
സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ധന ചില്ലറ വ്യാപാരികൾ പുറത്തിറക്കിയ വിജ്ഞാപന പ്രകാരം 100 ദിവസത്തിലേറെയായി ഇന്ധനവില ഇന്നും മാറ്റമില്ലാതെ തുടരുകയാണ്. നവംബർ 3-ന്, ചില്ലറവിൽപ്പന വില റെക്കോർഡ് ഉയരത്തിൽ നിന്ന് കുറയ്ക്കാനായി എക്സൈസ് തീരുവ വെട്ടിക്കുറച്ചതിന് ശേഷം പെട്രോളിന് 5 രൂപയും ഡീസലിന് 10 രൂപയും തീരുവ കുറച്ചിരുന്നു. പല സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കേന്ദ്രത്തിന്റെ മാർഗ്ഗനിർദ്ദേശത്തെ പിന്തുടർന്ന് കൂടുതൽ ഇളവുകൾ നൽകിയതും ഉപഭോക്താക്കൾക്ക് ആശ്വാസമേകി.
ഡൽഹിയിൽ ഡിസംബർ 1 അർദ്ധരാത്രി മുതൽ പെട്രോളിന്മേലുള്ള പ്രാദേശിക വിൽപ്പന നികുതി അഥവാ മൂല്യവർധിത നികുതി (വാറ്റ്) 30ൽ നിന്ന് 19.4 ശതമാനമായി കുറച്ചു. ഇത് ലിറ്ററിന് ഏകദേശം 8 രൂപ കുറഞ്ഞ് 95.41 രൂപയാക്കി മാറ്റി. രാജ്യതലസ്ഥാനത്ത് ഡീസൽ വില മാറ്റമില്ലാതെ തുടരുകയാണ്. ലിറ്ററിന് 86.67 രൂപയാണ് നിരക്ക്.
ഇതുവരെ വാറ്റ് കുറയ്ക്കാത്ത സ്ഥലങ്ങളിൽ മഹാരാഷ്ട്ര, ജാർഖണ്ഡ്, തമിഴ്നാട് എന്നിവയുൾപ്പെടെ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളാണ്. ടിഎംസി ഭരിക്കുന്ന പശ്ചിമ ബംഗാൾ, ഇടതുപക്ഷം ഭരിക്കുന്ന കേരളം, ടിആർഎസ് നയിക്കുന്ന തെലങ്കാന, വൈഎസ്ആർ കോൺഗ്രസ് ഭരിക്കുന്ന ആന്ധ്രാപ്രദേശ് എന്നിവയും വാറ്റ് കുറച്ചിട്ടില്ല.






