
ഉറക്ക സമയത്ത് തലച്ചോറിലുണ്ടാകുന്ന തരംഗങ്ങള്‍ റിസ്ക് എടുക്കാനുള്ള വ്യക്തിയുടെ താത്പര്യത്തെ കുറിച്ച് സൂചന നല്‍കുമെന്ന് ബേണ്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തി. അഗാധമായ ഉറക്കത്തില്‍ തലച്ചോറിന്റെ വലത് പ്രീഫ്രോണ്ടല്‍ കോര്‍ട്ടക്സില്‍ എത്ര മാത്രം കുറവ് വേഗത കുറഞ്ഞ തരംഗങ്ങളുണ്ടോ ജീവിതത്തില്‍ റിസ്ക് എടുക്കാനുള്ള സാധ്യത അത്ര മാത്രം അധികമായിരിക്കുമെന്ന് ഗവേഷകര്‍ പറയുന്നു.
അഗാധമായ ഉറക്കത്തിനിടെ തലച്ചോറിലുണ്ടാകുന്ന വേഗത കുറഞ്ഞ തരംഗങ്ങള്‍ ഉറക്കത്തിന്റെ നല്ല നിലവാരത്തെ സൂചിപ്പിക്കുന്നു. ദിവസവും ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ നന്നായി ഉറങ്ങുന്ന 54 പേരിലാണ് ഗവേഷണം നടത്തിയത്. ഉറക്കത്തിനിടയിലെ ചലനങ്ങളുടെ രീതി ട്രാക്ക് ചെയ്യുന്ന ആക്ടിഗ്രാഫ് ഉപയോഗിച്ചാണ് ഇവരെ കണ്ടെത്തിയത്. തുടര്‍ന്ന് പോളിസോംനോഗ്രാഫിക് സംവിധാനം ഉപയോഗിച്ച് ഇവരുടെ സ്ലീപ് ഡേറ്റ ശേഖരിച്ചു. കംപ്യൂട്ടര്‍ ഗെയിമുകളില്‍ കൂടിയാണ് റിസ്ക് എടുക്കാനുള്ള ഈ വ്യക്തികളുടെ ശേഷി അളന്നത്.
ഉറക്കത്തിന്റെ ദൈര്‍ഘ്യവും റിസ്ക് എടുക്കാനുള്ള വ്യക്തികളുടെ സന്നദ്ധതയുമായി ബന്ധമൊന്നും കണ്ടെത്താന്‍ ഗവേഷകര്‍ക്ക് സാധിച്ചില്ല. എന്നാല്‍ വലത് പ്രീഫ്രോണ്ടല്‍ കോര്‍ട്ടക്സില്‍ വേഗത കുറഞ്ഞ തരംഗങ്ങള്‍ കുറവുള്ളവര്‍ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ റിസ്ക് എടുക്കുന്നതായി ഗവേഷകര്‍ നിരീക്ഷിച്ചു. റിസ്ക് എടുക്കാനുള്ള ഒരു വ്യക്തിയുടെ പ്രവണതയ്ക്ക് ആരോഗ്യപരവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങളുണ്ടെന്ന് ഗവേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.






