
അനിയത്തിപ്രാവ് താൻ ചെയ്യേണ്ടിയിരുന്ന സിനിമയാണെന്ന് നടൻ കൃഷ്ണ. നിർഭാഗ്യവശാലാണ് ആ വേഷം കൈവിട്ടുപോയതെന്നും ഇന്നും അത് ഓർക്കുമ്പോൾ വിഷമമുണ്ടെന്നും നടൻ പറഞ്ഞു. ‘കുഞ്ചാക്കോ ബോബൻ സിനിമയുടെ ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന വാര്‍ത്ത കണ്ടപ്പോൾ ഒരുപാട് വിഷമം തോന്നി. ഞങ്ങൾ രണ്ടുപേരും ഒരേ സമയത്ത് സിനിമയിലെത്തിയതാണ്. ഞാനും ഈ രംഗത്തെത്തിയിട്ട് ഇരുപത്തിയഞ്ച് വർഷമായി, ഞാനും സീനിയറായി ലൈവിൽ നിൽക്കേണ്ട ആളാണ്. സിനിമ ഒരു ഭാഗ്യമാണ്. ആഗ്രഹിച്ചിട്ട് കാര്യമില്ല, നമുക്ക് ദൈവം കൊണ്ടുതരുന്ന ഒരു അവസരമാണ് സിനിമ’, കൃഷ്ണ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
‘ഇന്ന് സിനിമയിൽ നമ്മളെ തന്നെ വേണം എന്ന് ആർക്കും വാശിപിടിക്കാനാകില്ല. ഒരുപാട് അഭിനേതാക്കളുണ്ട്. കൃഷ്ണയ്ക്ക് സമയമില്ലെങ്കില്‍ അടുത്തയാള്‍ അത്രയുള്ളു നമ്മളങ്ങനെ രണ്ട് മൂന്ന് സിനിമകള്‍ സെറ്റ് ചെയ്ത് വയ്ക്കും, പിന്നെയായിരിക്കും, ആ ആര്‍ട്ടിസ്റ്റിനെ മാറ്റിയിട്ടുണ്ടാകും എന്നറിയുന്നത്. അതിലേക്ക് നമ്മളേക്കാൾ വലിയ ഏതെങ്കിലും താരം എത്തിക്കാണും.’ ––കൃഷ്ണ പറയുന്നു.
സിനിമയിൽ നിന്നും സീരിയൽ രംഗത്ത് എത്തിയതിനെക്കുറിച്ചും കൃഷ്ണ തുറന്നു പറഞ്ഞു. ‘സിനിമാക്കാർക്ക് സീരിയൽ രംഗത്ത് ഉള്ളവരെ പുച്ഛമാണ്. സിനിമയിൽ നല്ല വേഷങ്ങള്‍ കിട്ടാതിരുന്നപ്പോളാണ് സീരിയൽ ചെയ്യുന്നത്. മുഴുനീള വേഷങ്ങൾ അല്ലെങ്കിലും ഇതിനിടെ ദൃശ്യം 2, സിബിഐ അഞ്ചാം ഭാഗം, പത്തൊമ്പതാം നൂറ്റാണ്ട് തുടങ്ങിയ സിനിമകൾ ചെയ്തിരുന്നു. സീരിയല്‍ തന്ന ചോറുണ്ട ആളാണ്. എങ്കിലും സിനിമയിൽ അഭിനയിക്കുന്നവർ സീരിയൽ ചെയ്യരുതെന്നാണ് വ്യക്തിപരമായ അഭിപ്രായം എന്നും രണ്ടും രണ്ട് തരം പ്രേക്ഷകരാണ്. കൃഷ്ണ വ്യക്തമാക്കി.






