
ഈ വർഷത്തെ ഓസ്കർ ചടങ്ങിൽ അവതാരകൻ ക്രിസ് റോക്കിനെ വിൽ സ്മിത്ത് വേദിയിൽ കയറി തല്ലിയ സംഭവത്തിൽ പ്രതികരണവുമായി ജെയ്ഡ സ്മിത്ത്. വിൽ സ്മിത്ത് അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു, അതിരു വിട്ട പെരുമാറ്റമായി പോയി എന്നും ജെയ്ഡ പറഞ്ഞതായി നടിയോട് അടുത്തു നിൽക്കുന്ന വൃത്തങ്ങൾ യുഎസ് വീക്കിലിയോട് സംസാരിച്ചു.
വിൽ സ്മിത്ത് അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ എന്ന് ജെയ്ഡ ആഗ്രഹിക്കുന്നു. സംരക്ഷണം ആവശ്യമുള്ള സ്ത്രീയല്ല ജെയ്ഡ സ്മിത്ത്. അവർ വളരെ ശക്തയാണ്. ജെയ്ഡയ്ക്ക് നേരേ വരുന്ന വിമർശനങ്ങളോട് പ്രതികരിക്കാൻ അവർക്ക് കൃത്യമായി അറിയാം. ഇനിയെന്ത് തന്നെ സംഭവിച്ചാലും വിൽ സ്മിത്തിനൊപ്പം തന്നെ നിൽക്കുമെന്ന് ജെയ്ഡ പറഞ്ഞതായും വൃത്തങ്ങൾ പറഞ്ഞു. ജെയ്ഡയുടെ തലമുടിയെക്കുറിച്ചുള്ള പരാമർശമാണ് വിൽ സ്മിത്തിനെ ഓസ്കാർ വേദിയിൽ ചൊടിപ്പിച്ചത്. തുർന്ന് വിൽ സ്മിത്ത് ക്രിസിനെ മർദ്ദിക്കുകയായിരുന്നു.
നടിയും അവതാരകയും സാമൂഹ്യപ്രവർത്തകയുമാണ് ജെയ്ഡ സ്മിത്ത്. ജെയ്ഡ വർഷങ്ങളായി അലോപേഷ്യ രോഗിയാണ്. തലമുടി കൊഴിഞ്ഞു പോവുന്ന ഒരു തരം അവസ്ഥയാണിത്. മികച്ച ഡോക്യുമെന്റിയ്ക്കുള്ള പുരസ്കാരം പ്രഖ്യാപിക്കുന്ന സമയത്ത് ക്രിസ് റോക്ക് അതേക്കുറിച്ച് തമാശ രൂപത്തിൽ പറഞ്ഞിട്ടുമുണ്ട്. സംഭവത്തിൽ അക്കാദമിയോടും ക്രിസ് റോക്കിനോടും വിൽ സ്മിത്ത് മാപ്പ് പറഞ്ഞത് വലിയ ചർച്ചയായത്. അക്കാദമിയിൽ നിന്ന് രാജി വയ്ക്കുകയും ചെയ്തു.
അതെ സമയം ഹോളിവുഡ് പ്രൊഡക്ഷൻ ഹൗസ് പാരാമൗണ്ട് പിക്ചേഴ്സും റിയാലിറ്റി ഷോ താരം ജോജോ സിവയും വിൽ സ്മിത്ത് ചിത്രം 'ബൗൺസി'ൽ നിന്നും പിന്മാറി. മേഗൻ ഷൂളിന്റെ പുസ്തകത്തെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന സിനിമ 2020ലായിരുന്നു പ്രഖ്യാപിച്ചത്.'ആ പ്രോജക്റ്റ് നിർത്തിവച്ചു, പിന്നെ പോയി. ആ പ്രോജക്റ്റ് ആയിരുന്നില്ല എന്റെ തുടക്കം', ശനിയാഴ്ച നടന്ന ഗ്ലാഡ് മീഡിയ അവാർഡിൽ തന്റെ സിനിമാരങ്ങേറ്റത്തെക്കുറിച്ച് സിവ പറഞ്ഞു.എന്നാൽ സിനിമയിൽ നിന്നുള്ള പിന്മാറ്റത്തിന് കാരണം ഓസ്കാർ വിവാദങ്ങൾ അല്ലെന്നാണ് ഹോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മാസങ്ങൾക്ക് മുൻപ് തന്നെ സിനിമയുമായി സംബന്ധിച്ച ചർച്ചകൾ പരാജയപ്പെട്ടിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്.






