
കോവിഡുമായുള്ള നമ്മുടെ പോരാട്ടം തുടങ്ങിയിട്ട് രണ്ട് വര്‍ഷമാകുന്നു. ആല്‍ഫ, ബീറ്റ, ഡെല്‍റ്റ എന്നീ വകഭേദങ്ങള്‍ക്ക് ശേഷം വന്ന വേരിയന്റായിരുന്നു ഒമിക്രോണ്‍. ഓരോ വകഭേദം വരുമ്പോഴും കൊവിഡ് ലക്ഷണങ്ങളില്‍ നേരിയ തോതിലെങ്കിലും വ്യത്യാസങ്ങളുണ്ടാകും. സാര്‍സ്- കോവ് 2 വൈറസിന്റെ ഒമിക്രോണ്‍ വേരിയന്റ് ചെറിയ കുട്ടികളില്‍ ശ്വാസകോശ രോഗത്തിന് കാരണമാകുന്നുവെന്നുള്ള പഠനമാണ് പുറത്ത് വന്നിരിയ്ക്കുന്നത്.
'ഒമിക്രോണ്‍ പ്രബലമായ വേരിയന്റായ അന്ന് മുതല്‍ Croup പിടിപെടുന്ന രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് കാണാന്‍ തുടങ്ങിയിരുന്നു...'- ബോസ്റ്റണ്‍ മെഡിക്കല്‍ സെന്ററിലെ ഗവേഷകന് റയാന് ബ്രൂസ്റ്റര്‍ പറഞ്ഞു. 2020 മാര്‍ച്ച് 1 മുതല്‍ 2022 ജനുവരി 15 വരെ ബോസ്റ്റണ്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റില്‍ ശ്വാസം മുട്ടലും ചുമയുമായി 75 കുട്ടികളെ പ്രവേശിപ്പിച്ചിരുന്നു.
കോവിഡ് 19 ഉള്ള കുട്ടികളില്‍ ഭൂരിഭാഗവും 2 വയസ്സിന് താഴെയുള്ള കുട്ടികളും 72 ശതമാനം ആണ്‍കുട്ടികളും ആയിരുന്നു. ജലദോഷം ബാധിച്ച ഒരു കുട്ടി ഒഴികെ, മറ്റെല്ലാവര്‍ക്കും SARS-CoV-2 ബാധിച്ചു. കുട്ടികളില്‍ 5 ശതമാനത്തില്‍ താഴെ മാത്രമേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളൂ. 97 ശതമാനം കുട്ടികളും ഡെക്സമെതസോണ്‍ എന്ന സ്റ്റിറോയിഡ് ഉപയോഗിച്ചാണ് ചികിത്സിച്ചത്.
ക്രൂപ്പിനെ laryngotracheitis എന്നും അറിയപ്പെടുന്നു. ശിശുക്കളിലും ചെറിയ കുട്ടികളിലും കാണുന്ന ഒരു സാധാരണ ശ്വാസകോശ രോഗമാണ് ഇത്. ജലദോഷവും മറ്റ് വൈറല്‍ അണുബാധകളും വോയ്സ് ബോക്സ്, ശ്വാസനാളം, ബ്രോങ്കിയല്‍ ട്യൂബുകള്‍ എന്നിവയ്ക്ക് ചുറ്റും വീക്കം ഉണ്ടാക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്. പഠനഫലങ്ങള്‍ പീഡിയാട്രിക്സ് ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.






