
അടുത്ത വീട്ടിലെ കുട്ടിയോട് തോന്നുന്ന സ്നേഹമാണ് നടി അനന്യക്ക് പ്രേക്ഷകരുടെയുള്ളില്‍. ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ് അനന്യ. അന്യഭാഷകളില്‍ സജീവമായിരുന്നെങ്കിലും മലയാളത്തില്‍ നല്ല കഥാപാത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു താരം. ഒരിടക്ക് മലയാള സിനിമയില്‍ തിളങ്ങി നിന്ന അനന്യ 3 വര്‍ഷത്തിന് ശേഷം ഭ്രമം സിനിമയിലൂടെ തിരിച്ചുവരവറിയിച്ചിരിക്കുകയാണ്.
ഈ ഒരു ഇടവേള എന്തിനായിരുന്നു?
ഞാന്‍ ഇവിടെ തന്നെയുണ്ടായിരുന്നു. 2017ന് ശേഷം ഇപ്പോഴാണ് മലയാള സിനിമ ചെയ്യുന്നത്. 2020ലും ഞാന്‍ മറ്റ് ഭാഷകളിലായി സിനിമ ചെയ്തിരുന്നു. ഈ ഇടവേളയില്‍ തമിഴിലും തെലുങ്കിലുമായി സിനിമകളില്‍ സജീവമായിരുന്നു. മലയാളത്തിലേക്ക് തിരിച്ചുവരാന്‍ സമയമെടുത്തു എന്ന് മാത്രം. നല്ലൊരു തിരക്കഥയ്ക്കായുള്ള കാത്തിരിപ്പായിരുന്നു. ഭ്രമം പോലെ ഒരു സിനിമയിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചെത്താനായതില്‍ സന്തോഷം.
തമിഴിലും തെലുങ്കിലുമൊക്കെ വര്‍ഷത്തില്‍ ഒരു സിനിമയേ ചെയ്തിരുന്നുള്ളൂ. ഇടയ്ക്ക് മലയാളത്തില്‍ നിന്നുള്ള കഥകള്‍ കേള്‍ക്കുന്നുണ്ടായിരുന്നു.
തിരിച്ചുവരവിനെ കുറിച്ച്?
പ്രൊഡക്ഷന്‍ കണ്ട്രോളര് ബാദുക്കയാണ് ഭ്രമത്തിലേക്ക് എന്നെ വിളിക്കുന്നത്. ടീമിനെ പറ്റിയും സിനിമയെ പറ്റിയും പറഞ്ഞു. രവി.കെ ചന്ദ്രന് സാറിന്റെ സംവിധാനം, പൃഥ്വി, ഉണ്ണി മുകുന്ദന്, മംമ്ത, റാഷി ഖന്ന തുടങ്ങിയ വലിയ താരനിര... ഇത്രയും നല്ല ഒരു ടീമിനൊപ്പം സിനിമ ചെയ്യാന്‍ അവസരം കിട്ടിയപ്പോള്‍ ഇതാണ് തിരിച്ചുവരവിനുള്ള സമയമെന്ന് തോന്നി. ചെറിയ ഇടവേളയ്ക്ക് ശേഷം മലയാളത്തില്‍ ഒരു ചിത്രം ചെയ്യുമ്പോള്‍ ശ്രദ്ധിക്കപ്പെടണം എന്നൊരു ആഗ്രഹം ഉണ്ടായിരുന്നു.
ഉണ്ണി മുകുന്ദന് അവതരിപ്പിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയുടെ വേഷമാണ് ഞാന്‍ ഭ്രമത്തില്‍ അവതരിപ്പിച്ചത്. അന്ധാദുന്‍ കണ്ടവര്‍ക്ക് അറിയാം ആ കഥാപാത്രത്തിന്റെ പ്രാധാന്യം. അന്ധാദുന്‍ സിനിമയിലെ രസിക എന്ന കഥാപാത്രവും ഭ്രമത്തിലെ സ്വപ്നയും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ട്. ഏറ്റവും പ്രധാനപ്പെട്ട സീനിലും മലയാളത്തിലേക്ക് വന്നപ്പോള്‍ ചെറിയ ഒരു ഹ്യൂമര്‍ എലമന്റ് കൊണ്ടുവന്നിട്ടുണ്ട്. അതിന് ഏറെ നല്ല അഭിപ്രായവും കിട്ടി. മാത്രമല്ല, രസിക എന്ന കഥാപാത്രം വളരെ പക്വതയുള്ള, ബോള്‍ഡായ സ്ത്രീയാണ്. എന്നാല്‍ സ്വപ്ന തുടക്കത്തില്‍ നിഷ്കളങ്കയും പിന്നീട് ബോള്ഡാവുകയും ചെയ്യുന്ന കഥാപാത്രമാണ്.
സ്വപ്ന രസികയെ പോലെയാണെന്ന പ്രതീക്ഷയിലാണ് ഞാന്‍ ഇരുന്നതെങ്കിലും പിന്നീട് ലൊക്കേഷനിലെത്തിയപ്പോഴാണ് കഥാപാത്രത്തിനുള്ള മാറ്റങ്ങള്‍ പറയുന്നത്. എന്നാല്‍ ഭ്രമം സിനിമ ചെയ്യുമെന്ന് തീരുമാനിച്ചതിന് ശേഷം അന്ധാദുന്‍ കണ്ടില്ല. വീണ്ടും കണ്ടാല്‍ ആ കഥാപാത്രം എന്നെ സ്വാധീനിക്കുകയും അത് സിനിമയെ ബാധിക്കാനും സാധ്യതയുണ്ട്.
സിനിമയില്‍ സെലക്ടീവായിരുന്നില്ലേ?
വളരെ വ്യത്യസ്തതയുള്ള, അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് തന്നെയാണ് എന്റെ ആഗ്രഹം. പക്ഷേ എന്തുകൊണ്ടോ എന്നെ തേടി വരുന്ന തിരക്കഥകളെല്ലാം ഒരേ തരത്തിലുള്ള കഥാപാത്രങ്ങളുടേതാണ്. തമാശയ്ക്കാണെങ്കിലും എന്നെ കണ്ടാല്‍ പാവപ്പെട്ട വീട്ടിലെ കുട്ടി, അല്ലെങ്കില്‍ പൊട്ടിത്തെറിച്ച് നടക്കുന്ന കുട്ടിയായിട്ടാണോ തോന്നുന്നതെന്ന് ഞാന്‍ ചോദിക്കാറുണ്ട്. മനഃപൂര്‍വം ഞാന്‍ അത്തരം കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതല്ല. വരുന്ന വേഷങ്ങളില്‍ നല്ലത് സ്വീകരിക്കുന്നു എന്ന് മാത്രം. മലയാളത്തില്‍ നല്ല കഥാപാത്രങ്ങള്‍ ചെയ്യണമെന്നുണ്ട്. അങ്ങനെ വന്നാലേ വീണ്ടും വീണ്ടും സിനിമ ചെയ്യാന്‍ ഒരു അഭിനേതാവിന് തോന്നുകയുള്ളൂ.
അന്യഭാഷയില്‍ എനിക്ക് കുറച്ചുകൂടി വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇവിടെ അത്തരം വേഷങ്ങള്‍ തേടി വരാത്തതില്‍ ചെറിയൊരു പരിഭവമുണ്ട്. അവസരം തന്നാലല്ലേ ഒരു കലാകാരിയെന്ന നിലയില്‍ നമുക്ക് തെളിയിക്കാനാവൂ. അവസരം ലഭിക്കുകയാണെങ്കില്‍ അത് നന്നായി തന്നെ ചെയ്യാനാവുമെന്നാണ് എന്റെ വിശ്വാസം.
സിനിമകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഞാന്‍ അന്നും ഇന്നും ഒരുപോലെയാണ്. എനിക്ക് നന്നായി ചെയ്യാനാകും എന്ന് തോന്നുന്ന കഥാപാത്രമെങ്കില്‍ മാത്രമാണ് ചെയ്യുന്നത്. ചില കഥാപാത്രങ്ങള്‍ സ്ക്രിപ്റ്റ് വായിക്കുമ്പോള്‍ പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കും എന്ന് പറയാനാകില്ല. സാമൂഹിക പ്രസക്തിയുള്ള സിനിമകള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട്.
അന്യഭാഷ ഇന്‍ഡസ്ട്രിയില്‍ വളരെ വ്യത്യസ്തമായ വേഷങ്ങള്‍ ലഭിച്ചിട്ടുണ്ടല്ലോ?
വ്യത്യസ്തമായ കഥാപാത്രങ്ങള്‍ അവര്‍ എന്നെ വിശ്വസിച്ച് ഏല്‍പ്പിച്ചു. മാത്രമല്ല നല്ല രീതിയില്‍ പെര്‍ഫോം ചെയ്യാനുള്ള സ്പേസും തന്നു. അന്യഭാഷയില്‍ ഞാന്‍ വളരെ കംഫര്‍ട്ടബിളായിരുന്നു. ആദ്യമായി തമിഴിലാണ് ഞാ ന് സ്വയം ഡബ് ചെയ്തത്. തമിഴും തെലുങ്കും അത്യാവശ്യം അറിയാം. സ്ക്രിപ്റ്റ് ഉദ്ദേശിക്കുന്നത് എന്താണെന്ന് മനസിലാക്കി അഭിനയിക്കാന്‍ കഴിഞ്ഞാല്‍ ഏത് ഭാഷയിലും സിനിമ ചെയ്യാം.
ഏതാണ്ട് 11 വര്‍ഷത്തിലധികമായി ഞാന്‍ എങ്കേയും എപ്പോതും എന്ന ചിത്രം ചെയ്തിട്ട്. ഇന്നും അമുദ എന്ന കഥാപാത്രത്തോടുള്ള സ്നേഹം പ്രകടിപ്പിച്ച് തമിഴ്നാട്ടില്‍ നിന്നും മറ്റും എനിക്ക് കോളുകള്‍ വരാറുണ്ട്. എനിക്ക് കിട്ടിയ അനുഗ്രഹമായാണതിനെ കാണുന്നത്. അതിലെ പാട്ടുകളും ഇന്നും ഇഷ്ടപ്പെടുന്നവരുണ്ട്. നാടോടികള്‍, എങ്കേയും എപ്പോതും എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളായ നല്ലമ്മാളും അമുദയുമൊക്കെ അവരുടെ മനസില്‍ അത്രയും ആഴത്തില്‍ പതിഞ്ഞിട്ടുണ്ട്. അതുകൊണ്ടാവാം ആ കഥാപാത്രങ്ങളുടെ പേരിലാണ് ഞാനിന്നും അറിയപ്പെടുന്നത്. പ്രേക്ഷകരുടെ സ്നേഹവും പിന്തുണയും കാണുമ്പോഴാണ് തിരിച്ചു വരണം നല്ല സിനിമകള്‍ ചെയ്യണം എന്ന ആഗ്രഹം ശക്തമാവുന്നത്. ഒരു ആര്‍ട്ടിസ്റ്റിനെ സംബന്ധിച്ചിടത്തോളം പ്രേക്ഷകര്‍ നല്കുന്ന സ്നേഹവും പിന്തുണയും വളരെ വലുതാണ്.
ബാലതാരമായിട്ടാണല്ലോ സിനിമയിലെത്തിയത്?
അതെ. വലിയ താത്പര്യത്തോടെയൊന്നുമല്ല അന്ന് ചിത്രങ്ങള്‍ ചെയ്തത്. ആനപ്പൂട എന്ന ഹ്രസ്വചിത്രത്തിലാണ് ആദ്യം അഭിനയിക്കുന്നത്. അത് റിലീസായില്ല. നെടുമുടി വേണു അങ്കിളായിരുന്നു പ്രധാന വേഷത്തിലെത്തിയത്. അച്ഛന് നിര്‍മിച്ച ചിത്രമായത് കൊണ്ടാണ് പൈ ബ്രദേഴ്സില്‍ അഭിനയിച്ചത്. പിന്നീട് വൃദ്ധന്മാരെ സൂക്ഷിക്കുക എന്ന ചിത്രത്തിലും ബാലതാരമായെത്തി. അന്നൊന്നും അതത്ര സീരിയസായി കണ്ടിരുന്നില്ല. ഏതാണ്ട് 2007 തൊട്ടാണ് വീണ്ടും സിനിമയിലെത്തുന്നത്.
സമുദ്രക്കനി സാറിന്റെ സംവിധാത്തിലൊരുങ്ങിയ തമിഴ് ചിത്രം നാടോടികള്‍ക്ക് ശേഷമാണ് സിനിമയാണ് കരിയര്‍ എന്ന തോന്നലുണ്ടാവുന്നത്. അതിനോട് ഇഷ്ടം തോന്നിത്തുടങ്ങുന്നത്. കയറ്റിറക്കങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്റെ കരിയറില്‍. 2013 വരെ നല്ല രീതിയിലാണ് പോയിരുന്നത്. പിന്നീടാണ് ഒരു മാറ്റം വരുന്നത്. എങ്കിലും ഒരു വര്‍ഷം ഒരു ചിത്രമെങ്കിലും ഞാന്‍ ചെയ്തിരുന്നു. പക്ഷേ മലയാളത്തില്‍ ആരും കണ്ടിരുന്നില്ല എന്നതാണ് സത്യം. നല്ല തിരക്കഥകള്‍ വരാതിരുന്നതില്‍ സങ്കടം തോന്നിയിട്ടുണ്ട്. പലപ്പോഴും എന്തിനാണ് അങ്ങനെയൊരു സിനിമ ചെയ്യുന്നത് എന്ന് തോന്നിയ സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. സ്മൂത്ത് കരിയറായിരുന്നില്ല എന്റേത്. എങ്കിലും 2021ല്‍ ദാ ഇപ്പോള്‍ രണ്ട് മലയാള ചിത്രങ്ങളാണ് ചെയ്യുന്നത്. അതില്‍ ഒരുപാട് സന്തോഷം.
സിനിമയാണ് പാഷന് എന്ന തിരിച്ചറിവ് നല്കിയ മാറ്റങ്ങള്‍?
സിനിമയോട് വളരെ പാഷനേറ്റാണ് ഞാന്‍. വര്‍ഷത്തില്‍ ഒരു സിനിമയെങ്കിലും ചെയ്യണം. അത് ഏറ്റവും ബെസ്റ്റ് ആയിരിക്കണം എന്നാണ് ആഗ്രഹിക്കുന്നത്. സിനിമയെ അറിഞ്ഞ്, ഇഷ്ടപ്പെട്ട് വര്‍ക്ക് ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നത്. ഒരു സ്ക്രിപ്റ്റ് എന്റെ കൈയില്‍ കിട്ടുകയാണെങ്കില്‍ ഇന്ന് ഞാന്‍ ശ്രദ്ധിക്കുന്നത് എത്രമാത്രം ഡെപ്തുള്ള കഥാപാത്രമാണ് എന്നാണ്.
ഭ്രമത്തില്‍ എനിക്ക് നാലു സീനേ ഉള്ളൂ. നാല് സീനിലും ആ കഥാപാത്രത്തിന്റെ നാല് വേരിയന്റാണ് കാണിക്കുന്നത്. അങ്ങനെയുള്ള കഥാപാത്രങ്ങള്‍ ചെയ്യുമ്പോഴാണ് എനിക്ക് സിനിമയെ കൂടുതല്‍ പഠിക്കാന്‍ പറ്റുന്നത്. ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ എക്സ്പ്ലോര്‍ ചെയ്യാന്‍ പറ്റുന്ന രീതിയിലുള്ള ചിത്രങ്ങളാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.
സിനിമയിലെ മാറ്റങ്ങളെ കുറിച്ച്?
ആദ്യമായി സിനിമയില്‍ അഭിനയിക്കുന്ന ടെന്‍ഷനോടെയാണ് ഭ്രമത്തിന്റെ ലൊക്കേഷനിലെത്തിയത്. മലയാള സിനിമ ഇന്‍ഡസ്ട്രിയില്‍ വലിയ രീതിയിലുള്ള മാറ്റങ്ങളുണ്ടായിട്ടുണ്ട്. സ്ക്രിപ്റ്റിങ്ങിന്റെ രീതിയിലാണെങ്കിലും അതിന്റെ ഡീറ്റെയിലിങ്ങിന്റെ കാര്യത്തിലുമൊക്കെ ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ട്. നല്ല മാറ്റങ്ങളാണത്. ആ മാറ്റങ്ങള്‍ വളരെ ആസ്വദിച്ചാണ് ഞാന്‍ ഉള്‍ക്കൊണ്ടത്. നല്ലൊരു എക്സ്പീരിയന്സാണത്.
അമ്പെയ്ത്ത് മത്സരങ്ങളില്‍ ചാംപ്യനായിരുന്നല്ലോ? ഇപ്പോഴും പ്രാക്ടീസ് ചെയ്യുന്നുണ്ടോ?
അമ്പെയ്ത്തിനോടുള്ള സ്നേഹം ഒരിക്കലും വിട്ടുകളഞ്ഞിട്ടില്ല. ഒട്ടും കോമണ്‍ അല്ലാത്ത കായിക ഇനം ആണ് അമ്പെയ്ത്ത്. അത്രയും ഇഷ്ടപ്പെട്ടും കഷ്ടപ്പെട്ടും ഞാന്‍ പഠിച്ചെടുത്ത ഇനം. ഒരു അപകടത്തില്‍ കൈക്ക് ഒടിവ് സംഭവിച്ചതോടെയാണ് എനിക്ക് ബ്രേക്ക് എടുക്കേണ്ടി വന്നത്. ഇനി എന്ന് ഗ്രൗണ്ടിലിറങ്ങാന്‍ പറ്റും എന്ന് ചിന്തിക്കാറുണ്ട്. ശാരീരിക പ്രശ്നങ്ങള്‍ ഉള്ളതുകൊണ്ട് മാത്രമാണ് മാറി നില്‍ക്കുന്നത്. എല്ലാം മാറിക്കഴിഞ്ഞാല്‍ തീര്‍ച്ചയായും തിരിച്ചുവരും.
10 വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും ഉണ്ണി മുകുന്ദനൊപ്പം അഭിനയിച്ചപ്പോള്‍?
നന്ദനം സിനിമയുടെ റീമേക്കായ സീഡന് എന്ന തമിഴ് സിനിമയിലാണ് ഞാനും ഉണ്ണി മുകുന്ദനും ഒന്നിച്ച് അഭിനയിച്ചത്.
10 വര്‍ഷത്തിന് മുന്‍പായിരുന്നു അത്. അതിന് ശേഷം ഉണ്ണിയെ കണ്ടത് ഭ്രമം സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ്. 10 വര്‍ഷത്തിന് ശേഷം ഉണ്ണിയുമായി ഒന്നിച്ചഭിനയിക്കുന്നതിന്റെ സന്തോഷവും ഉണ്ടായിരുന്നു. സിനിമ ഇറങ്ങിയ ശേഷം ഒരുപാട് നല്ല അഭിപ്രായങ്ങള്‍ വന്നു. ട്രോളുകള്‍ പോലും ഞാന്‍ ആസ്വദിക്കുകയായിരുന്നു.
സഹോദരനും സിനിമയിലെത്തിയല്ലോ?
അനിയന് അര്ജുന് സിനിമയില്‍ അഭിനയിക്കുന്നുണ്ട്. അവതാരകനുമാണ്. ഞങ്ങള്‍ പരസ്പരം സപ്പോര്‍ട്ട് ചെയ്യുന്നവരാണ്. അവന് അവന്റേതായ രീതിയില്‍ സിനിമ സെലക്ട് ചെയ്യുകയാണ്. ഞാനും അങ്ങനെയാണ്. അല്ലാതെ പരസ്പരം സംസാരിച്ച് ഞങ്ങള്‍ സിനിമകള്‍ സെലക്ട് ചെയ്യാറില്ല.
പുതിയ ചിത്രങ്ങള്‍?
ഇപ്പോള്‍ അഭിനയിക്കുന്നത് ഡയറക്ടര്‍ മജുവിന്റെ ചിത്രത്തിലാണ്. റ്റൈനി ഹാന്റ്സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സുമായി ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമയാണ്. സണ്ണി വെയ്ന്‍, അലന്‍സിയര്‍, ഗ്രേസ് ആന്റണി പോളി വല്സന് എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രത്തിന്റെ പേര് ഉടന്‍ പുറത്തുവരും.
അശ്വതി അശോക്