മലയാളത്തിലെ എക്കാലത്തെയും മികച്ച നടിയായിരുന്നു കെപിഎസി ലളിതയെന്ന് സംവിധായകന് അടൂര്‍ പോഗാലകൃഷ്ണന്. എല്ലാ തലത്തിലുള്ള റോളുകളും അനായാസം ചെയ്ത നടിയായിരുന്നു ലളിത. എന്റെ സിനിമകളില്‍ മിക്കതിലും ലളിതയുണ്ടായിരുന്നു. വിധേയനെന്ന സിനിമയില്‍ മാത്രമേ ഇല്ലാതുള്ളൂ. മഹാനടിയാണ് ലളിത. അവരെ പറ്റി അമ്മ റോളുകള്‍ എന്നൊക്കെ രാവിലെ പലരും പറയുന്നത് കേട്ടു. അത് ശരിയല്ല. എല്ലാ റോളുകളും അഭിനയിക്കാന്‍ അമ്മയോ അമ്മൂമ്മയോ സഹോദരിയോ കാമുകിയോ എന്ന് വേണ്ട ഏത് റോളുകളിലും അത്യന്തം മനോഹരമായിട്ട് പെരുമാറാനും സംസാരിക്കാനും കഴിവുള്ള മഹാകലാകാരിയായിരുന്നു ലളിതയെന്ന് അടൂര്‍ ഗോപാലകൃഷ്ണന് മാധ്യമങ്ങളോട് പറഞ്ഞു.
ബഷീറിന്റെ നോവലിനെ അസ്പദമാക്കി തയ്യാറാക്കിയ മതിലുകള്‍ എന്ന സിനിമ, തന്റെ ശബ്ദം കൊണ്ട് മാത്രമാണ് ലളിത അവിസ്മരണീയമാക്കിയത്. മലയാളത്തില്‍ ആ കഥാപാത്രം ചെയ്യാന്‍ മറ്റാെരാളുമില്ലയെന്നും അദ്ദേഹം പറഞ്ഞു. 'പടം തീര്‍ത്തപ്പോള്‍ ആദ്യം കണ്ടത് കോഴിക്കോട്ടെ ബഷീറുള്പ്പെടെയുള്ള കലാസ്നേഹികളാണ്. അദ്ദേഹത്തിന് സിനിമ ഇഷ്ടമായി.ഞാന്‍ അദ്ദേഹത്തിന്റെയടുത്ത് സ്ക്രിപ്റ്റിന് അവകാശം ചോദിക്കാന്‍ പോവുമ്പോള്‍ ആരാണ് നാരായണിയെ അവതരിപ്പിക്കുന്നതെന്ന് അദ്ദേഹം കുസൃതി ചോദ്യം ചോദിച്ചു. അഭിനയിക്കുന്നയാളെ കാണിക്കില്ല ശബ്ദം മാത്രമേ ഉണ്ടാവൂ എന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ പടം നന്നാവുമല്ലോ എന്നാണ് അദ്ദേഹം പറഞ്ഞത്. ലളിതയാണ് ആ സിനിമ മനോഹരമാക്കിയത്...' അടൂര്‍ ഗോപാലകൃഷ്ണന് പറയുന്നു.






