
അടുത്ത വര്‍ഷം അമേരിക്കയുടെ പ്രഥമ വനിതയായി മാറുമെങ്കിലും ഭര്‍ത്താവിനൊപ്പം തല്ക്കാലം വൈറ്റ്ഹൗസിലേക്ക് ഇല്ലെന്ന് ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപ്. മകന് ബാരണ്‍ ട്രംപിന്റെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് പഠനം പൂര്‍ത്തിയാകുന്ന ജൂണ്‍ വരെ ട്രംപ് ടവറില്‍ തന്നെ ചെലവഴിക്കാനും അത്യാവശ്യം ഉണ്ടെങ്കില്‍ മാത്രം വാഷിംഗ്ടണ്‍ ഡി സി യിലേക്ക് പോകാനുമാണ് മെലാനിയ ഉദ്ദേശിക്കുന്നത്.
ജനുവരി 20 നാണ് ട്രംപ് വൈറ്റ്ഹൗസിലേക്ക് താമസം മാറുന്നത്. അതേസമയം മെലാനിയയുടെ നടപടി ന്യൂയോര്‍ക്ക്കാര്‍ക്ക് ഭീഷണിയായി മാറുകയാണ്. മിഡ് ടൗണ്‍ മാന്‍ഹട്ടണില്‍ ഇത് കൂടുതല്‍ ഗതാഗതക്കുരുക്കും മറ്റും സൃഷ്ടിക്കുമെന്നാണ് ന്യൂയോര്‍ക്ക് കാരുടെ ആശങ്ക. പത്തുവയസ്സുകാരനായ ബാരന്റെ സ്കൂള്‍ തല്ക്കാലം മാറേണ്ടതില്ലെന്നാണ് ട്രംപിന്റെ തീരുമാനം. മകന്റെ ഈ വര്‍ഷത്തെ വിദ്യാഭ്യാസം പഴയ സ്ഥലത്ത് തന്നെ തുടരാനുമാണ് ട്രംപ് ആലോചിക്കുന്നത്. അതേസമയം പ്രസിഡന്റായാലും മാന്ഹട്ടണിലാകും ട്രംപും കുടുതല്‍ സമയം ചെലവഴിക്കുക.
അതേസമയം വാര്‍ത്ത ന്യൂയോര്‍ക്ക്കാരെ കുറച്ചൊന്നുമല്ല പ്രകോപിപ്പിക്കുന്നത്. പ്രസിഡന്റിന്റെ കുടുംബത്തിന് ഏര്‍പ്പെടുത്തുന്ന വലിയ സുരക്ഷാ സംവിധാനങ്ങള്‍ തങ്ങളുടെ സൈ്വര്യജീവിതത്തിന് വിഘാതം സൃഷ്ടിക്കുമെന്നാണ് ഇവര്‍ പറയുന്നത്. സായുധരായ സൈനികര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍, റോഡ് അടച്ചിടലുകള്‍, കാല്‍നടയാത്രക്കാര്‍ക്ക് ഉണ്ടായേക്കാവുന്ന പരിശോധന തുടങ്ങി നഗരത്തിലെ ട്രാഫിക് സാധാരണക്കാര്‍ക്ക് നരകമായി മാറുമെന്ന് ന്യൂയോര്‍ക്ക്കാര്‍ പറയുന്നു. വെള്ളിയാഴ്ച പോലും ലിങ്കണ് ടണലിലേക്ക് നീളുന്ന റോഡിലെ ട്രാഫിക് കടക്കാന്‍ ഡ്രൈവര്‍ മാര്‍ക്ക് ഒരു മണിക്കൂറോളം ചെലവഴിക്കേണ്ടി വന്നിരുന്നു.
ഞായറാഴ്ച ക്രിസ് കോബാക്കുമായുള്ള സംസാരത്തിനിടെയാണ് താന്‍ വൈറ്റ് ഹൗസിലേക്ക് പോകുന്ന വിവരവും മെലാനിയയും മകനും ഇവിടെ തന്നെ തുടരുന്നതും ട്രംപ് പുറത്തുവിട്ടത്. വാര്‍ത്ത ബാരനും പ്രതിസന്ധിയാകുമോ എന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്്. ഇപ്പോള്‍ തന്നെ മകനെ സ്കൂളിലേക്ക് കൊണ്ടുപോകുകയും കൊണ്ടു വരികയും മകനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുകയും മെലാനിയ ചെയ്യാറുണ്ട്. ന്യൂയോര്‍ക്ക് നഗരത്തിലെ അപ്പര്വെസ്റ്റ് സൈഡിലെ കൊളംബിയ ഗ്രാമര്‍ ആന്റ് പ്രിപ്പറേറ്ററി സ്കൂള്‍ വിദ്യാര്‍ത്ഥിയായ ബാരണിന് 44,120 ഡോളറാണ് ഫീസ് നല്‍കുന്നത്.
അതേസമയം 24 കാരറ്റ് സ്വര്‍ണ്ണവും മാര്‍ബിളും പതിച്ച തട്ടോട് കൂടിയ ട്രംപ് ടവര്‍ വൈറ്റ് ഹൗസിനോളം പോന്നതാണെന്നാണ് ട്രംപുമായി ബന്ധമുള്ളവര്‍ പറയുന്നത്്. അതേസമയം ന്യൂയോര്‍ക്ക് നഗരത്തിലെ പോലീസുകാര്‍ക്ക് ഇപ്പോഴേ ട്രംപ് ടവര്‍ പണിയായി മാറിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന് പിന്നാലെ ട്രംപിനെതിരേ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ സുരക്ഷ ഉറപ്പാക്കാന്‍ ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്മെന്റ് രഹസ്യനിരീക്ഷണം നടത്തുന്നുണ്ട്. ഇത് അസാധാരണവും അപ്രതീക്ഷിതവുമായി വെല്ലുവിളി ആയിരിക്കുമെന്നാണ് ന്യൂയോര്‍ക്ക് മേയര്‍ ബില്‍ ഡി ബ്ളാസിയോ തന്നെ പ്രതികരിച്ചിരിക്കുന്നത്.






