തെളിഞ്ഞതാണോ, ചന്ദനലേപ സുഗന്ധം... മലയാളികള്‍ എന്നും നെഞ്ചോട് ചേര്‍ത്ത് പിടിച്ച ഈ എവര്‍ഗ്രീന്‍ ഹിറ്റ് ഗാനങ്ങള്‍ കെ. ജയകുമാര്‍ എന്ന ഐ.എ.എസ് ഓഫീസറുടെ തൂലികയില്‍ നിന്ന് പിറവി കൊണ്ടതാണെന്ന് അറിയാത്ത സംഗീതപ്രേമികളുണ്ടാവില്ല.
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഗാനങ്ങള്‍ സമ്മാനിച്ച അദ്ദേഹം കവി, വിവര്ത്തകന്, ചിത്രകാരന്, മുന്‍ ചീഫ് സെക്രട്ടറി, മലയാളം സര്‍വകലാശാല മുന്‍ വൈസ്ചാന്‍സലര്‍ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച അപൂര്‍വ വ്യക്തിത്വമാണ്. ഔദ്യോഗികമായി ഒട്ടേറെ തിരക്കുകളുണ്ടെങ്കിലും എഴുത്തിനും വായനയ്ക്കും ചിത്രരചനയ്ക്കുമെല്ലാം സമയം നീക്കിവയ്ക്കുന്ന കെ. ജയകുമാര്‍ അച്ഛന്റെ പാതയില്‍ സംവിധായക കുപ്പായവുമണിഞ്ഞു.
നിരവധി ചുമതലകള്‍ നിര്‍വഹിച്ചു. ഇപ്പോഴത്തെ ഉത്തരവാദിത്തങ്ങള്‍ എന്തൊക്കെയാണ്?
കേരള സര്‍ക്കാരിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഡയറക്ടറായി പ്രവര്‍ത്തിക്കുകയാണ്. ഒരുപാട് പരിശീലന പ്രോഗ്രാമുകള്‍ ചെയ്യുന്ന സ്ഥാപനമാണത്. മുമ്പ് ഏറ്റെടുത്ത ഉത്തരവാദിത്തങ്ങള്‍ വച്ച് നോക്കുമ്പോള്‍ അത്ര ബുദ്ധിമുട്ടുള്ള ജോലിയല്ല. എന്നാല്‍ നല്ല രീതിയില്‍ ശ്രദ്ധ വേണ്ട ജോലിയും. മെന്റല്‍ സ്ട്രെയിന്‍ കുറവാണ്. വായിക്കാനും എഴുതാനുമൊക്കെ സമയമുണ്ട്.
ഐ.എ.എസ് എന്ന സ്വപ്നം കണ്ടു തുടങ്ങിയത് എങ്ങനെയാണ്?
കേരള യൂണിവേഴ്സിറ്റിയില്‍ പ്രസിദ്ധീകരണവിഭാഗത്തില്‍ ജോലി ചെയ്യുന്ന സമയത്താണ് അധ്യാപകനായി ജോലി ലഭിക്കുന്നത്. ഒരു വര്‍ഷത്തോളം അവിടെ ജോലി ചെയ്തു. അതിനുശേഷം സിവില്‍ സര്‍വീസ് ലഭിച്ചു. എം.എ റാങ്കോടെ പാസായ സമയത്തൊക്കെ ഐ.എ.എസ് എന്ന മോഹം മനസിലുണ്ടായിരുന്നു. ആദ്യത്തെ ശ്രമം പിഴച്ചെങ്കിലും തോറ്റ് പിന്മാറാന് തയാറായിരുന്നില്ല.
ആദ്യമായി സിവില്‍ സര്‍വീസ് എക്സാം എഴുതി റിസള്‍ട്ട് വന്നപ്പോഴാണ് പരീക്ഷയെക്കുറിച്ച് ഏകദേശ ധാരണയുണ്ടായത്. അതോടെ ആഴത്തിലും പരപ്പിലുമുള്ള പഠനം ആവശ്യമാണെന്ന് മനസിലായി. അതിന് മുമ്പ് എങ്ങനെ പഠിക്കണമെന്നൊന്നും പറഞ്ഞു തരാന്‍ ആരുമുണ്ടായിരുന്നില്ല. ഇഛ്ചാശക്തിയൊന്ന് മാത്രമാണ് എന്നെ മുന്നോട്ട് നയിച്ചത്. ശരിക്കുമതൊരു സെല്‍ഫ് ട്രെയിനിംഗ് തന്നെയായിരുന്നു. അന്ന് യൂണിവേഴ്സിറ്റി കോളേജില്‍ ഒരു കോച്ചിംഗ് സെന്റര്‍ ഉണ്ടായിരുന്നു. രണ്ടുദിവസം ക്ലാസ് അറ്റന്‍ഡ് ചെയ്തെങ്കിലും സമയം നഷ്ടപ്പെടുകയേ ഉള്ളൂ എന്ന് മനസിലായതോടെ ഐ.എ.എസ് എന്ന സ്വപ്നത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് നാലഞ്ച് മാസം പഠിച്ചു. ആ പരിശ്രമം വെറുതെയായില്ല.
കുട്ടിക്കാലത്തെ കുറിച്ച്? സംവിധായകന്റെ മകന് എന്ന നിലയില്‍ അക്കാലത്ത് സിനിമ സ്വാധീനിച്ചിരുന്നോ?
വീട്ടിലെ മൂന്ന് ആണ്മക്കളില് മൂത്ത ആളാണ് ഞാന്‍. അച്ഛന് സിനിമ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കൂടുതല്‍ സമയവും മദിരാശിയിലായിരുന്നു. അമ്മ വളരെ സ്ട്രോങ്ങായ വ്യക്തിയാണ്. വളരെ അച്ചടക്കത്തിലാണ് ഞങ്ങളെ വളര്‍ത്തിയത്. ഏകാകിയായ ഒരു കുട്ടിയായിരുന്നു ഞാനന്ന്. കോളേജ് പഠനകാലത്തൊക്കെ വിദ്യാര്‍ത്ഥി പ്രസ്ഥാന പ്രവര്‍ത്തനങ്ങളിലൊക്കെ സജീവമായിരുന്നു. മൂത്ത മകന് എന്ന ഉത്തരവാദിത്തമുള്ളതുകൊണ്ട് ഓവര്‍ മെച്വര്‍ ആയിരുന്നു എന്നും പറയാം. ധര്‍മ്മ പുത്രനെന്നാണ് എന്നെ വിളിച്ചിരുന്നത്. ബാല്യത്തിലെ ആ അച്ചടക്കം പലപ്പോഴും ഉപകാരപ്പെട്ടിട്ടേ ഉള്ളൂ.
1960 70 കാലഘട്ടത്തിലാണ് അച്ഛന് സിനിമയില്‍ സജീവമായിരുന്നത്. എനിക്കന്ന് തിരിച്ചറിവുള്ള പ്രായമാണ്. അച്ഛന്റെ സിനിമകളെല്ലാം ഞാനും അമ്മയും കാണുമായിരുന്നു. അഭിപ്രായങ്ങളും വിമര്‍ശനങ്ങളും നേരിട്ട് പറയും. കെ.എസ് സേതുമാധവനെയൊക്കെപ്പോലെ നല്ല നോവലുകള്‍ എടുത്ത് സിനിമയാക്കണമെന്ന നിര്‍ദേശങ്ങളൊക്കെ പറയുമായിരുന്നു. സിനിമയെ ജീവിതമാര്‍ഗമെന്ന നിലയിലാണ് അച്ഛന് കണ്ടിരുന്നത്. എങ്കിലും അഗ്നിപുത്രി, കാവ്യമേള, കാട്ടുതുളസി എന്നിങ്ങനെ നല്ല സിനിമകളും അച്ഛന് സംവിധാനം ചെയ്തിട്ടുണ്ട്. അച്ഛനിലെ സംവിധായകന്റെ ഗുണങ്ങളും തെറ്റുകളുമൊക്കെ കണ്ടറിഞ്ഞാണ് ഞാന്‍ വളര്‍ന്നത്.
ഞങ്ങളുടെ കുടുംബത്തിന്റെ വരുമാനമാര്‍ഗമെന്നതിലുപരി മക്കളുടെ ജീവിതമാര്‍ഗമായി സിനിമയെ മാറ്റാന്‍ അച്ഛന് അനുവദിച്ചിരുന്നില്ല. ധാരാളം സിനിമകളൊക്കെ കാണുമായിരുന്നെങ്കിലും അന്നെന്റെ മുമ്പില്‍ സിനിമ എന്നത് ഒരു ഓപ്ഷനായിരുന്നില്ല. പഠനത്തില്‍ മാത്രമാണന്ന് ശ്രദ്ധിച്ചത്. പഠനമൊക്കെ കഴിഞ്ഞാണ് ഗാനരചയിതാവായത്. സിനിമയ്ക്ക് വേണ്ടി പാട്ടുകളെഴുതണമന്നെ ആഗ്രഹമുണ്ടായിരുന്നു. ബി.എസ്.സിക്ക് പഠിക്കുമ്പോള്‍ ഒഴിവുകാലം എന്ന ചിത്രത്തിന് വേണ്ടി ഒരു പാട്ടെഴുതിയിരുന്നു. സിനിമയുമായി ബന്ധപ്പെട്ട് മറ്റു ജോലികളെക്കുറിച്ചൊന്നും ചിന്തിച്ചുമില്ല. പിന്നീട് ഐ.എ.എസൊക്കെ കിട്ടി നാലോ അഞ്ചോ വര്‍ഷങ്ങള്‍ക്കുശേഷമാണ് പാട്ടുകളെഴുതിയത്. അന്ന് അച്ഛനെതിര്പ്പൊന്നും ഉണ്ടായിരുന്നില്ല. പിന്നെ ഇപ്പോഴാണ് സംവിധാനമോഹമൊക്കെ തോന്നിയത്.
സാഹിത്യ ജീവിതത്തെ കുറിച്ച്?
എന്റെ എഴുത്തുജീവിതത്തിന്റെ പ്രധാന വഴി കവിതാരചനയാണ്. ധാരാളം കവിതകള്‍ വായിക്കാനും എഴുതാനുമൊക്കെ ഇഷ്ടമായിരുന്നു. കോളജില്‍ മാഗസിന് എഡിറ്ററായിരുന്നു. അക്കാലത്ത് കുമാരനാശാന്റെ എല്ലാ കൃതികളും വായിക്കുകയും ആശാനെക്കുറിച്ച് പുസ്തകമെഴുതുകയും ചെയ്തു.
ബി.എസ്.സി സുവോളജി പഠിച്ച ഞാന്‍ എം.എക്ക് മെയിനായി തെരഞ്ഞെടുത്തത് ഇഗ്ലീഷ് ലിറ്ററേച്ചറാണ്. ആ വര്‍ഷങ്ങളിലുണ്ടായ ആഴത്തിലുള്ള വായനയിലൂടെയാണ് കവിതയെക്കുറിച്ചുള്ള എന്റെ ധാരണകളൊക്കെ മാറുന്നത്. അന്നുവരെ പ്രണയഗീതങ്ങളും ആ പ്രായത്തിന്റേതായ മോഹഭംഗങ്ങളുമൊക്കെ എഴുതി കഴിഞ്ഞിരുന്ന ഞാന്‍ വായനയിലൂടെ ആധുനികരായ കവികളെ ആഴത്തില്‍ മനസിലാക്കി. ആധുനിക കവികള്‍ ജ്വലിച്ച് നില്ക്കുന്ന കാലമാണത്. കടമ്മനിട്ടയാണ് അന്നത്തെ താരം. ബാലചന്ദ്രന് ചുള്ളിക്കാടുമന്ന് അറിയപ്പെടുന്ന കവിയാണ്. അവരുടെ കവിയരങ്ങുകളിലൊക്കെ പങ്കെടുക്കുമായിരുന്നു. അതോടെ കവിതകളെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങളൊക്കെ മാറി. നാല് വര്‍ഷത്തോളം ഞാന്‍ കവിതകളെഴുതിയില്ല.
പിന്നീട് 1982, 83 കാലഘട്ടത്തിലാണ് എഴുതി തുടങ്ങിയത്. പിന്നീടങ്ങോട്ട് കവിതാസാഹിത്യത്തില്‍ എന്റേതായൊരു ശബ്ദം നേടി, സ്വന്തമായൊരു വഴി അന്വേഷിക്കുകയായിരുന്നു. 1985 ലാണ് ഞാന്‍ ആദ്യത്തെ കവിതാസമാഹാരമെഴുതുന്നത്. പിന്നീട് പത്തോളം കവിതാസമാഹാരങ്ങളടക്കം നാല്‍പ്പതിലേറെ പുസ്തകങ്ങളെഴുതി. എം.എ പഠനകാലത്തുതന്നെ എഴുത്തിന്റെ വഴിയിലൂടെ സഞ്ചരിക്കണമെന്ന് തീരുമാനിച്ചിരുന്നു. ഐ.എ.എസ് എന്ന പ്രലോഭനത്തിനിടയിലും സാഹിത്യത്തോടുള്ള താല്പര്യം ഉപേക്ഷിക്കാനായില്ല. എന്നെ സംബന്ധിച്ചിടത്തോളം ഐ.എ.എസ് എന്നത് ഉപജീവനവും സിനിമ ഫാസിനേഷനും സാഹിത്യം എന്റെ പാഷനുമായിരുന്നു.
സാഹിത്യത്തില്‍ വിവര്‍ത്തനവും പ്രിയപ്പെട്ടതുതന്നെ. സത്യത്തില്‍ അതൊരു തപസ്യയാണെന്നും പറയാം. പാഷന് ഒന്നുകൊണ്ടുമാത്രമാണ് പല കൃതികളും പരിഭാഷപ്പെടുത്തിയത്. ഒരു കവിതയെഴുതുന്നതിനേക്കാള്‍ അധ്വാനം വേണം ഒരുകൃതി പരിഭാഷപ്പെടുത്താന്‍. ഓരോ വരികളിലും ആ കവി എന്താണ് ഉദ്ദേശിക്കുന്നതെന്ന് നമ്മള് കണ്ടെത്തണം, അതിന് തുല്യമായ പദങ്ങള്‍ ഭംഗിയോടെ അണിയിച്ചൊരുക്കിയാല്‍ മാത്രമേ ആ കൃതിയെ തനിമചോരാതെ പരിഭാഷപ്പെടുത്താന്‍ കഴിയൂ.
ടാഗോറിന്റെ ഒരു കൃതി പരിഭാഷപ്പെടുത്തിയിട്ട് അതിന്റെ ഗരിമ നഷ്ടപ്പെട്ടാലോ? റൂമിയുടെ കവിതയുടെ പരിഭാഷ ക്ലിഷ്ടമായാലോ? ജിബ്രാന് കവിത വിവര്‍ത്തനം ചെയ്യുമ്പോള്‍ അതിന്റെ ഡെപ്ത് നഷ്ടപ്പെട്ടാലോ? ആ കവിതകളുടെ ജീവന് നഷ്ടമാകില്ലേ. ഒരു കവിയുമായി മാനസികമായി സമരസപ്പെടുക. ആ സമരസപ്പെടലിനെ നമ്മുടെ ഭാഷയിലൂടെ ആവിഷ്കരിക്കുക എന്ന വലിയൊരു ചലഞ്ചാണ് പരിഭാഷപ്പെടുത്തല്‍. ശരിക്കുമൊരു തപസ് എന്നു പറയാം. ഇഷ്ടമില്ലാത്ത കവിയുടെ കവിതകള്‍ ആരും പരിഭാഷപ്പെടുത്തില്ല. നമ്മളേക്കാള്‍ സ്നേഹം തോന്നുന്ന കവിയെ മാത്രമേ പരിഭാഷപ്പെടുത്താന്‍ കഴിയൂ.
വളരെയേറെ സമയമെടുത്തേ ഓരോ കൃതിയും പരിഭാഷപ്പെടുത്താനാകൂ. ഒരു വര്‍ഷമെടുത്താണ് ടാഗോറിന്റെ ഗീതാഞ്ജലി പരിഭാഷപ്പെടുത്തിയത്. കബീറിന്റെ കവിതകള്‍ നാലുമാസം കൊണ്ടും ജിബ്രാന്റെ മനുഷ്യപുത്രനായ യേശു ആറു മാസംകൊണ്ടുമാണ് പരിഭാഷപ്പെടുത്തിയത്. പരിഭാഷ എന്നത് അധ്വാനം നിറഞ്ഞ പണിയാണെങ്കിലും അതിന്റെ അവസാന വരിയും പരിഭാഷപ്പെടുത്തി കഴിയുമ്പോള്‍ എനിക്ക് എന്തെന്നില്ലാത്ത നഷ്ടബോധമാണ്. അടുത്ത ദിവസം മുതല്‍ കവിയുടെ വലിയ മനസിനോടൊപ്പം സഞ്ചരിക്കാന്‍ എനിക്ക് ആവില്ലല്ലോ. അത് ഞാന്‍ മനുഷ്യപുത്രനായ യേശുവിന്റെ അവസാനഭാഗത്ത് പറഞ്ഞിട്ടുമുണ്ട്.
എന്റെ കവിതകള്‍ വായിച്ചവര്‍ക്കറിയാം, അവയൊന്നും പ്രകാശത്തെ ഉപാസിക്കുന്നവയല്ല, മറിച്ച് സാമൂഹികമായ യാഥാര്‍ത്ഥ്യങ്ങളെ, ചൂഷണങ്ങളെ, ഞാനെന്ന വ്യക്തിയുടെ ചില പ്രശ്നങ്ങളെ ചിത്രീകരിക്കുന്നവയാണ്.
വിദ്യാഭ്യാസകാലത്തും ഒരു സാധാരണക്കാരനായി നടന്ന സമയത്തുമൊക്കെ എല്ലാ തരത്തിലുള്ള ആളുകളുമായി ഒത്തുനടന്നിരുന്ന ആളാണ് ഞാന്‍. അതില്‍ നിന്നൊക്കെ പെട്ടെന്ന് മാറ്റപ്പെട്ട് ഒരു ഐ.എ.എസ് ഉദ്യോഗസ്ഥന്റെ സൗകര്യങ്ങളിലേക്ക് മാറപ്പെടുമ്പോള്‍ വിലയൊരു സംഭ്രമമായിരുന്നു തോന്നിയിരുന്നത്.
ഞാന്‍ ഇഷ്ടപ്പെടുന്ന ലോകത്തില്‍ നിന്ന്,പരിചിതമായഭൂമിയില് നിന്ന് ഒക്കെ ഒഴിവാക്കപ്പെട്ടു എന്നൊരു കവിയുടേതായ ഒറ്റപ്പെടല്‍ അനുഭവപ്പെടാറുണ്ട്. അതുകൊണ്ടാണ് 1985 ല്‍ ഇറങ്ങിയ ആദ്യ കഥാസമാഹാരത്തിന് ഒറ്റപ്പെട്ടവന്റെ പാട്ട് എന്ന് പേര് നല്‍കിയത്. അത് വായിച്ചപ്പോള്‍ പലരും ചോദിച്ചു എപ്പോഴും ആളുകള്‍ക്ക് നടുവിലാണല്ലോ? പിന്നെ എങ്ങനെയാണ് ഒറ്റപ്പെടല്‍ അനുഭവപ്പെടുന്നതെന്ന്. ആന്തരികമായമായ ഒറ്റപ്പെടലാണത്.
ഐ.എ.എസ് ഉദ്യോഗസ്ഥന് എന്ന നിലയില്‍ ഔദ്യോഗികമായി സംഘര്‍ഷങ്ങളോ അപകടങ്ങളോ ഒന്നുമുണ്ടായിട്ടില്ലെങ്കിലും വൈകാരികമായ ഒറ്റപ്പെടല്‍ അനുഭവപ്പെട്ടു. ഒരു സാധാരണക്കാരനായ യുവാവ് ഐ.എ.എസ് എന്ന സമുന്നത മേഖലയില്‍ എത്തപ്പെട്ടപ്പോള്‍ സ്വന്തം വേരുകള്‍ പറിഞ്ഞ് പോകുന്നു, ചുറ്റും മതിലുകള്‍ ഉണ്ടാകുന്നു എന്ന തോന്നല്‍ എന്നില്‍ ഉണ്ടായി.
പക്ഷേ അക്കാദമിക് പണ്ഡിതന്മാര് കെ ജയകുമാറിന്റെ കവിതയില്‍ എന്തെങ്കിലും സത്ത ഉണ്ടോ എന്ന് അന്വേഷിച്ചിട്ടില്ല. ഐ.എ.എസുകാരന്റെ കവിത എന്ന് പറഞ്ഞ് തള്ളുക എന്നത് പൊള്ളത്തരമാണ്. എന്റെ പുസ്തകങ്ങളില്‍ പേരിനൊപ്പം ഐ.എ.എസ് എന്നു ചേര്‍ക്കരുതെന്ന് പറയാറുണ്ട്. പക്ഷേ ആ നിലപാടുകള്‍ കപടമാണ് എന്ന് പലരും പറയും. എത്രകാലം കപടത കൊണ്ടുനടക്കാന്‍ കഴിയും. എന്നെങ്കിലുമൊരിക്കല്‍ അത് പൊളിയില്ലേ? എന്റെ കവിതകള്‍ നല്ലതാണെന്ന് പറയുന്ന ചിലര്‍ കവിതകളെന്ന് വിശേഷിപ്പിച്ചത് ചന്ദനലേപ സുഗന്ധം എന്നതടക്കമുള്ള പാട്ടുകളെയാണ്.
അവര്‍ എന്റെ കവിതകള്‍ വായിച്ചിട്ടുണ്ടോ എന്നറിയില്ല. ഒരുപക്ഷേ എന്റെ കവിതകളിലേക്ക് കടക്കുന്നതിന് സിനിമ ഒരുവിഭാഗം ആളുകളെ തടസപ്പെടുത്തിയിട്ടുണ്ടാവാം. പാട്ടെഴുത്തുകാരന് എന്ത് ഉദാത്തമായ കവിത എന്ന ചോദ്യം മലയാളികളുടെ മുന്‍വിധിയുടെ ഭാഗമായിട്ട് ഉണ്ടായിക്കൂടെന്നില്ല. പക്ഷേ കവിതകള്‍ നല്ലതാണെങ്കില്‍ ആളുകള്‍ വായിക്കും. ചര്‍ച്ച ചെയ്യപ്പെടും. അങ്ങനെയേ ഞാന്‍ വിചാരിക്കുന്നുള്ളൂ.
സിനിമ ഗാനരചയിതാവ് എന്ന നിലയില്‍ സംതൃപ്തനാണോ?
കുറച്ചുകൂടി ശ്രമിച്ചിരുന്നെങ്കില്‍ കൂടുതല്‍ സിനിമകള്‍ ചെയ്യാമായിരുന്നു. പക്ഷേ ഉയര്‍ന്ന പദവിയില്‍ ഇരിക്കുന്ന ഞാന്‍ ആ പദവി ദുരുപയോഗപ്പെടുത്തി എന്ന വിമര്‍ശനം കേള്‍ക്കാന്‍ ആഗ്രഹിച്ചിരുന്നില്ല. എങ്കിലും ജോലി തടസപ്പെടാത്ത രീതിയില്‍ 100 ലേറെ ചിത്രങ്ങള്‍ക്കുവേണ്ടി പാട്ടുകളെഴുതി. കുട്ടിക്കാലം മുതല്‍ പാട്ടുകളെഴുതുകയും അവ വയലാറിന്റെയൊക്കെ പാട്ടുകളുമായി കംപെയര് ചെയ്ത് എന്റെ വരികളുടെ പ്രശ്നമെന്താണെന്നൊക്കെ പഠിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഒരുതരത്തില്‍ ഏകലവ്യന്റേതുപോലൊരു പരിശീലനം എന്നു പറയാം. ആ ധൈര്യത്തിലാണ് ഒഴിവുകാലം എന്ന ചിത്രത്തിന് വേണ്ടി ആദ്യമായി ഗാനരചന നടത്തിയത്. പിന്നീട് നീലക്കടമ്പ് എന്ന ചിത്രത്തിന് വേണ്ടി എഴുതിയ കുടജാദ്രിയില്‍... എന്ന ഗാനം ഹിറ്റായി. കാണാക്കുയില്‍ എന്ന ചിത്രത്തിന് വേണ്ടി എഴുതിയ പാട്ടിലൂടെ ചിത്രയ്ക്ക് അവാര്‍ഡ് കിട്ടി.
ഒരു വടക്കന്‍ വീരഗാഥയിലെ കളരിവിളക്കു തെളിഞ്ഞതാണോ... ചന്ദന ലേപസുഗന്ധം... നീലക്കടമ്പിലെ കുടജാദ്രിയില്‍ കുടികൊള്ളും... കിഴക്കുണരും പക്ഷിയിലെ സൗപര്ണികാമൃത വീചികള്‍... പക്ഷെയിലെ സുര്യാംശുവോരോ വയല്പൂവിലും... തുടങ്ങിയ പാട്ടുകളൊക്കെ ഹിറ്റായിരുന്നു. കൂടാതെ നാടകഗാനങ്ങള്‍, ലളിതഗാനങ്ങള്‍ അങ്ങനെ കുറേയേറെ പാട്ടുകള്‍ എഴുതാന്‍ കഴിഞ്ഞു. തിരക്കേറിയ ഔദ്യോഗിക ജീവിതത്തിനിടയില്‍ ഇത്രയുമൊക്കെ ചെയ്യാന്‍ കഴിഞ്ഞല്ലോ എന്നാണ് ചിന്തിക്കുന്നത്.
തുഞ്ചത്തെഴുത്തച്ഛന്‍ മലയാളസര്‍വ്വകലാശാലയുടെ ആദ്യ വൈസ് ചാന്‍സലറാണ്. സര്‍വകലാശാലയുടെ വളര്‍ച്ച നോക്കി കണ്ട ആളാണ്?
ഒരു യൂണിവേഴ്സിറ്റി സ്ഥാപിതമാകുമ്പോള്‍ ക്യാബിനറ്റിന് ആദ്യത്തെ വി.സിയെ നിയമിക്കാന്‍ അധികാരമുണ്ട്. പ്രോജക്ട് മുമ്പോട്ടുപോകുന്നുണ്ടെങ്കിലും സര്‍വകലാശാലയുടെ വൈസ് ചാന്‍സിലര്‍ ആരാണെന്ന് അറിയിപ്പൊന്നും ലഭിക്കുന്നില്ല. ആ സമയത്താണ് റിട്ടയര്‍മെന്റിന് ശേഷം എന്താണ് ഭാവി പരിപാടികള്‍ എന്ന് എന്നോട് ചോദിക്കുന്നത്, എഴുത്ത്, വായന എന്നതില്‍ കവിഞ്ഞ് മറ്റൊന്നും ഞാന്‍ ആലോചിച്ചിരുന്നില്ല. മലയാള സര്‍വകലാശാലയുടെ വി.സി ആയിക്കൂടെ എന്ന ചോദ്യം തള്ളിക്കളയാനായില്ല. അങ്ങനെ ചരിത്രപരമായ ആ പദവിയും എന്നെ തേടിയെത്തി. അപ്പോഴും പല കാര്യങ്ങളിലും അനിശ്ഛിതത്വം നിലനില്‍ക്കുകയാണ്, ഏതൊക്കെ കോഴ്സുകള്‍ പഠിപ്പിക്കും, എങ്ങനെ വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കും, അധ്യാപകരുടെ നിയമനം അങ്ങനെ നൂലാമാലകളേറെയായിരുന്നു. എങ്കിലും പ്രതിസന്ധികളെയെല്ലാം അതിജീവിച്ച് 2012 ആഗസ്റ്റ് 15 ന് മലയാള സര്‍വകലാശാല നിലവില്‍ വന്നു. 20 ാം തിയതി ക്ലാസ് തുടങ്ങി.
സാധാരണ ഒരു യൂണിവേഴ്സിറ്റി പോലെ ആവരുത്, ഒരു പ്രീമിയര്‍ യൂണിവേഴ്സിറ്റിയാവണം മലയാളം സര്‍വകലാശാല എന്ന ഉദ്ദേശത്തോടെയാണ് ഓരോ കാര്യങ്ങളും ചെയ്തത്. ഒട്ടും എളുപ്പമുള്ള ജോലി ആയിരുന്നില്ല അത്. ദിവസങ്ങള്‍ പിന്നിടുന്തോറും സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കി. പത്തോളം എം.എ കോഴ്സുകള്‍ തുടങ്ങി. എല്ലാ വര്‍ഷവും ഫെബ്രുവരിയില്‍ സാഹിതി അന്തര്‍ യൂണിവേഴ്സിറ്റി സാഹിത്യോത്സവവും ചിത്രസാഹിതി എന്ന പേരില്‍ ഫിലിം ഫെസ്റ്റിവലും നടത്തി. കൂടാതെ പരിഭാഷ പ്രോജക്ടുകള്‍, പ്രസാധകര് ഏറ്റെടുക്കാത്ത സാഹിത്യരൂപങ്ങള്‍ പ്രസിദ്ധീകരിക്കാനുള്ള ഒരു പ്രസിദ്ധീകരണ വിഭാഗം, മികച്ച സൗകര്യങ്ങളുള്ള കെട്ടിടം, വിശിഷ്ടമായൊരു ലൈബ്രറി എന്നിവയൊക്കെയുണ്ടാക്കി.
അതെല്ലാം ഒരു നിയോഗം പോലെയാണ് തോന്നിയത്. ഞാനതിനോട് നീതി പുലര്‍ത്തി എന്നാണ് വിശ്വാസം. മലയാള സര്‍വകലാശാലയുടെ സ്ഥാപനത്തിനായി നിയുക്തനായതിനും അതിന്റെ വളര്‍ച്ചയില്‍ പങ്ക് വഹിച്ചതിലുമെല്ലാം ചാരിതാര്‍ഥ്യമുണ്ട്. ഒരു ഐ.എ.എസ് ഓഫീസര്‍ എന്നതിലുപരി സാഹിത്യരംഗത്തും എനിക്ക് ലഭിച്ച ക്രെഡിബിലിറ്റിയാണ് അത്തരമൊരു ചരിത്ര പദവി വഹിക്കാന്‍ എന്നെ സഹായിച്ചത്. വൈസ്ചാന്സിലറാകാന് എനിക്ക് യോഗ്യതയില്ലെന്ന് ആരും പറഞ്ഞില്ല. പറയാന്‍ അവസരമുണ്ടാക്കിയില്ല എന്നതാണ് സത്യം. എഴുത്തുകാരടക്കമുള്ള സമൂഹത്തിലെ ഒരുപാട് പേരുടെ സഹകരണം ഉണ്ടായി. എല്ലാവരുടേയും സഹകരണം കുറച്ചൊന്നുമല്ല എന്നെ സഹായിച്ചത്.
17 ചിത്രപ്രദര്‍ശനങ്ങള്‍ നടത്തി. ചിത്രകല പഠിച്ചിട്ടുണ്ടോ ?
ലൈന്‍ ഡ്രോയിങ് ചെയ്യുമായിരുന്നു. കൈ തെളിയിക്കാനെന്ന പോലെ ചെറിയൊരു കോഴ്സ് ചെയ്തതല്ലാതെ ശാസ്ത്രീയമായി പഠിച്ചിട്ടൊന്നുമില്ല. ഡല്‍ഹിയില്‍ കേന്ദ്ര സാംസ്കാരിക വകുപ്പ് ജോയിന്റ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന സമയത്ത് ഒരുപാട് ചിത്രപ്രദര്‍ശനങ്ങള്‍ കാണാനും ചിത്രകാരന്മാരെ പരിചയപ്പെടാനും കഴിഞ്ഞു. പലരുടേയും സ്റ്റുഡിയോയില്‍ പോവുകയും അവരുടെ പ്രവര്‍ത്തനശൈലി കാണുകയും ചെയ്തപ്പോള്‍ ചിത്രകല എനിക്കും വഴങ്ങുമെന്ന് തോന്നി.
അച്ഛന്റെ പാത പിന്തുടര്ന്ന് സംവിധായകന്റെ കുപ്പായവുമണിഞ്ഞല്ലോ?
സംവിധാനത്തോടുള്ള ആസക്തി അന്നും ഇന്നും മനസിലുണ്ട്. കുറേക്കാലം വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിച്ചപ്പോഴുള്ള അനുഭവങ്ങളൊക്കെ ഉള്‍ക്കൊള്ളിച്ചാണ് വര്‍ണ്ണച്ചിറകുകള്‍ എന്ന കുട്ടികളുടെ സിനിമ സംവിധാനം ചെയ്തത്. അച്ഛനാണ് സ്വിച്ച് ഓണ്‍ ചെയ്തത്. ആദ്യമൊക്കെ ടെന്‍ഷനുണ്ടായിരുന്നു. ഷൂട്ടിന്റെ ആദ്യദിവസം ഉച്ചയോടെ സിനിമയെക്കുറിച്ചുള്ള ആശങ്കയൊക്കെ മാറി. പിന്നീട് വാഗ്ഭടാനന്ദ ഗുരുവിനെ പറ്റി ഒരു ഡോക്യുമെന്ററി ചെയ്തു. എന്റെ അച്ഛനെക്കുറിച്ചൊരു ഡോക്യുമെന്ററി ചെയ്യാന്‍ പോകുന്നു. ഒരു സിനിമ ചെയ്യുന്നതിനെ പറ്റി കാര്യമായി ചിന്തിക്കുന്നുണ്ട്.
കുടുംബം?
ഔദ്യോഗിക ചുമതലകളും കുടുംബവും എഴുത്തും വായനയുമൊക്കെയായി ലളിതമായ ജീവിതം നയിക്കുന്നു. ഭാര്യയുമൊത്ത് തിരുവനന്തപുരത്താണ് താമസം. മകനും കുടുംബവും തിരുവനന്തപുരത്തുണ്ട്. മകളും കുടുംബവും വിദേശത്താണ്. മൂന്ന് പേരക്കുട്ടികളാണ് ഞങ്ങള്‍ക്ക്.
സര്‍വകാശാല പ്രാവര്‍ത്തികമാക്കുന്നതിനുള്ള റിപ്പോര്‍ട്ട് തയാറാക്കുന്നതിനായി സ്പെഷ്യല്‍ ഓഫീസറായി നിയമിച്ചതോടെയാണ് ഞാനാ പ്രോജക്ടിന്റെ ഭാഗമായത്. എഴുത്തച്ഛന്റെ പേരില്‍ മലയാളം സര്‍വകലാശാല എന്ന ആശയമല്ലാതെ എങ്ങനെ അത് നടപ്പിലാക്കണമെന്ന പ്രോജക്ട് റിപ്പോര്‍ട്ടൊന്നും അന്നുണ്ടായിരുന്നില്ല. മലയാള സര്‍വകലാശാല സ്വരൂപം എന്ന പേരില്‍ ഞാന്‍ തയാറാക്കിയ റിപ്പോര്‍ട്ടാണ് സര്‍വകലാശാലയുടെ ആദ്യത്തെ ജാതകം. ആ റിപ്പോര്‍ട്ട് ക്യാബിനറ്റ് അംഗീകരിക്കുകയും നിര്മ്മാണപ്രവര്ത്തനമടക്കമുള്ള കാര്യങ്ങള്‍ക്ക് ഫണ്ട് അനുവദിക്കുകയും ചെയ്തു.
അങ്ങനെ ഒരുദിവസം അഞ്ച് ക്യാന്‍വാസും വാങ്ങി വീട്ടിലെത്തി. ലളിതകലാ അക്കാദമിയുടെ ഗാലറിയില്‍ ചിത്രപ്രദര്‍ശനം നടത്തുന്നതിനായി ആറു മാസത്തിനുശേഷമുള്ള ഒരു ഡേറ്റ് ബ്ലോക്ക് ചെയ്തശേഷം വരച്ചു തുടങ്ങി. ആദ്യത്തെ കാന്വാസുകളൊക്കെ ചീത്തയായി. പക്ഷേ ഒരുമാസം കൊണ്ട് ഞാനും പെയിന്റും ക്യാന്‍വാസും തമ്മിലുള്ള യുദ്ധത്തിന് വിരാമമായി. പിന്നീടിങ്ങോട്ട് 17 ലേറെ പ്രദര്‍ശനങ്ങള്‍ നടത്തി. പ്രദര്‍ശനത്തില്‍ വിറ്റ്പോകുന്ന ചിത്രങ്ങളുടെ വില ട്രസ്റ്റുകള്‍ക്ക് നല്‍കുകയാണ് പതിവ്.
ഞാന്‍ വരച്ചു തുടങ്ങിയപ്പോള്‍ പലര്‍ക്കും കൗതുകമായിരുന്നു. ഈ പ്രായത്തില്‍ തിരക്കിനിടയില്‍ ഇതുംകൂടി വേണോ എന്ന് പലരും ചോദിച്ചു. ചിത്രകലാപാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ചിട്ടും യാദൃശ്ചികമെന്നോണം രവീന്ദ്രനാഥ ടാഗോര്‍ 65 ാം വയസിലാണ് വരച്ചു തുടങ്ങിയത്. അതിലും നേരത്തെയാണ് ഞാന്‍ തുടങ്ങിയത് എന്നായിരുന്നു എന്റെ മറുപടി. ടാഗോറിന്റെ കൃതികളുടെ പ്രകാശമുള്ളവയായിരുന്നില്ല ആ പെയിന്റിങ്ങുകള്‍.
ഒരു കവി തന്റെ മനസില്‍ കിടക്കുന്ന ആശയങ്ങളെ വാക്കുകളിലൂടെ പകര്‍ത്താന്‍ ശ്രമിച്ചാലും ചിലപ്പോഴതിന് കഴിയില്ല. അങ്ങനെ പകര്‍ത്താന്‍ കഴിയാത്ത ചില ആശയങ്ങളെയാണ് ക്യാന്‍വാസിലേക്ക് പകര്‍ത്തുന്നത്. എന്താണോ മനസില്‍ ഉള്ളത്, അതേപടി ക്യാന്‍വാസിലേക്ക് പകര്‍ത്തുന്നു. അതൊരു പരിഭാഷപ്പെടുത്തലല്ല. ചിത്രങ്ങള്‍ക്ക് വ്യാഖ്യാനങ്ങള്‍ വേണ്ട. അതായിരിക്കണം പെയിന്റ് ചെയ്യുന്നതിന് പിന്നിലുള്ള ചോദന എന്നാണ് തോന്നുന്നത്.