
കൊളംബോ: ശ്രീലങ്കയിൽ പണപ്പെരുപ്പത്തിൽ പ്രതിഷേധിച്ച് ജനം
തെരുവിലിറങ്ങി. അവശ്യവസ്തുക്കൾ ഇറക്കുമതി ചെയ്യാൻ കഴിയാതെ ക്ഷാമം രൂക്ഷമായതാണ് പ്രതിസന്ധിയ്ക്കു കാരണം.
ഇതിനു പരിഹാരം കാണാൻ മാർച്ച് എഴിനു ശ്രീലങ്കൻ രൂപയുടെ മൂല്യം 15% കുറച്ചിരുന്നു. ഇത് സാധനങ്ങളുടെ വില കുതിച്ചുയരാൻ കാരണമായി. വിദേശ നാണയം ഇല്ലാത്തതിനാലാണ് അവശ്യവസ്തുക്കൾ പോലും ഇറക്കുമതി ചെയ്യാൻ ശ്രീലങ്കയ്ക്ക് കഴിയാത്തത്.
ശ്രീലങ്കൻ ധനമന്ത്രി ബേസിൽ രാജപക്സെ ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു. 100 കോടി ഡോളറിന്റെ സഹായം തേടിയാണ് സന്ദർശനം.
പെട്രോളിനും ഡീസലിനും വില 40% വർധിച്ചു. ഇതോടെ ഇന്ധനക്ഷാമം രൂക്ഷമായി. പെട്രോൾ വില ലിറ്ററിന് 283 ശ്രീലങ്കൻ രൂപയും ഡീസലിന് 176 രൂപയുമാണ്. ഇതും മണിക്കൂറുകളോളം കാത്തുനിന്നാണ് വാങ്ങേണ്ടി വരുന്നത്.
263 രൂപയാണ് ഒരു ലീറ്റർ പാലിന് വില. ഒരു കിലോഗ്രാം അരിക്ക് 448 രൂപയും. വൈദ്യുതനിലയങ്ങൾ അടച്ചതോടെ ദിവസവും ഏഴര മണിക്കൂർ പവർകട്ട് ഏർപ്പെടുത്തി.






