കൊച്ചി: നാല് വര്‍ഷം മുമ്പ് പത്തനംതിട്ട മൂക്കാട്ടുതറയില്‍ നിന്ന് കാണാതായ ജസ്ന മരിയ ജെയിംസിനെ കണ്ടെത്താന്‍ ഇന്റര്‍പോള്‍ വഴി 191 രാജ്യങ്ങളില്‍ യെല്ലോ നോട്ടീസ് പുറപ്പെടുവിച്ച് സിബിഐ. ജസ്നയുടെ ചിത്രം, കേസിനെ സംബന്ധിച്ച വിവരങ്ങള്‍, തിരിച്ചറിയാനുള്ള അടയാളങ്ങള്‍, തുടങ്ങിയവ വിദേശ രാജ്യങ്ങളിലെ ഇന്റര്‍പോളിന് കൈമാറി. എന്നാല്‍ ഇതുവരെയും ഒരു സൂചനയും ലഭിച്ചിട്ടില്ലെന്നാണ് വിവരം.
2021 ഫെബ്രുവരി 19 നാണ് ജസ്നയുടെ മിസ്സിംഗ് കേസില്‍ കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ക്രിസ്ത്യന്‍ അസോസിയേഷന് ആന്‍ഡ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ (കാസ) എന്ന സംഘടനയാണ് ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് കോടതി നിര്‍ദ്ദേശ പ്രകാരം സിബിഐ മുദ്രവെച്ച കവറില്‍ റിപ്പോര്‍ട്ട് നല്കി.
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജില്‍ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിയായിരുന്ന ജസ്ന 2018 മാര്‍ച്ച് 22ന് മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവീട്ടിലേക്കെന്നു പറഞ്ഞാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. കാണാതായ ദിവസം മുണ്ടക്കയത്തേക്ക് പോവുന്ന ശിവഗംഗ എന്ന ബസില്‍ ജസ്ന യാത്ര ചെയ്യുന്നത് കണ്ടവരുണ്ട്. മകളെ കാണാനില്ലെന്ന പിതാവിന്റെ പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ആദ്യം ലോക്കല്‍ പോലീസും ശേഷം ഐജിയുടെ നേതൃത്വത്തിലുള്ള സംഘവുമാണ് അന്വേഷണം നടത്തിയത്. പിന്നീട് െ്രെകംബ്രാഞ്ച് കേസ് ഏറ്റെടുക്കുകയും ചെയ്തു. അന്വേഷണ ഏജന്‍സികള്‍ പലതും മാറി വന്നിട്ടും ഇതുവരെ ജസ്നയെ കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് 2021 ഫെബ്രുവരിയില്‍ കേസ് അന്വേഷണം ഹൈക്കോടതി സിബിഐക്ക് വിട്ടത്.






