കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന് ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തി. എറണാകുളം എഫ്.സി.ജെ.എം. കോടതി മജിസ്ട്രേട്ടാണു മൊഴിയെടുത്തത്. 51 പേജുള്ള രഹസ്യമൊഴിയാണ് രേഖപ്പെടുത്തിയത്. മൊഴി രേഖപ്പെടുത്തല്‍ ആറര മണിക്കൂര്‍ നീണ്ടു. മുമ്പ് പുറത്തുവന്ന കാര്യങ്ങളുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് മൊഴി നല്‍കിയതെന്നും രഹസ്യ മൊഴിയെടുക്കലിന് ശേഷം ബാലചന്ദ്രകുമാര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.
തനിക്ക് നേരെ ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും കേസില്‍ സിനിമാ മേഖലയില്‍നിന്നും ഇനിയും കൂടുതല്‍ സാക്ഷികള്‍ ഉണ്ടാകുമെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. വെളിപ്പെടുത്തല്‍ വൈകിയതിന്റെ കാരണവും കോടതിയില്‍ ബോധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ദിലീപ് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ചയാണ് പരിഗണിക്കുക.
ക്രൈംബ്രാഞ്ച് സംഘത്തിനു ബാലചന്ദ്രകുമാര്‍ നല്കിയ മൊഴി മജിസ്ട്രേട്ടിന് മുന്നില്‍ ആവര്‍ത്തിച്ചതായാണു സൂചന. ആക്രമിക്കപ്പെട്ട നടിയുടെ ദൃശ്യങ്ങള്‍ ദിലീപ് വീട്ടിലിരുന്ന് കണ്ടുവെന്നും കേസിലെ സാക്ഷികളെ കൂറുമാറ്റാന്‍ പണം നല്‍കിയെന്നും ബാലചന്ദ്രകുമാര്‍ അന്വേഷണ സംഘത്തോടു പറഞ്ഞിരുന്നു. ഇന്നലെ രാവിലെ ആരംഭിച്ച മൊഴിയെടുക്കല്‍ രാത്രിവരെ തുടര്‍ന്നു.
ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെത്തുടര്‍ന്നാണു നടന് ദിലീപ് ഉള്‍പ്പെടെ ആറു പേര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പു പ്രകാരമാണു ക്രൈംബ്രാഞ്ച് കേസെടുത്തത്. ദിലീപിന്റെ സഹോദരന് അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ്, അപ്പു, ബൈജു ചെങ്ങമനാട്, കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവരുടെ പേരില്‍ ഡിവൈ.എസ്.പി. ബൈജു പൗലോസാണു പരാതി നല്‍കിയത്. അനൂപും സുരാജും മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കിയിട്ടുണ്ട്.






