
ബോളിവുഡ് സൂപ്പർ സ്റ്റാർ ആമിർ ഖാന്റെ മകൾ ഐറാ ഖാൻ തന്റെ വ്യക്തിജീവിതത്തെ സോഷ്യൽ മീഡിയയില്‍ കൂടി പലപ്പോഴും വെളിപ്പെടുത്തിയിട്ടുണ്ട്. നേരത്തെ, വിഷാദരോഗത്തെക്കുറിച്ച് തുറന്ന് പറഞ്ഞപ്പോൾ ഇറ വാർത്തകളിൽ ഇടംനേടുകയും ഇൻസ്റ്റാഗ്രാം വീഡിയോകളുടെ ഒരു പരമ്പരയിൽ ഇക്കാര്യം വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഇപ്പോൾ തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഘട്ടം ആസ്വദിക്കുന്നതിനാൽ അതും ആരാധകരുമായി പങ്കുവയ്ക്കുന്നു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി, ഐറ ഒരു പുതിയ ‘സാരി സൺഡേ’ ട്രെൻഡ് ആരംഭിച്ചു. അതിലിപ്പോള്‍ തന്റെ ആൺസുഹൃത്ത് നൂപുർ ശിഖരേയുടെ അമ്മ പ്രീതം ശിഖേര സമ്മാനിച്ച സാരിയിലുള്ള ചിത്രങ്ങളാണ് ഐറ പങ്കുവച്ചിരിക്കുന്നത്. സിൽവർ ബോർഡറുള്ള ഒരു ഓഫ് വൈറ്റ് കോട്ടൻ ഖാദി സാരിയാണ് പ്രീതം ഐറയ്ക്ക് നൽകിയത്. ‘‘ബോംബെയിൽ നിന്നുള്ള ഖാദി കോട്ടന്‍. സന്തോഷകരമായ ഞായറാഴ്ച! സാരിക്ക് നന്ദി പ്രീതം ശിഖാരേ. ഹാൻഡ് ബാഗ് മറക്കല്ലേ!’’ എന്നാണ് ഐറ ചിത്രത്തിനൊപ്പം കുറിച്ചത്. സാരിയുടുത്ത് നൂപുറിന് ഒപ്പം നിൽക്കുന്ന ഒരു ചിത്രവും ഇക്കൂട്ടത്തിലുണ്ട്.
കൂടുതലും മോഡേൺ വസ്ത്രങ്ങളില്‍ കാണാറുള്ള ഐറയെ ട്രഡീഷനൽ ലുക്കിൽ കണ്ടതിന്റ കണ്ടതിന്റെ സന്തോഷം ആരാധകർ കമന്റ് ചെയ്യുന്നുണ്ട്. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് ഐറയുടെ ‘സാരി സണ്‍ഡേ’ ട്രെന്‍ഡ് തുടങ്ങിയത്. ‘‘സാരി ഞായറാഴ്ച! എനിക്ക് സാരികൾ ഇഷ്ടമാണ്. അതിനാൽ എല്ലാ ഞായറാഴ്ചയും സാരി ധരിക്കാൻ ഞാൻ തീരുമാനിച്ചു. ഏതാനും മണിക്കൂറുകൾ മാത്രം. എനിക്ക് ഇത്രയധികം സാരി സ്വന്തമല്ലാത്തതിനാൽ ഞാൻ വിവിധ ആളുകളുടെ കമ്പോര്ഡുകള് റെയ്ഡ് ചെയ്യാൻ പോകുന്നു, ഇത് അമ്മയുടെതാണ്. കൽക്കട്ടയിൽ നിന്ന്. അതെ, ഞാൻ എന്റെ സാരിക്കൊപ്പം ബൂട്ട് ധരിച്ചിരുന്നു.’’ എന്ന് ക്യാപ്ഷനിട്ടാണ് ഐറ ആദ്യം സാരിയിലുള്ള ചിത്രം ഷെയര്‍ ചെയ്തത്.
ഐറയുടെ ആണ്‍സുഹൃത്ത് നൂപുര്‍ ഫിറ്റന്സ് പരിശീലകനാണ്. പ്രിയതമനൊപ്പമുള്ള ചിത്രങ്ങളും വിശേഷങ്ങളും ഐറ സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കാറുണ്ട്. ആമിർ ഖാന് ആദ്യ ഭാര്യ റീന ദത്തയിലുള്ള മകളാണ് ഐറ. ഇതേ ബന്ധത്തിൽ ജുനൈദ് എന്ന മകനുമുണ്ട്.






