
ജീവിതശൈലീരോഗങ്ങളില്‍ ഏറ്റവും സാധാരണമായി നാം കണക്കാക്കുന്ന ഒന്നാണ് പ്രമേഹം അഥവാ 'ഷുഗര്‍'. ടൈപ്പ്-1 , ടൈപ്പ്- 2 എന്നിങ്ങനെ രണ്ട് തരം പ്രമേഹങ്ങളുണ്ട്. ലക്ഷണങ്ങള്‍ പ്രകടമാകാതിരിക്കുന്നു എന്നതിനാല്‍ തന്നെ പ്രമേഹം തിരിച്ചറിയപ്പെടാതെ പോകാറുണ്ട്. പ്രമേഹത്തെ കുറിച്ചുള്ള പുതിയ പഠനമാണ് ശ്രദ്ധേയമാകുന്നത്. കാനഡയിലെ കോണ്‍കോര്‍ഡിയ സര്‍വകലാശാലയില്‍ നടന്ന പഠനത്തില്‍ പ്രമേഹത്തിന്റെ ഉത്പത്തി പുരുഷന്മാരിലും സ്ത്രീകളിലും വ്യത്യസ്തമായിരിക്കുമെന്നാണ് കണ്ടെത്തിയിരിയ്ക്കുന്നത്.
മറ്റു പല രോഗങ്ങളെയും പോലെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കൊഴുപ്പ് പ്രമേഹത്തിലും നിര്‍ണായക പങ്ക് വഹിക്കുന്നതായി കരുതുന്നു. എന്നാല്‍ പുരുഷന്മാരിലും സ്ത്രീകളിലും ഈ കൊഴുപ്പിന്റെ വിന്യാസം വ്യത്യസ്തമാകയാല്‍ പ്രമേഹത്തിന്റെ ഉത്പത്തി ഇരുകൂട്ടരിലും വ്യത്യസ്തമായിരിക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്. കോണ്കോര്ഡിയയിലെ ഗവേഷകരായ കെറി ഡെലനേയും സില്‍വിയ സാന്ടോസയുമാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയത്.
പുരുഷന്മാരിലും സ്ത്രീകളിലും പ്രമേഹ ഉത്പത്തിയും സാധ്യതകളും വ്യത്യസ്തമാണെന്ന് കണ്ടെത്തിയാല്‍ ഇരുകൂട്ടര്‍ക്കുമുള്ള ചികിത്സാ മാര്‍ഗനിര്‍ദ്ദേശങ്ങളിലും ഇതിനനുസരിച്ച് മാറ്റം വരുത്താമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. നിലവില്‍ സ്ത്രീപുരുഷന്മാര് ഒരേ തരത്തിലുള്ള പ്രമേഹ ചികിത്സയാണ് പിന്തുടരപ്പെടുന്നത്. കൂടുതല്‍ ധാരണ ഈ വിഷയത്തില്‍ കൈവരിക്കാന്‍ സാധിച്ചാല്‍ വ്യത്യസ്തമായ ചികിത്സാ പദ്ധതികള്‍ക്ക് രൂപം നല്‍കാമെന്നും ഗവേഷകര്‍ പറയുന്നു.
പഠനത്തിന്റെ ഭാഗമായി 200ലധികം ശാസ്ത്ര റിപ്പോര്‍ട്ടുകള്‍ ഗവേഷകര്‍ അവലോകനം ചെയ്തു. തൊലിപ്പുറത്തും കോശങ്ങളുടെ തലത്തിലും എപ്രകാരമാണ് കൊഴുപ്പ് പ്രവര്‍ത്തിക്കുന്നത് എന്നതിനെ കുറിച്ച് ഈ പ്രബന്ധങ്ങള്‍ വിശദീകരിക്കുന്നു. അടിവയറ്റിലെ കൊഴുപ്പും പ്രമേഹവുമായി അടുത്ത ബന്ധമുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. സ്ത്രീകളില്‍ കൊഴുപ്പ് ചര്‍മത്തിന് തൊട്ടുതാഴെയുള്ള പാളിയിലാണ് കൂടുതലായി ശേഖരിക്കപ്പെടുന്നത്. സബ്ക്യൂട്ടേനിയസ് ഫാറ്റ് എന്നാണ് ഇതിന് പേര്. പുരുഷന്മാരില് മുഖ്യമായും അവയവങ്ങള്‍ക്ക് ചുറ്റുമാണ് കൊഴുപ്പ് അടിയുന്നത്. വിസറല്‍ ഫാറ്റ് എന്ന് ഇതിനെ വിളിക്കും.
സ്ത്രീകളിലും പുരുഷന്മാരിലും കൊഴുപ്പ് വളരുന്നതും പ്രതിരോധ സംവിധാനവുമായി അവ പ്രതിപ്രവര്‍ത്തിക്കുന്നതും വ്യത്യസ്ത രീതിയിലാണെന്നും ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ത്രീകളിലെ ഈസ്ട്രജന് ഹോര്‍മോണ്‍ ഈ കൊഴുപ്പ് അടിയലിനെ വലിയ അളവില്‍ പ്രതിരോധിക്കുന്നു. ഇതിനാലാണ് ഈസ്ട്രജന് ഹോര്‍മോണ്‍ കുറഞ്ഞ് വരുന്ന ആര്‍ത്തവവിരാമ കാലഘട്ടത്തില്‍ സ്ത്രീകള്‍ക്ക് പ്രമേഹം കൂടുതലും വരുന്നത്. പുരുഷന്മാര്ക്ക് സ്ത്രീകളെ അപേക്ഷിച്ച് നേരത്തെ പ്രമേഹം വരാന്‍ സാധ്യതയുണ്ടെന്നും പഠനത്തില്‍ പറയുന്നു.






