Authored by Web Desk | Last updated: 20 Nov 2016, 2:46 PM | 1 min read
ലഖ്നൗ: ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 100 ആയി. പാറ്റ്ന-ഇന്‍ഡോറ എക്സ്പ്രസ് ആണ് അപകടത്തില്‍പ്പെട്ടത്. കാണ്‍പൂര്‍ ജില്ലയിലെ പുഖ്റ്യാനില് ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ഇരുനൂറിലേറെ പേര്‍ക്ക് പരുക്കേറ്റു.
ട്രെയിന്റെ പതിനാല് കോച്ചുകളാണ് പാളം തെറ്റിയത്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. സൈനികരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. ആര്‍മി ഡോക്ടര്‍മാരും പാരാമെഡിക്കല്‍ ജീവനക്കാരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്.
റെയില്‍വേ മന്ത്രി മനോജ് സിന്‍ഹ സ്ഥലത്തെത്തിയിട്ടുണ്ട്. പാറ്റ്ന റെയില്‍വേ സ്റ്റേഷനില്‍ ഹെല്‍പ്പ് ഡെസ്ക്കും തുറന്നിട്ടുണ്ട്. വാരണാസിയില്‍ നിന്ന് ദേശീയ ദുരന്ത നിവാരണ സേനയുടെ രണ്ട് ടീമുകളും അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്. ട്രെയിന്റെ രണ്ട് കോച്ചുകള്‍ കൂടി ഇനിയും ഉയര്‍ത്താനുണ്ട്. അതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കുമെന്ന് ഉത്തര്‍പ്രദേശ് ഡി.ജി ജാവേദ് അഹമ്മദ് പറഞ്ഞു.
76ഓളം പേരുടെ പരുക്ക് ഗുരുതരമാണെന്ന് കാണ്‍പൂര്‍ റേഞ്ച് ഐജി സക്കി അഹമ്മദ് പറഞ്ഞു. 150ഓളം പേര് നിസാര പരുക്കുകളോടെ ചികിത്സയിലുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും യു.പി മുഖ്യമന്ത്രി അഖിലേഷ് യാദവും കേന്ദ്രമന്ത്രിമാരും മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.
മരിച്ചവരുടെ ആശ്രിതര്‍ക്ക് പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ സഹായമായി മരിച്ചവര്‍ക്ക് അഞ്ച് ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് 50,000 രൂപയും മുഖ്യമന്ത്രി അഖിലേഷ് യാദവ് പ്രഖ്യാപിച്ചു. റെയില്‍വേയുടെ സഹായമായി മരിച്ചവര്‍ക്ക് 3.5 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ലഭിക്കും.