
മുടി കൊഴിച്ചില്‍ പ്രശ്നങ്ങളെ നേരിടാത്തവര്‍ ചുരുക്കമാണ്. പല കാരണങ്ങള്‍ കൊണ്ടും മുടി പൊഴിയാം. മുടി കൊഴിച്ചില്‍ ഉണ്ടായപ്പോള്‍ താന്‍ ചെയ്ത വഴികളെ കുറിച്ച് പങ്കുവെയ്ക്കുകയാണ് ബോളിവുഡ് താരം ഷാഹിദ് കപൂറിന്റെ ഭാര്യ മിറ. കോവിഡ്, പനി പോലുള്ള ഘടകങ്ങള്‍ മൂലം ശരീരത്തിനുണ്ടാകുന്ന പ്രശ്നങ്ങളും മാനസിക സമ്മര്‍ദങ്ങളുമൊക്കെ മുടികൊഴിച്ചിലിന് കാരണമായിരുന്നു. തന്നെ സംബന്ധിച്ചിടത്തോളം പ്രത്യേകിച്ച് കോവിഡ് കാലത്തെ കുട്ടികളുടെ ആരോഗ്യവും ഓണ്‍ലൈന്‍ പഠനവുമൊക്കെയായിരുന്നു സമ്മര്‍ദത്തിന് ഇടയാക്കിയ കാരണങ്ങളെന്നു പറയുന്നു മിറ.
മുടിയെ പരിപാലിച്ചിരുന്ന രീതിയും വളരെ മോശമായിരുന്നുവെന്നും, തനിക്കൊരിക്കലും അതുവരെ വന്നിട്ടില്ലാത്ത വിധത്തില്‍ മുടികൊഴിച്ചില്‍ അനുഭവപ്പെട്ടതോടെയാണ് ശ്രദ്ധിക്കാന്‍ തുടങ്ങിയതെന്നും മിറ പറയുന്നു. രണ്ടു പ്രസവങ്ങള്‍ക്കു ശേഷവും മുടികൊഴിച്ചില്‍ ഉണ്ടായിരുന്നെങ്കിലും അവ പോലും ഇത്രത്തോളം ഉണ്ടായിരുന്നില്ല. മുടി ചീവാന്‍ പോലും ഭയം തോന്നിയിരുന്നുവെന്നും അപ്പോഴാണ് എന്തെങ്കിലും ചെയ്തേ മതിയാകൂ എന്നു ചിന്തിച്ചതെന്നും മിറ പറയുന്നു. മുടി വളരെ ഇറുകിക്കെട്ടിവെക്കുന്നതും കട്ടിയുള്ള റബ്ബര്‍ ബാന്‍ഡുകള്‍ ഉപയോഗിക്കുന്നതും വേണ്ടത്ര ഹെയര്‍ ബ്രഷ് ചെയ്യാത്തതുമൊക്കെ തന്റെ ശീലങ്ങളായിരുന്നുവെന്നും മിറ പറയുന്നു.
'' കട്ടിയുള്ള റബ്ബര്‍ ബാന്‍ഡുകള്‍ ഉപയോഗിച്ച് പോണിടെയില്‍ കെട്ടുന്ന രീതി നിര്‍ത്തി. പകരം സില്‍ക്കിന്റെയോ തുണിയുടെയോ ബാന്റുകള്‍ ഉപയോഗിച്ച് മുടി അയച്ച് കെട്ടാനും തുടങ്ങി. കൂടാതെ മുടിയുണക്കുന്നത് ടവ്വല്‍ ഉപയോഗിച്ച് ആക്കുകയും നനവോടെ ഇരിക്കുമ്പോള്‍ ചീകുന്ന ശീലവും ഒഴിവാക്കി. ഒപ്പം ധാരാളം വെള്ളം കുടിക്കുകയും പോഷകാഹാരം ശീലമാക്കുകയും ചെയ്തു. സമയത്തിന് ഉറക്കം കൂടി ശീലമാക്കി. കാരണം ശരീരത്തിന് ആവശ്യമായ ഉറക്കവും ഭക്ഷണവുമൊക്കെ ലഭ്യമാകുമ്പോഴേ അവയുടെ പ്രവര്‍ത്തനവും സുഗമമാവൂ. അതിന്റെ സന്തുലനാവസ്ഥ നഷ്ടപ്പെടുന്നതിന്റെ ലക്ഷണങ്ങളാണ് മുടികൊഴിച്ചിലും മറ്റും'' - മിറ പറയുന്നു.






