
ന്യൂഡല്‍ഹി: അണ്‍ലിമിറ്റഡ് കോളിംഗ് ഓഫറുകളുമായി റിലയന്‍സ് കമ്മ്യൂണിക്കേഷനും രംഗത്തെത്തി. 149 അണ്‍ലിമിറ്റഡ് എന്ന കോളിംഗ് പ്ലാനിലൂടെ രാജ്യത്തെ ഏത് നെറ്റ് വര്‍ക്കുകളിലേക്കും ഉപയോക്താക്കള്‍ക്ക് പരിധിയില്ലാതെ കോള്‍ ചെയ്യാന്‍ സാധിക്കുമെന്ന് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ അറിയിച്ചു.
149 അണ്‍ലിമിറ്റഡ് പ്ലാനിലൂടെ രാജ്യത്തെ മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്കിടയില്‍ പ്രചാരം നേടുകയാണ് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ ലക്ഷ്യമിടുന്നത്. 149 അണ്‍ലിമിറ്റഡ് പ്ലാനിനൊപ്പം 300 എംബി സൗജന്യ ഡേറ്റയും റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ ലഭ്യമാക്കും. പരിധിയില്ലാതെ രാജ്യത്തുടനീളമുള്ള നെറ്റ് വര്‍ക്കുകളിലേക്ക് കോള്‍ ചെയ്യാന്‍ അവസരം ഒരുക്കുന്നതിലൂടെ സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കള്‍ക്കിടയിലും റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ചലനം സൃഷ്ടിക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.
സിമ്പിള്‍ അണ്‍ലിമിറ്റഡ് പ്ലാനിലൂടെ രാജ്യത്തെ റീചാര്‍ജ്ജിങ്ങ് സങ്കല്‍പ്പങ്ങള്‍ മാറുമെന്ന് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ സഹ സിഇഒ ഗുര്‍ദീപ് സിങ്ങ് വ്യക്തമാക്കി. നിലവില്‍ രാജ്യത്തുള്ള യൂണിറ്റ് റേറ്റിങ്ങ് സംവിധാനത്തില്‍ നിന്നും മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് സിമ്പിള്‍ റീചാര്‍ജ്ജിങ്ങിലേക്ക് കടക്കുമെന്നും ഇതിലൂടെ അനിയന്ത്രിത സേവനങ്ങള്‍ നേടാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.






