
പുകയിലയുടെ ദൂഷ്യവശങ്ങളെ കുറിച്ചുള്ള അവബോധം വളരെ ഉയര്‍ന്നതായിട്ടും ഇന്ത്യയില്‍ പുകയില ഉപയോഗിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. ആഗോള അഡല്‍റ്റ് ടുബാക്കോ സര്‍വേ പ്രകാരം ഇന്ത്യയിലെ 15 വയസ്സിനു മുകളിലുള്ള ജനസംഖ്യയില്‍ 28.6 ശതമാനം പേരും നിലവില്‍ പുകയില ഉപയോഗിക്കുന്നവരാണ്. മുതിര്‍ന്നവരില്‍ 24.9 ശതമാനം പേര് ദിവസവും പുകയില ഉപയോഗിക്കുമ്പോൾ 3.7 ശതമാനം പേര് വലപ്പോഴും ഇത് ഉപയോഗിക്കുന്നു. ഖൈനി, ഗുഡ്ക, സര്‍ദ, മുറുക്ക് പുകയില എന്നിവയ്ക്കാണ് ഇന്ത്യയില്‍ ബീഡി, സിഗരറ്റ്, ഹുക്ക എന്നിവയേക്കാൾ പ്രചാരം.
പുകയില ഗൗരവതരമായ രോഗമുണ്ടാക്കുന്നതായി 92.4 ശതമാനം മുതിര്‍ന്നവരും വിശ്വസിക്കുന്നതായും സര്‍വേ ചൂണ്ടിക്കാട്ടുന്നു. പുകയില ഉപയോഗം പക്ഷാഘാതം ഉണ്ടാക്കുമെന്ന് 65.8 ശതമാനം പേരും ഹൃദയാഘാതം ഉണ്ടാക്കുമെന്ന് 76.7 ശതമാനം പേരും ശ്വാസകോശാര്‍ബുദം ഉണ്ടാക്കുമെന്ന് 93.5 ശതമാനം പേരും ക്ഷയത്തിന് കാരണമാകുമെന്ന് 92.3 ശതമാനം പേരും വിശ്വസിക്കുന്നു. പുകയില ശ്വാസകോശത്തിനുണ്ടാക്കുന്ന പ്രശ്നങ്ങളെ കുറിച്ച് കാര്യമായ അവബോധം ഉണ്ടെങ്കിലും അതിന്റെ മറ്റ് ചില വശങ്ങളെ കുറിച്ച് പലരും കാര്യമായി ചിന്തിക്കാറില്ല. പുകയില മൂലമുണ്ടാകുന്ന മറ്റ് ചില പ്രശ്നങ്ങള്‍ ഇനി പറയുന്നവയാണ്.
കേന്ദ്ര നാഡീ വ്യവസ്ഥ
പുകയിലയില്‍ അടങ്ങിയിരിക്കുന്ന നിക്കോട്ടീന് തലച്ചോറിന്റെ ആരോഗ്യത്തെ ബാധിക്കും. തലച്ചോറിലെ സിഗ്നലുകളുടെ പാത അനുകരിക്കുന്ന നിക്കോട്ടീന് ന്യൂറോട്രാന്‍സ്മിറ്ററായ അസറ്റൈല്‍കോളിന്റെ രൂപത്തിന് സമാനമായ രൂപമാണ്. ഇതിന്റെ ഫലമായി തലച്ചോറിലെ സിഗ്നലുകള്‍ പുകവലിക്കുമ്പോൾ വര്‍ധിക്കുന്നു. ഡോപ്പമിന്‍ ഉത്പാദനത്തെയും ഉത്തേജിപ്പിക്കുക വഴി നിക്കോട്ടീന് സുഖമുള്ള ഒരനുഭൂതി സൃഷ്ടിച്ചെടുക്കുന്നു. അതേ സമയം ഈ വര്‍ധിച്ച സിഗ്നലുകള്‍ കുറയ്ക്കാന്‍ വേണ്ടി തലച്ചോറിന് അസറ്റൈല്‍കോളിന്‍ റിസപ്റ്ററുകളുടെ എണ്ണം കുറയ്ക്കേണ്ടി വരുന്നു. ഇത് ശരീരത്തില്‍ നിക്കോട്ടീന് ടോളറന്‍സ് സൃഷ്ടിക്കുകയും കൂടുതല്‍ നിക്കോട്ടീന് വേണ്ടി ശരീരം കൊതിക്കുന്ന അവസ്ഥ വരികയും ചെയ്യുന്നു.
സുഖമുണ്ടാക്കുന്ന കേന്ദ്രങ്ങളെ നിക്കോട്ടീന് ഉത്തേജിപ്പിക്കുന്നതിനാല്‍ ശരീരം പുകവലിയെ വല്ലാത്ത ഒരു അനുഭൂതിയുമായി ബന്ധപ്പെടുത്തി ഓര്‍മിപ്പിക്കുന്നു. ഇത് മൂലമാണ് പുകവലി ആരംഭിക്കുന്നവര്‍ക്ക് നിര്‍ത്താന്‍ കഴിയാത്ത അവസ്ഥയുണ്ടാക്കുന്നത്. പുകവലി നിര്‍ത്തുമ്പോൾ ഇത് തലച്ചോറിന്റെ ധാരണാശേഷിയെ ബാധിക്കുകയും ഉത്കണ്ഠ, ദേഷ്യം, വിഷാദം, തലവേദന, ഉറക്കമില്ലായ്മ തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.
പെരിയോഡോണ്ടിസ്
പല്ലിനെ താങ്ങി നിര്‍ത്തുന്ന കോശങ്ങളെ ബാധിക്കുന്ന ഇന്‍ഫ്ളമേറ്ററി രോഗമാണ് പെരിയോഡോണ്ടിസ്. സ്ഥിരമായ പുകയില ഉപയോഗം മോശം ദന്താരോഗ്യത്തിലേക്കും നയിക്കാം.
ദഹനവ്യവസ്ഥ
വായ, തൊണ്ട, ശബ്ദനാളി എന്നിവയെല്ലാം ഉള്‍പ്പെടുന്ന ദഹന സംവിധാനത്തിനും പുകവലി ഹാനീകരമാണ്. വായിലും അന്നനാളിക്കും പാന്‍ക്രിയാസിനും അര്ബുദമുണ്ടാക്കാനുള്ള സാധ്യതയും പുകവലി വര്‍ധിപ്പിക്കുന്നു. പുകവലി ഇന്‍സുലിന്‍ ഉത്പാദനത്തെ ബാധിക്കുന്നത് പ്രമേഹത്തിനും അനുബന്ധ സങ്കീര്‍ണതകള്‍ക്കുമുള്ള സാധ്യതയുമേറ്റുന്നു.
കാര്‍ഡിയോ വാസ്കുലര്‍ സംവിധാനം
ഹൃദയത്തെയും രക്തധമനികളെയുമെല്ലാം പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ് പുകയില ഉപയോഗം. നിക്കോട്ടീന് ഉപയോഗിക്കുന്നവരില്‍ രക്തധമനികള്‍ വലിഞ്ഞു മുറുകുകയും ഇത് മൂലം രക്തപ്രവാഹം തടസ്സപ്പെടുകയും ചെയ്യും. രക്തക്കുഴലുകള്‍ ചുരുങ്ങുന്നത് പെരിഫെറല്‍ ആര്‍ട്ടറി രോഗത്തിലേക്ക് നയിക്കും. പുകവലി രക്തധമനികളുടെ ഭിത്തികളെ ദുര്‍ബലമാക്കുകയും രക്തം കട്ടപിടിപ്പിക്കുകയും ചെയ്യുന്നതിനാല്‍ രക്തസമ്മര്‍ദം ഉയര്‍ന്ന് പക്ഷാഘാതം ഉണ്ടാകാനുള്ള സാധ്യതയും നിലനില്ക്കുന്നു. ഒരു തവണ ഹൃദയാഘാതമുണ്ടാകുകയോ ബൈപാസ് സര്‍ജറി നടത്തുകയോ രക്തക്കുഴലില്‍ സ്റ്റെന്റ് ഇടുകയോ ഒക്കെ ചെയ്തവര്‍ പുകവലിച്ചു കഴിഞ്ഞാല്‍ ഇവരുടെ സ്ഥിതി വഷളാകാന്‍ സാധ്യതയുണ്ട്.
പുകവലിക്കുന്നവര്‍ക്ക് മാത്രമല്ല അവരുടെ അടുത്ത് നില്‍ക്കുന്നവര്‍ക്ക് പോലും ഹൃദയാരോഗ്യ പ്രശ്നമുണ്ടാക്കാന്‍ പുകവലിക്ക് സാധിക്കും. സ്വയം പുകവലിയും പുകയില ഉപയോഗവും നിയന്ത്രിക്കാന്‍ സാധിക്കാത്തവര്‍ ഡോക്ടര്‍മാരുടെയും തെറാപിസ്റ്റുകളുടെയും സഹായം ഇതിനായി തേടേണ്ടതാണ്.






