
തെന്നിന്ത്യന്‍ താരസുന്ദരിയായ കീര്‍ത്തി സുരേഷ് ഒരേസമയം മലയാളത്തിലും അന്യഭാഷകളിലുമൊക്കെ തിളങ്ങാറുണ്ട്. പ്രേക്ഷകരുടെ പ്രിയതാരം സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ്. പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും റീല്‍സ് വീഡിയോകളുമൊക്കെ താരം ഇതിലൂടെ പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ കീര്‍ത്തി പങ്കുവച്ച പുത്തന്‍ ഫോട്ടോഷൂട്ടാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.
മഞ്ഞസാരി ധരിച്ചാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ‘ഷെയ്ഡ്സ് ഓഫ് സമ്മര്‍’ എന്ന ക്യാപ്ഷനും നല്‍കിയാണ് ഫോട്ടോഷൂട്ട്. പുതിയ ട്രെന്‍ഡിലുള്ള റഫിള്‍ഡ് സാരിയും ഹാംഗിഗ് ഇയര്‍റിംഗ്സും ധരിച്ച് എലഗന്റ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒപ്പം ക്യൂട്ടായ ചിരിയും കൂടിയായപ്പോള്‍ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു.
ടൊവിനോ തോമസ് നായകനും കീര്‍ത്തി സുരേഷ് നായികയുമാകുന്ന ചിത്രമായ ‘വാശി’യിലെ ‘യാതൊന്നും പറയാതെ’ എന്ന ആദ്യ ഗാനം അടുത്തിടെ റിലീസ് ചെയ്തിരുന്നു. രേവതി കലാമന്ദിറിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. അച്ഛന് ജി സുരേഷ് കുമാര്‍ നിര്‍മിക്കുന്ന സിനിമയില്‍ മകള്‍ കീര്‍ത്തി സുരേഷ് ആദ്യമായി നായികയാകുന്നു എന്ന പ്രത്യേകതയും ‘വാശി’ക്കുണ്ട്. വക്കീല്‍ ആയിട്ടാണ് ചിത്രത്തില്‍ ടൊവിനൊ തോമസും കീര്‍ത്തി സുരേഷും അഭിനയിക്കുക.
നടന് എന്ന നിലയിലും ശ്രദ്ധേയനായ വിഷ്ണു ജി രാഘവാണ് സിനിമയുടെ തിരക്കഥയും സംവിധാനവും. വിഷ്ണു രാഘവിന്റെ ചിത്രത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്നായിരുന്നു ഷൂട്ടിംഗ് പൂര്‍ത്തിയായ വിവരം അറിയിച്ച് ടൊവിനൊ തോമസ് എഴുതിയിരുന്നു. ‘വാശി’ എന്ന ചിത്രത്തില്‍ തന്റെ നായികയായ കീര്‍ത്തി സുരേഷിനും ടൊവിനോ നന്ദിയും പറഞ്ഞിരുന്നു. വളരെ പ്രസക്തമായ ഒരു കാര്യമാണ് സിനിമ പറയുന്നത് എന്നും ടൊവിനൊ തോമസ് പറഞ്ഞു. ജൂണ്‍ 17ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്.






