ബോളിവുഡ് താരം നീന ഗുപ്തയുടെ മകളും ഡിസൈനറും നടിയുമായ മസാബ ഗുപ്തയുടെ തുറന്നു പറച്ചിലാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. നീന ഗുപ്തയ്ക്ക് മുന്‍കാമുകനും വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരവുമായ വിവിയന്‍ റിച്ചാര്‍ഡ്സില്‍ ഉണ്ടായ മകളാണ് മസാബ. നിറത്തിന്റെ പേരില്‍ പല തരത്തിലുള്ള മാറ്റി നിര്‍ത്തലുകള്‍ താന്‍ അനുഭവിച്ചിട്ടുണ്ടെന്നാണ് മസാബ തുറന്നു പറഞ്ഞിരുന്നു. ഇപ്പോഴിതാ വീണ്ടും ആ കാലത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് മസാബ.
'' സ്കൂള്‍ ദിനങ്ങളില്‍ നേരിട്ട അവഹേളനം മൂലം തനിക്ക് മറ്റാരെങ്കിലും ആയാല്‍ മതി എന്നു വരെ തോന്നിയിരുന്നു. താനെങ്ങനെയായിരുന്നോ അതില്‍ നിന്ന് മാറ്റം വരണമെന്ന് ആഗ്രഹിച്ചിരുന്നു. മറ്റാരെങ്കിലും ആയാല്‍ മതിയെന്ന് തോന്നിയിരുന്നു. താനെങ്ങനെയായിരുന്നോ അതിനെ സ്വീകരിക്കാന്‍ പ്രാപ്തമായിരുന്നില്ല. എന്തുകൊണ്ടാണ് മുടി ഇങ്ങനെ, ചുണ്ടുകള്‍ ഇങ്ങനെ, ശരീരം ഇങ്ങനെ എന്നെല്ലാം തോന്നി. ഇതിന് പരിഹാരമായി അമ്മയുടെ ഫൗണ്ടേഷന് ആണ് കണ്ടെത്തിയത്.
അമ്മയുടെ മേക്അപ് കിറ്റില്‍ നിന്ന് ഫൗണ്ടേഷനെടുത്ത് നിറം വെപ്പിക്കാന്‍ നോക്കും. ബാത്റൂമില്‍ നില്ക്കുമ്പോള് നിറം തിരിച്ചറിയാതിരിക്കാന്‍ ലൈറ്റ് ഇടാറില്ലായിരുന്നു. അങ്ങനെ എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഒരുദിവസം അമ്മയുടെ ഫൗണ്ടേഷനെടുത്ത് ബാത്റൂമില്‍ കയറി. ഇരുണ്ട ബാത്റൂമില്‍ നിന്ന് മുഖത്ത് തനിക്ക് കാണുന്ന പാടുകള്‍ക്ക് മുകളില്‍ ഫൗണ്ടേഷനിടും. സ്കൂളില്‍ അങ്ങനെ പോയ ദിവസം എല്ലാവര്ക്കും അത് മനസ്സിലായി. വെള്ള കുത്തുകള്‍ പോലെയായിരുന്നു ഞാന്‍ മുഖത്ത് ഫൗണ്ടേഷന് ഇട്ടിരുന്നത് '' - മസാബ പറയുന്നു.






