അന്തരിച്ച പ്രമുഖ നടി കെപിഎസി ലളിതയ്ക്ക് ആദരാജ്ഞലിയര്‍പ്പിച്ച് യുവതാരം ദുല്‍ഖര്‍ സല്മാന്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലാണ് കെപിഎസി ലളിതയുമായുള്ള ഓര്‍മ്മകള്‍ ദുല്‍ഖര്‍ പങ്കുവച്ചത്.
വെള്ളിത്തരയിലെ എന്റെ മികച്ച ജോഡി എന്ന് പരാമര്‍ശത്തോടെയാണ് ദുല്‍ഖര്‍ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. ഏറ്റവും സ്നേഹം തോന്നിയ സഹപ്രവര്‍ത്തക. അഭിനേത്രി എന്ന നിലയില്‍ അവര്‍ ഒരു മാന്ത്രികയായിരുന്നു എന്നും ദുല്‍ഖര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. തന്നിലെ പ്രതിഭയെ പുഞ്ചിരി പോലെ ലാഘവത്തോടെ പ്രതിഫലിപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചിരുന്നു. തന്നോടൊപ്പം അമ്മയും മകനുമായി നിരന്തരം കലഹിക്കുന്ന ഒരു സിനിമ ചെയ്യണമെന്ന് കെപിഎസി ലളിത ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അതിന് സമയം ലഭിക്കുമെന്ന് കരുതിയിരുന്നു. എന്നും ദുല്‍ഖര്‍ കെപിഎസി ലളിതയ്ക്ക് ഒപ്പമുള്ള ഫോട്ടോയുള്‍പ്പെടെ പങ്കുവച്ചായിരുന്നു ദുല്‍ഖറിന്റെ പ്രതികരണം.
കരള്‍ രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന കെപിഎസി ലളിത ഇന്ന് രാത്രി 11 മണിയോടെ തൃപ്പൂണിത്തറയിലെ സ്വവസതിയിലാണ് അന്തരിച്ചത്. നിരവധി ദേശീയ, സംസ്ഥാന പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. സ്വയം വരം, അനുഭവങ്ങള്‍ പാളിച്ചകള്‍, ചക്രവാളം, കൊടിയേറ്റം, പൊന്മുട്ടയിടുന്ന താറാവ്, വെങ്കലം, ദശരഥം, ഗോഡ്ഫാദര്, വടക്കു നോക്കി യന്ത്രം, അനിയത്തിപ്രാവ്, അമരം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. 550ലേറെ സിനിമകളില്‍ അഭിനയിച്ചു. കേരള സംഗീത നാടക അക്കാദമി ചെയര്‍പേഴ്സണായിരുന്നു.






