
ബോളിവുഡിലെ പ്രമുഖ നടിയും, ഡിസൈനറുമാണ് നീന ഗുപ്ത. ഫാഷന്‍ സെന്‍സിന്റെ കാര്യത്തിലും താരം ഒട്ടും പുറകിലല്ല. തനിക്കിഷ്ടമുള്ള വസ്ത്രമാണെങ്കില്‍ വിമര്ശകരെയൊന്നും നീന വകവെക്കില്ല. ഇപ്പോഴിതാ വസ്ത്രധാരണത്തിന്റെ പേരിലുള്ള ട്രോളുകളെക്കുറിച്ചാണ് നീന പങ്കുവെച്ചിരിക്കുന്നത്. ഇറക്കം കുറഞ്ഞ ഔട്ട്ഫിറ്റുകള് ധരിക്കുന്നവരോടുളള സമൂഹത്തിന്റെ കാഴ്ച്ചപ്പാടിനെ കുറിച്ചാണ് നീന ഇന്‍സ്റ്റഗ്രാമിലൂടെ വ്യക്തമാക്കുന്നത്.
കറുത്ത നിറത്തിലുള്ള സ്ട്രാപ്പി ഡ്രസ് ധരിച്ചാണ് നീന വസ്ത്രധാരണത്തിന് മേലുള്ള മുന്‍വിധികളെ കുറിച്ച് പറഞ്ഞിരിക്കുന്നത്. '' സെക്സി ആയ വസ്ത്രങ്ങള്‍ ധരിക്കുന്ന സ്ത്രീകള്‍ വിലയില്ലാത്തവരാണ് എന്നൊരു ചിന്താഗതിയുണ്ട്. എന്നാല്‍ താന്‍ സംസ്കൃതത്തില്‍ എംഫില്‍ എടുത്തിട്ടുള്ളയാളാണ്. ഇനിയും നിരവധി നേട്ടങ്ങളെക്കുറിച്ച് സംസാരിക്കാനുണ്ട്. അതിനാല്‍ ഒരു സ്ത്രീ ധരിക്കുന്ന ഔട്ട്ഫിറ്റിന്റെ പേരില്‍ അവരെ വിലയിരുത്തരുത്. ട്രോള്‍ ചെയ്യുന്നവര്‍ ഈ കാര്യം അറിഞ്ഞിരിക്കണം'' - നീന പറയുന്നു.






