
ഫാഷന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലാത്ത താരമാണ് ബോളിവുഡ് നടി ഉര്‍വശി റൗട്ടേല. ഒരു വ്യാജവാര്‍ത്തയുടെ പേരില്‍ മറുപടിയുമായി എത്തിയിരിയ്ക്കുകയാണ് ഉര്‍വശി. അടുത്തിടെ മുംബൈ എയര്‍പോര്‍ട്ടില്‍ നിന്നുള്ള ഉര്‍വശിയുടെ ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു. ചിത്രത്തില്‍ ഉര്‍വശിയുടെ കഴുത്തില്‍ ചുവന്ന പാടുകള്‍ ഉണ്ടായിരുന്നു. പാപ്പരാസികള്‍ ഇത് 'ലവ് ബൈറ്റ്' ആണെന്ന തലക്കെട്ടോടെ വാര്‍ത്ത നല്‍കിയിരുന്നു. ഒടുവില്‍ വ്യാജവാര്‍ത്ത നല്‍കിയവര്‍ക്ക് മറുപടിയുമായി രംഗത്ത് എത്തുകയായിരുന്നു ഉര്‍വശി.
വിഡ്ഢിത്തമെന്നും തന്റെ ചുണ്ടിലുണ്ടായിരുന്ന റെഡ് ലിപ്സ്റ്റിക് ആണ് മാസ്കില്‍ നിന്ന് കഴുത്തിലേക്ക് പടര്‍ന്നതെന്നുമാണ് ഉര്‍വശി ട്വീറ്റ് ചെയ്തത്. ചുവപ്പ് ലിപ്സ്റ്റിക് നിലനിര്‍ത്തുക എന്നത് പാടാണെന്ന് ഏതു പെണ്‍കുട്ടിയോട് ചോദിച്ചാലും അറിയാം. ആരുടേയും പ്രതിച്ഛായ തകര്‍ക്കാന്‍ അവര്‍ക്ക് എന്തും എഴുതിവെക്കാമെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല, പ്രത്യേകിച്ച് സ്ത്രീകളുടേതെന്നും ഉര്‍വശി കുറിച്ചു. എന്തുകൊണ്ടാണ് അവര്‍ സ്വന്തം താല്പര്യങ്ങള്ക്കായി വ്യാജവാര്‍ത്തകള്‍ക്ക് പടര്ത്തുന്നതിനു പകരം തന്റെ നേട്ടങ്ങളെക്കുറിച്ച് എഴുതാത്തതെന്നും ഉര്‍വശി ട്വീറ്റില്‍ ചോദിക്കുന്നുണ്ട്.
മാത്രമല്ല, ഇരുപത്തിയെട്ടാം പിറന്നാള്‍ ആഘോഷത്തോട് അനുബന്ധിച്ച് ജീവിതത്തില്‍ പുലര്‍ത്താന്‍ പോകുന്ന പുതിയ തീരുമാനങ്ങളെക്കുറിച്ച് ഉര്‍വശി പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ വര്‍ഷം തന്നെ പ്രചോദിപ്പിക്കുന്ന മികച്ച കഴിവുകളുള്ള സ്ത്രീകളെ ചുറ്റിപ്പറ്റിയായിരിക്കണമെന്നാണ് ആഗ്രഹമെന്ന് ഉര്‍വശി കുറിച്ചു. എല്ലാവരും അവരവരുടെ പിറന്നാളിന് എന്തെങ്കിലും പുതിയ കാര്യങ്ങള്‍ പ്ലാന്‍ ചെയ്യണം. ചിലയാളുകള്‍ നിങ്ങളുടെ മാറ്റത്തെ മുന്‍വിധിയോടെ കാണും ചിലര്‍ നിങ്ങളുടെ വളര്‍ച്ചയെ ആഘോഷിക്കും. നിങ്ങളുടെ കൂട്ടത്തെ ശ്രദ്ധയോടെ തിരഞ്ഞെടുക്കണമെന്നും ഉര്‍വശി പറയുന്നു.
മറ്റുള്ളവരെക്കുറിച്ച് ഗോസിപ്പ് പറഞ്ഞിരിക്കാതെ എപ്പോഴും നിക്ഷേപങ്ങളെക്കുറിച്ചും ബിസിനസ് ആശയങ്ങളെക്കുറിച്ചും വ്യക്തിപരമായ വളര്‍ച്ചയെക്കുറിച്ചുമൊക്കെ സംസാരിക്കുന്നവരാണ് തനിക്കൊപ്പമുള്ള കൂട്ടം. ഗോസിപ്പിനായി കൂടെ കൂടുന്നവരുടെ നമ്പറുകള്‍ ഫോണുകളില്‍ നിന്ന് ഡിലീറ്റ് ചെയ്യണമെന്നും ശീലങ്ങള്‍ മാറ്റി ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യണമെന്നും ഉര്‍വശി പറയുന്നു.






