2021-ല്‍ യുകെയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിയ്ക്കപ്പെട്ട രണ്ടാമത്തെ കാറായി ടെസ്ലയുടെ ഇലക്ട്രിക് മോഡല്‍ 3. ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട കാര്‍ വോക്സ്ഹാള്‍ കോര്‍സ ആണ്. മോഡല്‍ 3 നിലവില്‍ ലോകത്തെവിടെയും ഏറ്റവും താങ്ങാനാവുന്ന ടെസ്ല മോഡലാണ്. അമേരിക്കന്‍ ഇവി നിര്‍മ്മാതാവില്‍ നിന്നുള്ള ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഉല്‍പ്പന്നം കൂടിയാണ്.
2021-ല്‍ യുകെയില്‍ ഫോക്സ്വാഗണ് പോളോ, ഗോള്‍ഫ്, ഫോര്‍ഡ് ഫിയസ്റ്റ, പ്യൂമ, കിയ സ്പോര്‍ട്ടേജ്, ടൊയോട്ട യാരിസ് തുടങ്ങിയ ജനപ്രിയ മോഡലുകളെ വിറ്റഴിച്ച യൂണിറ്റുകളുടെ കാര്യത്തില്‍ മോഡല്‍ 3 പിന്തള്ളി എന്നാണ് റിപ്പോര്‍ട്ടുകള്‍.
ചിപ്പ് ക്ഷാമം, കൊവിഡ് മഹാമാരി തുടങ്ങിയ വിവിധ ഘടകങ്ങള്‍ കാരണം 2020-ലും 2021-ലും യുകെയിലെ കാറുകളുടെ മൊത്തത്തിലുള്ള വില്‍പ്പന 1992 ന് ശേഷം ഏറ്റവും താഴ്ന്ന നിലയില്‍ ആയിരുന്നു. എന്നാല്‍ മോഡല്‍ 3 യുകെയില്‍ കൂടുതല്‍ ആളുകളും സ്വന്തമാക്കിയെന്നാണ് ഗാര്‍ഡിയന്റെ റിപ്പോര്‍ട്ട്്.
ലോകമെമ്പാടുമുള്ള ഇലക്ട്രിക്ക് വാഹന വിപണിയില്‍ ടെസ്ലയ്ക്ക് എതിരാളികളേക്കാള്‍ വലിയ സ്ഥനമാണുള്ളത്. ടെസ്ല കൂടുതല്‍ താങ്ങാനാവുന്ന ഉല്‍പ്പന്നത്തിനായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സിഇഒ എലോണ്‍ മസ്ക് മുമ്പ് സ്ഥിരീകരിച്ചിരുന്നു. ഇത് കമ്പനിയെ പുതിയ വിപണികളില്‍ മുന്നേറാന്‍ സഹായിക്കുക മാത്രമല്ല, വില്‍പ്പന അളവ് കൂടുതല്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും.






