
ഒരു വ്യക്തിയുടെ നഖങ്ങള്‍ നോക്കിയാല്‍ പല അസുഖങ്ങളെ കുറിച്ചും മനസിലാക്കാന്‍ സാധിയ്ക്കും. ഡോക്ടര്‍മാര്‍ രോഗിയുടെ കൈകളും നഖങ്ങളും പരിശോധിയ്്ക്കുന്നതും പതിവാണ്. നഖങ്ങളില്‍ കാണുന്ന നിറവ്യത്യാസങ്ങള്‍ മനസിലാക്കി അസുഖങ്ങളെ കുറിച്ച് മനസിലാക്കാന്‍ സാധിയ്ക്കും. നഖങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന അനാരോഗ്യകരമായ മാറ്റങ്ങളിലൂടെ എന്തൊക്കെ അസുഖങ്ങള്‍ ആയിരിക്കാം നിങ്ങളെ ബാധിച്ചിരിയ്ക്കുന്നതെന്ന് ഒരു പരിധി വരെ മനസിലാക്കാം.
നഖങ്ങളുടെ അറ്റം അര്‍ധചന്ദ്രാകൃതിയില്‍ അല്ലെങ്കില്‍ - ആരോഗ്യമുള്ള ഒരാളുടെ നഖങ്ങളുടെ അറ്റം അര്‍ധചന്ദ്രാകൃതിയിലാണ് കാണപ്പെടേണ്ടത്. ഇങ്ങനെയല്ല കാണപ്പെടുന്നത് എങ്കില്‍ അത് പോഷകാഹാരക്കുറവ്, വിഷാദരോഗം, വിളര്‍ച്ച എന്നിങ്ങനെയുള്ള പ്രശ്നങ്ങളുടെ ലക്ഷണമാകാം. ക്ഷീണം, ഉത്കണ്ഠ, തലകറക്കം എന്നിവ കൂടി അനുഭവപ്പെടുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ഒരു ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടതാണ്.
നഖങ്ങളില്‍ വരകള്‍ - ചിലരില്‍ പാരമ്പര്യഘടകങ്ങളുടെ ഭാഗമായി നഖങ്ങളില്‍ വരകള്‍ ഉണ്ടാകാറുണ്ട്. ആദ്യഘട്ടത്തില്‍ ഇത് നേര്‍ത്തതും പിന്നീട് പ്രായം ഏറും തോറും കട്ടി കൂടി വരുന്നതും ആകാം. ഇങ്ങനെയല്ലാതെ നഖത്തില്‍ നീളത്തിലും കുറുകെയും വരകള്‍ വീഴുന്നത് സോറിയാസിസ് രോഗം, ആര്‍ത്രൈറ്റിസ്, വൃക്ക രോഗം, എല്ല് സംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയുടെ ലക്ഷണമാകാം. നഖത്തില്‍ കുറുകെയുള്ള വരകളാണെങ്കില്‍ ഇത് വൃക്ക രോഗത്തെ സൂചിപ്പിക്കുന്നതാകാം.
നഖത്തില്‍ വെളുത്ത നിറത്തില്‍ കുത്തുകളും വരകളും - ചിലരുടെ നഖത്തില്‍ വെളുത്ത നിറത്തില്‍ കുത്തുകളോ വരകളോ കാണാറുണ്ട്. ഇത് അധികവും സിങ്ക്, കാത്സ്യം എന്നിവയുടെ കുറവിനെ സൂചിപ്പിക്കുന്നു. നഖത്തില്‍ ചിതറിയ പോലെ ധാരാളം വെള്ള വരകളോ കുത്തുകളോ കാണുന്നത് അലര്‍ജിയുടെയോ ഫംഗല്‍ ബാധയുടെയോ ലക്ഷണമായും കണക്കാക്കാം.
നഖം വിളര്‍ത്തും മഞ്ഞനിറത്തിലും കാണുന്നു - ചിലരില്‍ നഖം വിളര്‍ത്തും മഞ്ഞനിറത്തിലും കാണാറുണ്ട്. ഇത് കരള്‍, വൃക്ക, ഹൃദയം എന്നിങ്ങനെയുള്ള അവയവങ്ങളെ സംബന്ധിക്കുന്ന പ്രസ്നങ്ങളെയോ, വിളര്‍ച്ചയെയോ ( അനീമിയ ), പോഷകാഹാരക്കുറവിനെയോ സൂചിപ്പിക്കുന്നതാകാം. ഒപ്പം തന്നെ ശ്വാസകോശരോഗമായ 'ക്രോണിക് ബ്രോങ്കൈറ്റിസ്', തൈറോയ്ഡ്, മറ്റ് ശ്വാസകോശരോഗങ്ങള്‍, പ്രമേഹം, ചര്‍മ്മത്തെ ബാധിക്കുന്ന 'സോറിയാസിസ്' എന്നീ പ്രശ്നങ്ങളുടെ ഭാഗമായും ഇത് വരാം.
നഖത്തില്‍ കറുത്ത നിറമോ, കറുത്ത വരയോ - നഖത്തില്‍ കറുത്ത നിറമോ, കറുത്ത വരകളോ ഉണ്ടാകുന്നത് ഏതെങ്കിലും തരത്തിലുള്ള പരിക്കുകളുടെ ഭാഗമായോ അവയുടെ അവശേഷിപ്പായോ എല്ലാമാണ്. ചില സന്ദര്‍ഭങ്ങളില്‍ 'മെലനോമ' എന്ന ക്യാന്‍സറിന്റെ സൂചനയായും ഇങ്ങനെ സംഭവിക്കാറുണ്ട്. അതിനാല്‍ ദീര്‍ഘകാലം ഈ നിറവ്യത്യാസം കാണുകയാണെങ്കില്‍ നിര്‍ബന്ധമായും ഡോക്ടറെ കണ്ട് വേണ്ട പരിശോധനകള്‍ നടത്താം.
നഖം പൊട്ടുന്നത് - ചിലരില്‍ നഖം പൊട്ടിപ്പോകാറുണ്ട്. തൈറോയ്ഡിന്റെയോ ഫംഗല്‍ അണുബാധയുടെയോ ഭാഗമായി ഇത് സംഭവിക്കാം. അതുപോലെ അമിതമായ നനവ്, അമിതമായ നെയില്‍ പോളിഷ്- നെയില്‍ പോളിഷ് റിമൂവര്‍ പോലുള്ള കെമിക്കലുകളുടെ ഉപയോഗം എന്നിവയും നഖം കൂടെക്കൂടെ പൊട്ടാനിടയാക്കും.






