ഒറ്റ ഡയലോഗ് കൊണ്ട് പ്രശസ്തനായ വ്യക്തിയാണ് കോട്ടയം പ്രദീപ്. ''ഫിഷുണ്ട്... മട്ടനുണ്ട്... ചിക്കനുണ്ട്... കഴിച്ചോളൂ... കഴിച്ചോളൂ... '' എന്ന ഡയലോഗ് എവിടെ കേട്ടാലും കോട്ടയം പ്രദീപിന്റെ മുഖം മാത്രമേ മനസിൽ വരൂ. അത്രയേറെ മലയാളികളുടെ മനസിൽ ഈ മുഖവും ഡയലോഗും പതിഞ്ഞിട്ടുണ്ട്. 90കളുടെ തുടക്കം മുതൽ പ്രദീപ് ചെറിയ വേഷങ്ങളിൽ സിനിമയിൽ മുഖം കാണിക്കുന്നുണ്ട്. എന്നാൽ നല്ല കാലം കൊണ്ടുവന്നത് വിന്നൈ താണ്ടി വരുവായയിലെ ഈ ഡയലോഗാണ്. ഗൗതം മേനോനാണ് ആദ്യമായി ഒരു ഡയലോഗ് നൽകുന്നത്. അത് ഹിറ്റാകുകയും ചെയ്തു. അതോടെ ഈ രീതിയിൽ ഡയലോഗ് പറയുന്നത് കോട്ടയം പ്രദീപിന്റെ ട്രേഡ് മാർക്കായി.
വിനൈ താണ്ടി വരുവായയ്ക്ക് ശേഷം രാജാറാണി, തെരി തുടങ്ങിയ തമിഴ് ചിത്രങ്ങളിലും മുഖം കാണിച്ചു. പലരും ശബ്ദത്തിന്റെ പ്രത്യേകതയെക്കുറിച്ച് പറഞ്ഞിട്ടുണ്ടെങ്കിലും മമ്മൂട്ടിയുടെ കമന്റാണ് ഒരിക്കലും മറക്കാനാവാത്തതെന്ന് കോട്ടയം പ്രദീപ് മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഈ ശബ്ദം ഒറിജിനലാണോ ഡ്യൂപ്ലിക്കേറ്റാണോ എന്നായിരുന്നു മമ്മൂട്ടിയുടെ കമന്റ്.
വിനീത് ശ്രീനിവാസന്റെ തട്ടത്തിൻ മറയത്തിലെ പൊലീസ് കോൺസ്റ്റബിളിന്റെ വേഷം പ്രേക്ഷക പ്രീതി പിടിച്ചുപറ്റി. പിന്നീട് അച്ഛനും അമ്മാവനും ചേട്ടനും കടക്കാരനും അയൽക്കാരനുമായി പ്രദീപ് സിനിമയിൽ സജീവമായി. ആമേൻ, വടക്കൻ സെൽഫി, സെവൻത്ഡേ, പെരുച്ചാഴി, എന്നും എപ്പോഴും, ലൈഫ് ഓഫ് ജോസൂട്ടി എന്നീ സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ. ആട് ഒരു ഭീകരജീവിയാണ്, അഞ്ചുസുന്ദരികൾ, ജമ്നപ്യാരി, ഉട്ടോപ്യയിലെ രാജാവ്, അമർ അക്ബർ അന്തോണി, അടി കപ്യാരേ കൂട്ടമണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ തുടങ്ങിയ ചിത്രങ്ങളിലും പ്രേക്ഷകരെ ചിരിപ്പിച്ചു. തമിഴിൽ രാജാ റാണി, നന്‍പനട തുടങ്ങി നിരവധി ചിത്രങ്ങളിലും അഭിനയിച്ചു.
എഴുപതിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2020ൽ പുറത്തിറങ്ങിയ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ ആണ് കോട്ടയം പ്രദീപിന്റെ റിലീസായ അവസാന ചിത്രം. പത്താം വയസ്സിൽ എൻ.എൻ.പിള്ളയുടെ ‘ഈശ്വരൻ അറസ്റ്റിൽ’ എന്ന നാടകത്തിൽ ബാലതാരമായി അഭിനയിച്ച് തുടങ്ങിയ കോട്ടയം പ്രദീപ് അൻപത് വർഷമായി നാടകരംഗത്ത് സജീവമായിരുന്നു.
കോട്ടയം ജില്ലയിലെ തിരുവാതുക്കലിലാണ് പ്രദീപ് ജനിച്ചതും വളർന്നതും. കാരാപ്പുഴ സര്‍ക്കാര്‍ സ്കൂൾ, കോട്ടയം ബസേലിയസ് കോളജ്, കോപ്പറേറ്റീവ് കോളജ് എന്നിവടങ്ങളിലായി പഠനം പൂര്‍ത്തിയാക്കി. 1989 മുതൽ എൽഐസിയിൽ ജീവനക്കാരനാണ്. അവസ്ഥാന്തരങ്ങൾ എന്ന ടെലി സീരിയലിനു ബാലതാരങ്ങളെ ആവശ്യമുണ്ട് എന്ന് കണ്ട് മകനെയും കൂട്ടി സെറ്റിലെത്തിയപ്പോഴാണ് മകന് പകരം സീനിയർ റോളിൽ അച്ഛനായ കോട്ടയം പ്രദീപിന് ടെലിവിഷനിൽ ആദ്യ അവസരം ലഭിക്കുന്നത്. ഭാര്യ: മായ, മക്കൾ: വിഷ്ണു, വൃന്ദ.






