
ചിത്രങ്ങള്‍ക്ക് വാക്കുകളേക്കാള്‍ വേഗത്തില്‍ ഹൃദയം കീഴടക്കാനും മനസ്സില്‍ ഇടം പിടിക്കാനും കഴിയും. അമൂല്യമായ ഫോട്ടോ ശേഖരങ്ങള്‍ പുതുതലമുറയ്ക്ക് എന്നുമൊരു കൂട്ടാണ്. ഇപ്പോഴിതാ ചലച്ചിത്ര മേളയുടെ ഭാഗമായി ടാഗോര്‍ തീയേറ്ററില്‍ ശിവന് എന്ന ഫോട്ടോഗ്രാഫറുടെ ചിത്രങ്ങളുടെ പ്രദര്‍ശനം ഒരുക്കിയതിനെപ്പറ്റി എഴുതുകയാണ് മാധ്യമപ്രവര്‍ത്തകനായ ബൈജു ചന്ദ്രന്. ഏഴു പതിറ്റാണ്ടു കാലത്തെ കേരളത്തിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സംഭവങ്ങള്‍, മിക്കവാറുമെല്ലാം കൃത്യതയോടും വ്യക്തതയോടും കൂടി രേഖപ്പെടുത്തിയ ചിത്രപ്രദര്ശനമായിരുന്നെന്നും ചിത്രങ്ങളുടെ അടിക്കുറിപ്പിലൂടെ വിശദവിവരങ്ങള്‍ തയ്യാറാക്കാന്‍ നിയുക്തനായ വ്യക്തിക്ക് അതില്‍ കാണുന്ന പലതിനെയും കുറിച്ച് വലിയ ധാരണയൊന്നുമില്ലെന്നു വ്യക്തമായെന്ന് ബൈജു ചന്ദ്രന് കുറിപ്പില്‍ പറയുന്നു.
‘‘1940 കൾ തൊട്ടുള്ള ഏതാണ്ടൊരു ഏഴു പതിറ്റാണ്ടു കാലത്തെ കേരളത്തിലെ (ആദ്യം തിരുവിതാംകൂറിലെയും പിന്നീട് തിരുകൊച്ചി,കേരളം എന്നീ സംസ്ഥാനങ്ങളിലെയും)നാഴികക്കല്ലുകളായി തീർന്ന രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സംഭവങ്ങൾ മിക്കവാറുമെല്ലാം കൃത്യതയോടും വ്യക്തതയോടും കൂടി രേഖപ്പെടുത്തിവെച്ചത് ശിവൻ എന്ന അസാധാരണനായ ഒരു ഫോട്ടോഗ്രാഫറാണ്. ശിവന്റെ ക്യാമറ പകർത്തിയ അപൂർവവും സവിശേഷവുമായ ഏതാനും ചിത്രങ്ങളുടെ ഒരു പ്രദർശനം ചലച്ചിത്ര മേളയുടെ ഭാഗമായി ടാഗോർ തീയേറ്ററിൽ ഒരുക്കിയ ചലച്ചിത്ര അക്കാദമിയുടെ നടപടിയെ അഭിനന്ദിച്ചേ മതിയാകൂ.
‘ചരിത്രബോധമില്ലാത്തവർ’ എന്ന് പൊതുവെ ആക്ഷേപിയ്ക്കപ്പെടാറുള്ള പുതിയ തലമുറയ്ക്ക് എത്രയെത്ര വലിയ വ്യക്തികളെയും സുപ്രധാനചരിത്ര സന്ദർഭങ്ങളെയുമാണ് ഇത്തരമൊരു പ്രദർശനത്തിലൂടെ പരിചയപ്പെടാൻ കഴിയുക!എന്നാൽ ചരിത്രത്തെ കുറിച്ച് തെറ്റായ അറിവ് പകരാനാണ് അതുപകരിക്കുന്നതെങ്കിലോ?
ചിത്രങ്ങളുടെ അടിക്കുറിപ്പിലൂടെ വിശദവിവരങ്ങൾ തയ്യാറാക്കാൻ നിയുക്തനായ വ്യക്തിക്ക് അതിൽ കാണുന്ന പലതിനെയും കുറിച്ച് വലിയ ധാരണയൊന്നുമില്ലെന്നു വ്യക്തം.അറിയപ്പെടുന്ന പലരുടെയും പേരുകൾ അദ്ദേഹത്തിന്/അവർക്ക് അറിയാത്തതുകൊണ്ട് ഒഴിവാക്കിയിരിക്കുകയാണെന്ന് മനസിലാക്കാൻ സാധിക്കുന്നുണ്ട്.അത് ക്ഷമിക്കാം.എന്നാൽ ഏറ്റവും വലിയ ഒരബദ്ധം അടിക്കുറിപ്പായി എഴുതിവെച്ചിരിക്കുന്ന ഒരു ചിത്രത്തെ കുറിച്ചു പറയാതെ വയ്യ
മലയാളികളുടെ ചരിത്രത്തിലെ അതിനിർണ്ണായകമായ മുഹൂർത്തത്തെ 1949 എന്ന വർഷത്തിൽ ശിവന്റെ മാന്ത്രികക്കണ്ണ് പകർത്തിയിരിക്കുകയാണ്.തിരുവിതാംകൂറും കൊച്ചിയും തമ്മിലുള്ള സംയോജനം സംബന്ധിച്ചുള്ള ചർച്ചകൾക്ക് വേണ്ടി കേന്ദ്ര ആഭ്യന്തരമന്ത്രി സർദാർപട്ടേലിന്റെ പ്രത്യേക ദൂതൻ വപ്പാല പങ്ങുണ്ണി മേനോൻ എന്ന വി പി മേനോൻ തിരുവിതാംകൂർ മഹാരാജാവ് ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മയെ കാണാനെത്തിയപ്പോൾ ശിവൻ എടുത്ത ചിത്രമാണത്. അവരോടൊപ്പം നിൽക്കുന്ന വ്യക്തി തിരുവിതാംകൂറിന്റെ അവസാനത്തെ പ്രധാനമന്ത്രിയും സംയോജനത്തിനു ശേഷമുള്ള തിരു കൊച്ചി സംസ്ഥാന ത്തിന്റെ ആദ്യ മുഖ്യമന്ത്രി യുമായ പറവൂർ ടി കെ നാരായണപിള്ളയാണ്.
പടത്തിന്റെ വിശദവിവരങ്ങൾ തയ്യാറാക്കിയ വ്യക്തിയ്ക്ക് പറവൂർ ടി കെ യെ കണ്ടപ്പോൾ ലാൽബഹദൂർ ശാസ്ത്രി ആണെന്ന് തോന്നി.വി പി മേനോനാകട്ടെ തിരുകൊച്ചിയുടെ രണ്ടാമത്തെ മുഖ്യമന്ത്രി യായിരുന്ന എ ജെ ജോൺ ആണെന്നും.ഭാഗ്യം, അദ്ദേഹത്തിന് ചിത്തിര തിരുനാളിനെ മാത്രം തെറ്റിയില്ല.
അമൂല്യമായ ഈ ഫോട്ടോ ശേഖരം ഇങ്ങനെയാണ് പ്രദർശിപ്പിക്കുന്നതെങ്കിൽ പുതിയ തലമുറ ചരിത്രം നന്നായി പഠിച്ചതു തന്നെ. ചരിത്രത്തിന്റെ കർമ്മസാക്ഷിയായിരുന്ന ആ വലിയ ഛായാഗ്രഹകൻ ഇതു കണ്ടിരുന്നെങ്കിൽ എങ്ങനെ പ്രതികരിച്ചേനെ എന്നോർക്കുമ്പോൾ കൗതുകം തോന്നുന്നു."Turning in his grave" എന്ന് മറുഭാഷയിൽ ഒരു ചൊല്ലില്ലേ?’’ കുറിപ്പ് ഇങ്ങനെയാണ് അവസാനിക്കുന്നത്.






