
ആരോഗ്യത്തിന് അത്യന്താപേക്ഷികമായ ഒന്നാണ് സൂര്യപ്രകാശത്തില്‍ നിന്നും ലഭിയ്ക്കുന്ന വൈറ്റമിന്‍ ഡി. വേണ്ടത്ര സൂര്യപ്രകാശം ലഭിക്കാത്തപ്പോള്‍ ഉണ്ടാകുന്ന ഒരു പ്രശ്നമാണ് വൈറ്റമിന്‍ ഡിയുടെ കുറവ്. വൈറ്റമിന്‍ ഡി കുറവുള്ള ആളുകള്‍ക്ക് ചര്‍മ്മത്തില്‍ നിന്നും എല്ലുകളില്‍ നിന്നും ഹോര്‍മോണ്‍ ലഭിക്കുന്നത് ബുദ്ധിമുട്ടായേക്കാം, ഇത് സന്ധിവാതം, ഹൃദ്രോഗം, മാനസികരോഗം, അന്ധത തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് കാരണമാകും. സൂര്യപ്രകാശം, ദിവസവും കഴിക്കുന്ന ഭക്ഷണപാനീയങ്ങള്‍, മരുന്നുകള്‍, എന്നിവ വഴി വൈറ്റമിന്‍ ഡി ലഭിക്കും.
ആവശ്യത്തില്‍ കൂടുതല്‍ വെയില് ലഭിച്ചിട്ടും ഇന്ത്യയില്‍ വൈറ്റമിന്‍ ഡി അഭാവമുള്ളവരുടെ എണ്ണം ഉയരുന്നതായാണ് പഠനങ്ങള്‍ പറയുന്നത്. ഒരു മില്ലിയില്‍ 30 നാനോഗ്രാമില്‍ താഴെ സെറം 25-ഹൈഡ്രോക്സിവൈറ്റമിന്‍ ഡി തോത് വരുന്നതിനെയാണ് വൈറ്റമിന്‍ ഡി അഭാവമായി കണക്കാക്കുന്നത്. ഇത് 12-10 നാനോഗ്രാം പെര് മില്ലിലീറ്റര്‍ തോതിലേക്ക് എത്തുമ്പോള്‍ ഓസ്റ്റിയോമലേസിയ, ന്യൂട്രീഷണല്‍ റിക്കറ്റ്സ് പോലുള്ള രോഗങ്ങള്‍ക്കുള്ള സാധ്യത വര്‍ധിക്കുന്നു. ഇന്ത്യ, ടുണീഷ്യ, പാക്കിസ്ഥാന്, അഫ്ഗാനിസ്ഥാന് എന്നിവിടങ്ങളിലെ ജനസംഖ്യയില്‍ 20 ശതമാനത്തിലധികം പേര്‍ക്ക് 12 നാനോഗ്രാമിലും താഴെയാണ് വൈറ്റമിന്‍ ഡി തോതെന്ന് നേച്ചര്‍ മാസികയില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച ലേഖനം ചൂണ്ടിക്കാണിക്കുന്നു.
ഇന്ത്യയില്‍ 49 കോടിയോളം പേര്‍ക്ക് വൈറ്റമിന്‍ ഡി അഭാവമുണ്ടെന്ന് കണക്കാക്കുന്നു. ഇന്ത്യക്കാരില്‍ 76 ശതമാനത്തിനും വൈറ്റമിന്‍ ഡി അഭാവമുണ്ടെന്ന് 81 നഗരങ്ങളിലെ 229 ഇടങ്ങളില്‍ നിന്നുള്ള 4624 പങ്കെടുപ്പിച്ച് നടത്തിയ സര്‍വേയില്‍ കണ്ടെത്തിയിരുന്നു. 18-30 വയസ്സുള്ളവരിലാണ് വൈറ്റമിന്‍ ഡി അഭാവം കൂടുതല്‍ കാണപ്പെടുന്നതെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു. അകത്തളങ്ങളില്‍ കൂടുതല്‍ സമയം ചെലവിടുന്നതും മലിനീകരണവും അമിതമായി സംസ്കരിച്ച ഭക്ഷണങ്ങളുടെ ഉപയോഗവും ഇരുണ്ട ചര്മവുമൊക്കെയാണ് ഇതിന്റെ കാരണമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. കോവിഡ് കാലഘട്ടത്തില്‍ ലോക്ഡൗണ്‍ മൂലം ജനങ്ങള്‍ പുറത്തിറങ്ങി വെയില് കൊള്ളുന്നത് കുറഞ്ഞത് കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കി.
നമ്മുടെ മൂഡിനും ഉറക്കത്തിനും കാരണമായ മെലട്ടോണിന്‍, സെറോടോണിന്‍ ഹോര്‍മോണുകളുടെ നിയന്ത്രണത്തില്‍ മുഖ്യ പങ്ക് വഹിക്കുന്നതും വൈറ്റമിന്‍ ഡിയാണ്. ഇതിനാലാണ് വൈറ്റമിന്‍ ഡി അഭാവം മാനസികാരോഗ്യത്തെയും വലിയ അളവില്‍ സ്വാധീനിക്കുന്നത്. വയറിലെ ഉപകാരപ്രദമായ ബാക്ടീരിയയുടെ വളര്‍ച്ചയ്ക്കും വൈറ്റമിന്‍ ഡി ആവശ്യമാണ്. മുതിര്‍ന്നവരില്‍ പ്രതിദിനം 600 ഇന്റര്‍നാഷണല്‍ യൂണിറ്റ്(ഐയു) വൈറ്റമിന്‍ ഡി വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു. 70 വയസ്സിന് മുകളിലുള്ളവര്‍ക്ക് 800 ഐയു വരെ ആവശ്യമായി വരും.
വൈറ്റമിന്‍ ഡിയുടെ അഭാവം കുട്ടികളില്‍ റിക്കറ്റ്സ് പോലുള്ള രോഗങ്ങള്‍ക്കും മുതിര്‍ന്നവരില്‍ ഓസ്റ്റിയോമലാസ്യ എന്ന എല്ല് രോഗത്തിനും കാരണമാകുന്നു. സസ്യാഹാരികള്‍ക്ക് വൈറ്റമിന്‍ ഡി അഭാവമുണ്ടാകാനുള്ള സാധ്യത മാംസാഹാരികളെ അപേക്ഷിച്ച് കൂടുതലാണ്. കാരണം വൈറ്റമിന്‍ ഡി കൂടുതല്‍ അടങ്ങിയിട്ടുള്ളത് മീന്‍, ബീഫ്, പോര്‍ക്ക് പോലുള്ള റെഡ് മീറ്റ്, മുട്ട എന്നിവയിലാണ്. എന്നാല്‍ ഫോര്‍ട്ടിഫൈ ചെയ്യപ്പെട്ട ധാന്യങ്ങളിലും വൈറ്റമിന്‍ ഡി അടങ്ങിയിട്ടുണ്ട്.






