
ബോളിവുഡില്‍ ട്രോളുകള്‍ നേരിടുന്ന നടിമാരില്‍ മുന്നിലാണ് നടി മലൈക അറോറ. നാല്പതുകളിലും ചുറുചുറുക്കോടെ നടക്കുന്ന മലൈകയെ വസ്ത്രധാരണത്തിന്റെ പേരിലും പ്രണയത്തിന്റെ പേരിലുമൊക്കെ ട്രോള്‍ ചെയ്യുന്നവരുണ്ട്. ജീവിതത്തില്‍ നേരിടുന്ന ട്രോളിനെക്കുറിച്ചും സെക്സി ടാഗ് ലൈനില്‍ ഇപ്പോഴും അറിയപ്പെടുന്നതിനെക്കുറിച്ചുമൊക്കെ് പങ്കുവയ്ക്കുകയാണ് മലൈക.
പിങ്ക് വില്ലയ്ക്ക് നല്കിയ അഭിമുഖത്തിലാണ് മലൈക ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. ബോറിങ് എന്ന പേരില്‍ അറിയപ്പെടുന്നതിനേക്കാള്‍ സെക്സി, സ്പൈസി ടാഗ് ലൈനില്‍ അറിയപ്പെടാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് എപ്പോഴും പറയാറുണ്ടെന്ന് മലൈക പറയുന്നു.
ജീവിതത്തില്‍ വളരെ താഴ്ന്ന മാനസികാവസ്ഥയിലൂടെ കടന്നുപോകുന്ന സാഹചര്യങ്ങള്‍ ഉണ്ടാകാറുണ്ടെന്നും മലൈക പറയുന്നു. മാസത്തില്‍ പതിനഞ്ചു ദിവസത്തില്‍ ഏറ്റവും സന്തോഷത്തിലാണെങ്കില്‍ അടുത്ത പതിനഞ്ചു ദിവസങ്ങള്‍ താന്‍ സമ്മര്‍ദത്തിലായിരിക്കും. ചില ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ കൊണ്ടും മറ്റും എല്ലാ സ്ത്രീകളും കടന്നുപോകുന്ന അവസ്ഥയാണത്. ആ പതിനഞ്ചു ദിവസങ്ങളില്‍ താന്‍ വിഷാദത്തിലും വീര്പ്പുമുട്ടലിലുമായിരിക്കുമെന്നും മലൈക.
അരക്ഷിതാവസ്ഥകളെയും ട്രോളുകളെയും കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചും മലൈക പങ്കുവെച്ചു. സ്ട്രെച്ച് മാര്‍ക്കുകള്‍ ഉള്ളതിന്റെ പേരില്‍ ട്രോള്‍ ചെയ്യപ്പെടുകയാണെങ്കില്‍ അതങ്ങനെ ആയിക്കോട്ടെ. ആളുകള്‍ക്ക് ജീവിതത്തില്‍ ആഴത്തിലുള്ള അരക്ഷിതാവസ്ഥകളുണ്ട്. ഓരോ വര്‍ഷവും വലുതും മികച്ചതുമാവും എന്നതിന്റെ സാക്ഷ്യമാണ് എന്റെ നരച്ച മുടിയിഴകള്‍ മലൈക കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം വസ്ത്രധാരണത്തിന്റെ പേരില്‍ നേരിട്ട ട്രോളുകളോട് മലൈക പ്രതികരിച്ചത് വൈറലായിരുന്നു. ഫര്ഹാന് അക്തര്‍ ഷിബാനി ദണ്ഡേകര്‍ ദമ്പതികളുടെ വിവാഹത്തിനായി മലൈക ധരിച്ച ബ്ലാക് ഡ്രസ്സാണ് ഏറെ ട്രോളുകള്‍ക്ക് ഇടയാക്കിയത്. താരത്തിന് തീരെ ചേരാത്ത വസ്ത്രമെന്നും പ്രായത്തിന് അനുസരിച്ച വസ്ത്രം ധരിക്കൂ എന്നുമൊക്കെ കമന്റുകള്‍ ഉയര്‍ന്നിരുന്നു. ഇതോടെയാണ് മലൈക പ്രതികരണവുമായി എത്തിയത്.
റിഹാനയും ജെന്നിഫര്‍ ലോപസും ബിയോണ്സുമൊക്കെയാണ് ഇവ ധരിക്കുന്നതെങ്കില്‍ മനോഹരം എന്നു പറയുന്നവര്‍ തന്നെ ഇവിടെ ട്രോള്‍ ചെയ്യുന്നതിനെക്കുറിച്ചാണ് മലൈക പറയുന്നത്. അതേ പോലെ ഇവിടെ ആവര്‍ത്തിച്ചാല്‍ ഇവള് എന്താണ് ചെയ്യുന്നത്, ഒരു അമ്മയല്ലേ, അതാണ്, ഇതാണ് എന്നെല്ലാം പറയും. എന്തിനാണ് ഈ കപടനാട്യം? എന്തുകൊണ്ടാണ് ഒരേകാര്യത്തെ രണ്ടുരീതിയില്‍ സമീപിക്കുന്നതെന്നും ഇത് ഇരട്ടത്താപ്പാണെന്നും പറയുകയായിരുന്നു മലൈക.
അമൃത അറോറയ്ക്കും കരീന കപൂറിനും കരിഷ്മ കപൂറിനുമൊപ്പമാണ് മനോഹരമായ ബ്ലാക് ഡ്രസ്സ് ധരിച്ച് മലൈക വിവാഹ വേദിയിലെത്തിയത്. ഇത്തരം ട്രോളുകള്‍ ഒരു പരിധി വരെ തന്നെ ബാധിക്കാറുണ്ടെന്നും മലൈക പറയുന്നു. ആദ്യം അല്പം അസ്വസ്ഥയായാലും സമയം പോകുന്നതിനൊപ്പം താനവ തുടച്ചുനീക്കാറുണ്ടെന്നും മലൈക പറഞ്ഞിരുന്നു.






