
ലോകമെമ്പാടും നിരവധി ആരാധകരുള്ള താരമാണ് പോപ് ഗായികയും അഭിനേത്രിയും ഫാഷനിസ്റ്റയുമായ റിഹാന. അടുത്തിടെയാണ് താരം ഗർഭിണിയാണെന്ന് വ്യക്തമാക്കിയത്. ഗർഭകാലത്തും സ്റ്റൈലിൽ ഒട്ടും വിട്ടുവീഴ്ച ചെയ്യാത്ത റിഹാനയുടെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
മാർച്ച് ഒന്നിനു നടന്ന പാരീസ് ഫാഷൻ വീക്കിൽ നിന്നുള്ള ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ലക്ഷ്വറി ഫാഷൻ ഹൗസായ ഡിയോവിനു വേണ്ടിയാണ് മനോഹരമായ ബ്ലാക്ക് നേക്ക്ഡ് ഡ്രസ് ധരിച്ച് റിഹാന എത്തിയത്. ലേസുകളുള്ള ട്യൂൽ ഡ്രസ്സാണ് റിഹാന ധരിച്ചത്.
ഡിയോവിൻറെ ഫാൾ 2020 കളക്ഷനിൽ നിന്നുള്ള കോട്ടു സഹിതമാണ് റിഹാന ബ്ലാക് ഡ്രസ്സ് ധരിച്ചത്. മനോഹരമായ സിൽവർ നിറത്തിലുള്ള ചോക്കറും ലേയറുകളുള്ള ചങ്കി നെക്ലസും വജ്രക്കമ്മല്ലുകളുമാണ് അണിഞ്ഞത്.
ജനുവരിയിലാണ് ഗർഭിണിയാണെന്ന വിവരം റിഹാന പുറത്തുവിട്ടത്.പങ്കാളി അസാപ് റോക്കിക്കൊപ്പമാണ് റിഹാന ഗർഭകാലചിത്രം പങ്കുവെച്ചത്. പിന്നാലെ ഗ്ലാമറസ് മെറ്റേണിറ്റി ഫോട്ടോ ഷൂട്ടും റിഹാന പങ്കുവെച്ചിരുന്നു.
ബാർബഡോസിലെ സെയ്ന്റ് മൈക്കിളിൽ ജനിച്ച റിഹാന തലസ്ഥാനമായ ബ്രിഡ്ജ്ടൗണിലാണ് വളർന്നത്. ദരിദ്രമായ ചുറ്റുപാടിൽ വളർന്ന അവരെ അമേരിക്കൻ പ്രൊഡ്യൂസറായ ഇവാൻ റോഗേഴ്സാണ് സംഗീതമേഖലയിൽ ഉയർത്തിക്കൊണ്ട് വന്നത്.
സംഗീതമേഖലയിൽ ഗ്രാമി പുരസ്കാരങ്ങൾപോലെ വലിയ അംഗീകാരങ്ങൾ സ്വന്തമാക്കിയ റിഹാന മേയ്ക്ക് അപ്, ഫാഷൻ രംഗത്തും വിജയക്കൊടി പാറിച്ചു. ഫെന്റി ബ്യൂട്ടി എന്ന പേരിൽ സൗന്ദര്യ വർധക ഉത്പന്നങ്ങളുടെ കമ്പനി ആരംഭിച്ചു. ഏറ്റവും കൂടുതൽ ആൽബങ്ങൾ വിറ്റഴിച്ചിട്ടുള്ള കലാകാരികളിൽ ഒരാളാണ് റിഹാന.
സംഗീത ജീവിതത്തിനിടയിൽ 8 ഗ്രാമി, 12 അമേരിക്കൻ സംഗീത പുരസ്കാരം അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.






