ഫ്രഞ്ച് ടയര്‍ നിര്‍മാതാക്കളായ മിഷെലിന് പഞ്ചറാകാത്ത ടയര്‍ വികസിപ്പിക്കാന്‍ ഒരുങ്ങുന്നു. ജനറല്‍ മോട്ടോഴ്സിന്റെ വൈദ്യുത കാറായ ഷെവര്‍ലെ ബോള്‍ട്ടിന്റെ അടുത്ത തലമുറ മോഡലിന് വേണ്ടി പഞ്ചറാകാത്ത ടയര്‍ വികസിപ്പിയ്ക്കുന്നത്. എന്നാല്‍ പുതുതലമുറ ബോള്‍ട്ട് അവതരണത്തിനുള്ള സമയക്രമമൊന്നും ഷെവര്‍ലെ പ്രഖ്യാപിച്ചിട്ടില്ല.
പഞ്ചര്‍ ഒഴിവാക്കാനായി വായുരഹിതമായി പ്രവര്‍ത്തിക്കുന്ന അപ്റ്റിസ് ശ്രേണിയിലെ ടയറുകള്‍ മൂന്നു മുതല്‍ അഞ്ചു വര്‍ഷത്തിനകം വാണിജ്യാടിസ്ഥാനത്തില്‍ പുറത്തിറക്കാനാണു ശ്രമമെന്നും മിഷെലിന് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് അലെക്സിസ് ഗാര്സിന് വെളിപ്പെടുത്തി. ബെല്‍റ്റുകളും സ്പോക്കുകളും ഉപയോഗിച്ചാണു മിഷെലിന് അപ്റ്റിസ് ടയറിന്റെ നിര്‍മാണം. പഞ്ചറിനെ ചെറുക്കുന്നു എന്നതു തന്നെയാണ് 'അപ്റ്റിസി'ന്റെ ഏറ്റവും വലിയ പ്രത്യേകത. മര്ദത്തിലുണ്ടാവുന്ന അതിവേഗ വ്യതിയാനം മൂലം ക്രമരഹിതമായ തകരാറുകള്‍ സംഭവിക്കുന്നു എന്നതാണു പഞ്ചര്‍ മൂലമുള്ള പ്രത്യാഘാതം.
വാഹനഭാരം വഹിക്കാനായി ഘനം കുറഞ്ഞതെങ്കിലും കരുത്തുറ്റ ഫൈബര്‍ ഗ്ലാസാണു സ്പോക്കിനായി ഉപയോഗിച്ചിരിക്കുന്നത്. പഞ്ചര്‍ ചെറുക്കുന്ന ടയറുകളുടെ സാങ്കേതികവിദ്യയ്ക്കായി അന്‍പതോളം പകര്‍പ്പവകാശ അപേക്ഷകളും മിഷെലിന് സമര്‍പ്പിച്ചിച്ചുണ്ട്. വായുരഹിതമായി പ്രവര്‍ത്തിക്കുന്ന ടയറുകളുടെ പരീക്ഷണത്തിനായി 2019-ല്‍ തന്നെ മിഷെലിന്, ഷെവര്‍ലെ ബോള്‍ട്ട് ഉപയോഗിച്ചിരുന്നു. ബോള്‍ട്ടിനു പുറമെ മറ്റു ചില മോഡലുകളിലും അപ്റ്റിസ് പരീക്ഷണാടിസ്ഥാനത്തില്‍ ഇടംപിടിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മിനി കൂപ്പര്‍ എസ് ഇ മിഷെലിന് അപ്റ്റിസ് ടയറുമായി പരീക്ഷണ ഓട്ടം നടത്തിയിരുന്നു. ദശാബ്ദത്തോളം നീണ്ട ഗവേഷണ, വികസന പ്രവര്ത്തനങ്ങള്ക്കൊടുവിലായിരുന്നു 2019-ല്‍ മിഷെലിന് ഔപചാരികമായി 'അപ്റ്റിസ്' പുറത്തിറക്കിയത്.






