അന്തരിച്ച കെപിഎസി ലളിതയ്ക്ക് ആദരവ് അര്‍പ്പിച്ച് നടന് മമ്മൂട്ടി. വളരെ വളരെ പ്രിയപ്പെട്ട ഒരാളെ എനിക്ക് നഷ്ടമായിരിക്കുന്നു, വിട്ടു പോകാത്ത ഓര്‍മ്മകളോടെ ആദരപൂര്‍വ്വമെന്ന് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു. മമ്മൂട്ടിയും കെപിഎസി ലളിതയും ജീവന് നല്കിയ മതിലുകളിലെ കഥാപാത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കെപിഎസി ലളിതയുടെ വിയോഗത്തിന് പിന്നാലെ ഇരുവരുടെയും മതിലുകളിലെ രംഗം സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായിരുന്നു.
കരള്‍ രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന കെപിഎസി ലളിത ഇന്ന് രാത്രി 11 മണിയോടെ തൃപ്പൂണിത്തറയിലെ സ്വവസതിയിലാണ് അന്തരിച്ചത്. നിരവധി ദേശീയ, സംസ്ഥാന പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. സ്വയം വരം, അനുഭവങ്ങള്‍ പാളിച്ചകള്‍, ചക്രവാളം, കൊടിയേറ്റം, പൊന്മുട്ടയിടുന്ന താറാവ്, വെങ്കലം, ദശരഥം, ഗോഡ്ഫാദര്, വടക്കു നോക്കി യന്ത്രം, അനിയത്തിപ്രാവ്, അമരം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. 550ലേറെ സിനിമകളില്‍ അഭിനയിച്ചു. കേരള സംഗീത നാടക അക്കാദമി ചെയര്‍പേഴ്സണായിരുന്നു.






