
ഭാഷ മനസിലാക്കുകയും അതുപയോഗിച്ച് ആശയവിനിമയം നടത്തുകയും ചെയ്യുന്നതാണ് ഭാഷാ വികാസം എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. ജനിച്ച് ആദ്യനാളുകളില്‍ തന്നെ ഭാഷാവികാസം ആരംഭിക്കുന്നു. കുട്ടികളിലെ ഭാഷാവികാസത്തിന് അവരുടെ മാനസികവും സാമൂഹികവുമായ വളര്‍ച്ചയില്‍ വളരെയേറെ പ്രാധാന്യമുണ്ട്. ഭാഷാ വികാസത്തിലെ താമസം മറ്റു പ്രശ്നങ്ങളുടെ സൂചനയാവാം. കേള്‍വിക്കുറവ്, ബുദ്ധി വികാസത്തിലുള്ള പ്രശ്നങ്ങള്‍, ഓട്ടിസം തുടങ്ങിയവ ഇതിന് ഉദാഹരണമാണ്.
കുഞ്ഞുങ്ങളിലെ ആശയനിവിമയം
ഭാഷയെ പ്രധാനമായും റിസെപ്റ്റീവ് ലാങ്ഗ്വജ് എന്നും എക്സ്പ്രസീവ് ലാങ്ഗ്വജ് എന്നും രണ്ടായി തിരിക്കാം. കുഞ്ഞുങ്ങള്‍ ഭാഷ മനസിലാക്കുന്നതിനെയാണ് റിസെപ്റ്റീവ് ലാങ്ഗ്വജ് എന്നു പറയുന്നത്. സംസാരത്തിലൂടെയോ ആംഗ്യഭാഷയിലൂടെയോ ഉള്ള ആശയവിനിമയത്തെ എക്സ്പ്രസീവ് ലാങ്ഗ്വജ് എന്നും പറയുന്നു.
രണ്ട് വയസ് വരെയുള്ള ഭാഷാവികാസം
നവജാത ശിശുക്കള്‍ ചുറ്റും കേള്‍ക്കുന്ന ശബ്ദം ശ്രദ്ധിക്കാന്‍ തുടങ്ങുന്നു. തുടര്‍ന്ന് 'ഊ, ഓ' തുടങ്ങിയ ശബ്ദങ്ങളുണ്ടാക്കാന്‍ ആരംഭിക്കുന്നു. മുതിര്‍ന്നവരുടെ സംസാരത്തിനോടുള്ള പ്രതികരണമെന്നോണം 2 മാസത്തോടുകൂടി കുഞ്ഞ് ചിരിക്കാനാരംഭിക്കും. 4 - 5 മാസങ്ങളില്‍ ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞു നോക്കുകയും ആറാം മാസത്തോടുകൂടി തുടര്‍ച്ചയായുള്ള പപപ... ബബബ... തുടങ്ങിയ ആദ്യ ശബ്ദങ്ങള്‍ ഉച്ചരിക്കാനും തുടങ്ങുന്നു.
ഈ സമയം ശബ്ദം അനുകരിക്കാനും കുഞ്ഞുങ്ങള്‍ പഠിക്കുന്നു. 8 - 9 മാസങ്ങളില്‍ 'അമ്മ', 'അച്ഛ' ഇവയില്‍ ഏതെങ്കിലും ഒരു വാക്ക് സംസാരിക്കാന്‍ ആരംഭിക്കുന്നു. പതിനൊന്നാം മാസം മുതല്‍ അമ്മയെയും അച്ഛനെയും തിരിച്ചറിഞ്ഞ് വിളിക്കുവാന്‍ തുടങ്ങുന്നു.
ഒരു വയസാകുന്നതോടു കൂടി 2 - 3 വാക്കുകള്‍ കുഞ്ഞ് പറയുകയും റ്റാറ്റാ, ബൈബൈ ആംഗ്യം കാണിക്കുകയും ചെയ്യുന്നു. ഒന്നേകാല്‍ വയസിനുള്ളില്‍ കുഞ്ഞ് ചുറ്റുമുള്ള പരിചിതമായ വസ്തുക്കള്‍ ചോദിക്കുമ്പോള്‍ ചൂണ്ടിക്കാണിക്കുവാനും പാട്ടു കേള്‍ക്കുമ്പോള്‍ ശരീരഭാഗങ്ങള്‍ ചലിപ്പിച്ച് പ്രതികരിക്കാനും ആരംഭിക്കുന്നു. കൂടാതെ മുതിര്‍ന്നവരുടെ ചോദ്യത്തോട് പ്രതികരിക്കുന്നു. ഒന്നര വയസിനുള്ളില്‍ കുഞ്ഞ് ശരീരഭാഗങ്ങള്‍ തിരിച്ചറിയുകയും തൊട്ടു കാണിക്കുകയും ചെയ്യുന്നു. രണ്ടു വയസാകുന്നതോടു കൂടി കുട്ടി കൂടുതല്‍ വാക്കുകള്‍ സംസാരിക്കുന്നു. രണ്ടോ മൂന്നോ വാക്കുകള്‍ കൂട്ടിച്ചേര്‍ത്ത് സംസാരിക്കാനും ആരംഭിക്കുന്നു. ചുറ്റുമുള്ള വസ്തുക്കളും ചിത്രങ്ങളും എല്ലാം തിരിച്ചറിയുന്നു. ഏതെങ്കിലും വസ്തു ചൂണ്ടിക്കാണിച്ച് എടുത്തുകൊണ്ടുവരാന്‍ ആവശ്യപ്പെട്ടാല്‍ അനുസരിക്കും. കൈയ്യിലിരിക്കുന്ന വസ്തു ആവശ്യപ്പെട്ടാല്‍ അനുകൂലമായോ പ്രതികൂലമായോ പ്രതികരിക്കും. ഇങ്ങനെയുള്ള ഭാഷാ വികാസം കുട്ടികള്‍ കാണിക്കുന്നുണ്ടോ എന്ന് മാതാപിതാക്കള്‍ ഉറപ്പാക്കേണ്ടതാണ്. ഭാഷാ വികാസത്തില്‍ ബുദ്ധിമുട്ട് കുഞ്ഞുങ്ങളില്‍ കാണുന്നുണ്ടെങ്കില്‍ വിദഗ്ധ സഹായം തേടേണ്ടത് അത്യാവശ്യമാണ്.
കടപ്പാട്:
ശിവകീര്‍ത്തന
ചൈല്‍ഡ് ഡവലപ്മെന്റ് തെറാപ്പിസ്റ്റ്.






