കൊവിഡുമായുള്ള നമ്മുടെ പോരാട്ടം തുടങ്ങിയിട്ട് രണ്ട് വര്‍ഷമാകുന്നു. ആല്‍ഫ, ബീറ്റ, ഡെല്‍റ്റ എന്നീ വകഭേദങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ ഒമിക്രോണ്‍ എന്ന വകഭേദത്തോടൊപ്പമാണ് നമ്മള് കടന്നു പോകുന്നത്. ഓരോ വകഭേദം വരുമ്പോഴും കൊവിഡ് ലക്ഷണങ്ങളില്‍ നേരിയ തോതിലെങ്കിലും വ്യത്യാസങ്ങള്‍ ഉണ്ടാകും. കൊവിഡ് പരിശോധനയില്‍ കണ്ടെത്താന്‍ ഏറെ പ്രയാസമുള്ള ഒമിക്രോണ്‍ ബിഎ.2 എന്ന ഒമിക്രോണ്‍ ഉപവകഭേദമാണ് കൂടുതല്‍ കേസുകളും സൃഷ്ടിക്കുന്നത്.
ഒമിക്രോണ്‍ ബിഎ.2വില്‍ മറ്റ് വകഭേദങ്ങളെ വെച്ച് പരിശോധിയ്ക്കുമ്പോള്‍ പ്രാഥമിക ലക്ഷണങ്ങളില്‍ വലിയ മാറ്റമില്ലെന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. തൊണ്ടവേദന, ചുമ, ചുമ്മല്‍, ജലദോഷം, ശരീരവേദന, തലവേദന തുടങ്ങിയ ലക്ഷണങ്ങളെല്ലാം തന്നെ ബിഎ.2വിലും കാണപ്പെടാം. ചിലരില്‍ ഇവയ്ക്കൊപ്പം പനിയും കാണാം. ഇതോടൊപ്പം രണ്ട് ലക്ഷണങ്ങള്‍ കാര്യമായ രീതിയില്‍ ഒമിക്രോണ്‍ ബിഎ.2വില്‍ കാണാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇതില്‍ ഒന്ന് അസഹനീയമായ തളര്‍ച്ച, രണ്ട് തലകറക്കം. എല്ലാവരിലും ഇത് ഒരുപോലെ കാണണമെന്നില്ല.
അതേസമയം ഒമിക്രോണ്‍ ബിഎ.2 ആണെങ്കില്‍ സാരമായ രീതിയില്‍ തന്നെ തളര്‍ച്ച അനുഭവപ്പെടാമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഒമിക്രോണ്‍ വകഭേദത്തെക്കാള്‍ 30 ശതമാനം കൂടുതല്‍ വേഗതയിലാണ് ബിഎ.2 രോഗവ്യാപനം നടത്തുന്നത്. എന്നാല്‍ ഡെല്‍റ്റയോളം അപകടകാരിയല്ല ഒമിക്രോണും, ബിഎ.2വും എന്നും പഠനങ്ങള്‍ പറയുന്നു. വാക്സിന് നല്കുന്ന പ്രതിരോധ ശക്തി, നേരത്തേ രോഗം ബാധിക്കപ്പെട്ടതിനെ തുടര്‍ന്ന് ആര്‍ജ്ജിക്കുന്ന പ്രതിരോധ ശക്തി എന്നിവയെ എല്ലാം എളുപ്പത്തില്‍ മറികടന്ന് ശരീരത്തിനുള്ളില്‍ പ്രവേശിക്കാനും, മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് പെട്ടെന്ന് തന്നെ പെരുകാനുമെല്ലാം ബിഎ.2വിന് സാധ്യമാണെന്നും പഠനത്തില്‍ പറയുന്നു.






