
ചെന്നൈ: രജനീകാന്തിന്റെ കടുത്ത ആരാധകനായ എപി മുത്തുമണി അന്തരിച്ചു. ശ്വാസകോശ രോഗത്തെത്തുടര്‍ന്ന് ഏറെനാള്‍ ചികിത്സയിലായിരുന്നു. രജനീകാന്തിന് ആദ്യമായി ആരാധകസംഘടന രൂപവത്കരിച്ചത് മുത്തുമണിയായിരുന്നു. മധുര മുത്തുമണി എന്ന് അറിയപ്പെട്ടിരുന്ന ഇയാള്‍ രജനീകാന്തിന് ഏറ്റവും അടുപ്പമുണ്ടായിരുന്ന ആരാധകനാണ്.
1977 ലാണ് രജനീകാന്തിനായി ആദ്യത്തെ ഫാന്‍ ക്ലബ്ബ് മുത്തുമണി ആരംഭിക്കുന്നത്. അന്ന് രജനീകാന്ത് വില്ലന്‍ വേഷം ചെയ്തുകൊണ്ടിരുന്ന സമയമാണ്. 1984 ല്‍ പുറത്തിറങ്ങിയ 'അന്പുളള രജനീകാന്ത്' സിനിമയിലെ 'മുത്തുമണി ചൂടരേ വാ' എന്നുതുടങ്ങുന്ന പാട്ട് മുത്തുമണിക്കായി രജനീകാന്ത് സമര്‍പ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
വിവാഹം സൂപ്പര്‍താരത്തിന്റെ നേത്യത്വത്തില്‍ നടത്തണമെന്ന് മുത്തുമണി ആഗ്രഹം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് 1993 ല്‍ വധൂവരന്മാര ചെന്നെയിലെ വീട്ടില്‍ വിളിച്ചുവരുത്തി ചടങ്ങ് നടത്തി. പോയസ് ഗാര്‍ഡിനിലെ രജനിയുടെ വീട്ടിലെ പൂജാമുറിയിലായിരുന്നു താലികെട്ട്. കുറച്ചുകാലം മുമ്പ് രോഗം പിടിപെട്ടപ്പോള്‍ മധുരയില്‍നിന്ന് ചെന്നെയിലെത്തിച്ച് ചികിത്സനല്കാന് രജനി സൗകര്യമെരുക്കിയിരുന്നു. 2020 ല്‍ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിച്ചപ്പോള്‍ ഫോണില്‍വിളിച്ച് രജിനി ആരോഗ്യവിവരം തിരക്കി.






