ലോകത്തിലെ ഏറ്റവും വലിയ ഹമ്മര്‍ H1 ന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. Iamautomotivecrazer എന്ന യൂട്യൂബ് ചാനലിലാണ് വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. ഒരു സ്റ്റാന്‍ഡേര്‍ഡ് ഹമ്മര്‍ H1 എസ്യുവിയേക്കാള്‍ മൂന്നിരട്ടി വലുതായതിനാല്‍ ഈ ഹമ്മറിനെ ഹമ്മര്‍ H1 X3 എന്ന് വിളിക്കുന്നു. എസ്യുവി നിലവില്‍ യുഎഇയിലെ അല്‍ മദാമിലുള്ള ഓഫ് റോഡ് ഹിസ്റ്ററി മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.
ഈ ഹമ്മര്‍ H1 -ന് 6.6 മീറ്റര്‍ ഉയരവും 14 മീറ്റര്‍ നീളവും 6 മീറ്റര്‍ വീതിയുമുണ്ട്. ഈ ഹമ്മറിന്റെ ഏറ്റവും നല്ല ഭാഗം അത് ഒരു ഷോ പീസ് ആയിട്ട് മാത്രമല്ല എന്നതാണ്. ഇത് ഒരു സാധാരണ ഹമ്മര്‍ H1-ന്റെ പൂര്‍ണ്ണമായി പ്രവര്‍ത്തനക്ഷമമായ സ്കെയില്‍ അപ്പ് മോഡലാണ്. റെയിന്‍ബോ ഷെയ്ഖ് എന്നറിയപ്പെടുന്ന ഷെയ്ഖ് ഹമദ് ബിന്‍ ഹംദാന്‍ അല്‍ നഹ്യാന്റേതാണ് എസ്യുവി. കാറുകളോടുള്ള ഇഷ്ടത്തിന് പേരുകേട്ട അദ്ദേഹത്തിന് തന്റെ ഗാരേജില്‍ കാറുകളുടെ ഒരു വലിയ ശേഖരം തന്നയുണ്ട്. നിലവില്‍ ഹമ്മര്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന മ്യൂസിയം ഷെയ്ഖ് ഹമദ് ബിന്‍ ഹംദാന്‍ അല്‍ നഹ്യാന്റെ ഉടമസ്ഥതയിലുള്ളതാണ്.
കട്ടിയുള്ള മെറ്റല്‍ ഷീറ്റുകളും മറ്റ് ഘടകങ്ങളും ചേര്‍ത്താണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ഈ ഹമ്മറിന്റെ വീലുകളും ടയറുകളും യുഎസ് ആര്‍മി ഉപയോഗിക്കുന്ന ഒരു ആംഫീമിയസ് വാഹനത്തില്‍ നിന്നാണ് എടുത്തിരിക്കുന്നത്. കാറിന്റെ ഫ്രെയിം പൂര്‍ണ്ണമായും ലോഹത്തില്‍ നിന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്, ബോഡിയും അതില്‍ തന്നെ നിര്‍മ്മിച്ചിരിക്കുന്നു. കിടപ്പുമുറി, അടുക്കള, കുളിമുറി തുടങ്ങി എല്ലാ സൗകര്യങ്ങളുമുള്ള വീടായിട്ടാണ് ഹമ്മര്‍ H1 യഥാര്‍ത്ഥത്തില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ബോഡിയുടെ അടിയില്‍ ഭംഗിയായി സ്ഥാപിച്ചിരിക്കുന്ന ഗോവണിയിലൂടെയാണ് കാറിനുള്ളിലേക്ക് പ്രവേശിക്കുന്നത്. കാറിനുള്ളില്‍ വെള്ളം വിതരണം ചെയ്യുന്നതിനുള്ള പൈപ്പ് ലൈനുകളും ടയറുകളിലെ പ്രഷര്‍ പരിശോധിക്കുന്നതിനുള്ള ഗേജുകളും ഉണ്ട്. മുകളില്‍ സൂചിപ്പിച്ചതുപോലെ ഈ കൂറ്റന്‍ ഹമ്മര്‍ H1 പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാണ്. ലോകത്തിലെ ഏറ്റവും വലിയ വില്ലീസ് ജീപ്പും ഷെയ്ഖ് ഹമദ് ബിന്‍ ഹംദാന്‍ അല്‍ നഹ്യാന് മുന്‍പ് നിര്‍മ്മിച്ചിട്ടുണ്ട്.






