
കോവിഡ് വന്നതോടെ തൊഴില്‍ നഷ്ടമായ നിരവധി പേരുണ്ട്. ദമ്പതികളായ കരണിന്റെയും അമൃതയുടേയും ജീവിതത്തിലും ഇത് തന്നെയായിരുന്നു സംഭവിച്ചത്. ഒരു പാര്‍ലമെന്റ് അംഗത്തിന്റെ ഡ്രൈവറായി വര്‍ഷങ്ങളോളം കരണ്‍ ജോലി ചെയ്തെങ്കിലും മഹാമാരി കരണിന്റെ ജോലിയും ഇല്ലാതാക്കി. പന്ത്രണ്ടാം ക്ലാസ് വരെ കരണ്‍ പഠിച്ചിട്ടുണ്ടെങ്കിലും, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം തുടര്‍ന്ന് പഠിക്കാന്‍ അദ്ദേഹത്തിനായില്ല.
2015 -ലാണ് അദ്ദേഹം അമൃതയെ വിവാഹം കഴിക്കുന്നത്. ജീവിക്കാന്‍ പല ജോലികളും അദ്ദേഹം ചെയ്തു. എന്നാല്‍, പകര്‍ച്ചവ്യാധി വന്നതോടെ ജീവിതമാകെ കീഴ്മേല്‍ മറിഞ്ഞു. കരണിന് തന്റെ അഭയകേന്ദ്രവും വരുമാന സ്രോതസ്സും നഷ്ടപ്പെട്ടു. ഒറ്റരാത്രികൊണ്ട് വീട് വിട്ട് തെരുവില്‍ ഇറങ്ങേണ്ടി വന്നു.
സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ 2016 -ല്‍ അദ്ദേഹത്തെ സ്വന്തം കുടുംബം ഉപേക്ഷിക്കുകയുണ്ടായി. അതുകൊണ്ട് തന്നെ സ്വന്തം കുടുംബത്തിലേക്ക് അദ്ദേഹത്തിന് മടങ്ങാനായില്ല. എന്നാല്‍, സ്നേഹനിധിയായ അമ്മായിഅച്ഛന് അദ്ദേഹത്തിന്റെ കാര്‍ അവര്‍ക്ക് ഉപയോഗിക്കാന്‍ കൊടുത്തു. പിന്നീട് ദമ്പതികള്‍ രണ്ട് മാസത്തോളം ഡല്‍ഹിയിലെ തെരുവുകളില്‍ കഴിഞ്ഞു.
ഒടുവില്‍ ജോലി അന്വേഷിക്കുന്നത് നിര്‍ത്താനും, പകരം സ്വന്തമായി ഒരു ഭക്ഷണശാല നടത്തുന്നതിനെ കുറിച്ചും അവര്‍ ചിന്തിച്ചു. ഇതിനായുള്ള മൂലധനം സ്വരൂപിക്കുന്നതിനായി കൈയിലുണ്ടായിരുന്ന അലമാരയും മറ്റ് വസ്തുക്കളും അവര്‍ വിറ്റു. ചില സുഹൃത്തുക്കളും അച്ഛനും ഒരു ചെറിയ തുക സംഭാവന നല്കി. അതുപയോഗിച്ച് കുറിച്ച് പലചരക്ക് സാധനങ്ങളും പാചക ഉപകരണങ്ങളും വാങ്ങി. ഭക്ഷണം പാകം ചെയ്യുന്നതിനായി നഗരത്തിലെ മാണ്ഡി ഹൗസില്‍ ഒരു സ്ഥലം വാടകയ്ക്കെടുക്കാന്‍ അവര്‍ വായ്പയെടുത്തു.
പുലര്‍ച്ചെ 3.30 -ന് ഉണര്‍ന്ന ദമ്പതികള്‍ ഒറ്റയ്ക്ക് ഭക്ഷണം പാകം ചെയ്യുകയും 10 മണിയോടെ ഭക്ഷണം വില്‍ക്കാനായി പോവുകയും ചെയ്തു. ഓരോ ദിവസവും അവര്‍ ഓരോ സ്ഥലങ്ങളില്‍ കൊണ്ട് ചെന്ന് വിറ്റു. ബിസിനസ്സ് ആരംഭിച്ച് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം, ഒരു സോഷ്യല്‍ മീഡിയ ബ്ലോഗര്‍ കരണ്‍ ദുവ തന്റെ ചാനലായ ദില്‍ സേ ഫുഡിയില് അവരെക്കുറിച്ചുള്ള ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചു. അത് വലിയ സഹായമായി. വീഡിയോ വൈറലാവുകയും, കൂടുതല്‍ ആളുകള്‍ അവിടേയ്ക്ക് വരാന്‍ തുടങ്ങുകയും ചെയ്തു. അതിനുശേഷം, ഒരു ദിവസത്തെ ലാഭം 320 രൂപയില്‍ നിന്ന് 800 രൂപയായി വളര്‍ന്നു. ഇപ്പോള്‍ ചുരുങ്ങിയത് പ്രതിമാസം 60,000 രൂപയെങ്കിലും ലാഭമുണ്ടാകുന്നുവെന്ന് ദമ്പതികള്‍ പറയുന്നു.






