കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ വന്‍ പരാജയം എറണാകുളം അങ്കമാലി അതിരൂപത വിശ്വാസികളുടെ മനസിനേറ്റ മുറിവിനുള്ള മറുപടി ആണെന്ന് സഭാ സുതാര്യസമിതി (എഎംടി) . കര്‍ദിനാള്‍ ആലഞ്ചേരിയുടെ സ്വാധീനത്തില്‍ എറണാകുളം അതിരൂപത ബസിലിക്കയില്‍ സര്‍ക്കാര്‍ പോലീസ് ഉപയോഗിച്ച് നടത്തിയ അഴിഞ്ഞാട്ടത്തിന്ന് തക്ക മറുപടി നല്കിയ വിശ്വാസികളെ അഭിനന്ദിക്കുന്നതായും എഎംടി പത്രക്കുറിപ്പിലൂടെ അറിയിച്ചു.
''കഴിഞ്ഞ ഓശാന ഞായറാഴ്ച കര്‍ദിനാള്‍ ആലഞ്ചേരിക്ക് എറണാകുളം ബസിലിക്കയില്‍ കുര്‍ബാന അര്‍പ്പിക്കാന്‍ പള്ളിയുടെ ഉള്ളില്‍ പോലും നൂറുകണക്കിന് പോലീസിന്റെയും, ആയുധധാരികളായ കമാന്‍ഡോകളുടെയും, മജിസ്ട്രേറ്റ്, തഹസീല്‍ദാര്‍ എന്നിവരുടെയും സാന്നിധ്യത്തില്‍ അവസരം ഒരുക്കിയത് എല്‍ഡിഎഫ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ആണ്. അത് അതിരൂപതയിലെ വിശ്വാസികള്‍ക്ക് ഉണ്ടാക്കിയ മുറിവ് വളരെ വലുതാണ്. ബസിലിക്കയില്‍ വിശുദ്ധ കുര്‍ബാന സമയത്തു പോലും പോലീസും കമാന്‍ഡോകളും അഴിഞ്ഞാടിയത്, അള്‍ത്താരയില്‍ പോലും ബൂട്ടിട്ട് കമാന്‍ഡോകളെ കയറ്റിയത്, കര്‍ദിനാള്‍ പാറേക്കാട്ടില്‍ പിതാവിന്റെ കബറിടത്തില്‍ പോലും പോലീസും കമാന്‍ഡോകളും കയറി നിരങ്ങിയത്, ബസിലിക്ക വിശുദ്ധ കുര്‍ബാന പോലും മുടക്കി പൂട്ടിയിട്ടത് ഒന്നും അതിരൂപത വിശ്വാസികള്‍ മറന്നില്ല. ഉപതിരഞ്ഞെടുപ്പില്‍ ഈ മുറിവിനുള്ള മറുപടി അതിരൂപത വിശ്വാസികള്‍ നല്കിയിരിക്കുന്നു.
അടുത്ത കാലത്ത് സീറോ മലബാര്‍ സഭയിലുണ്ടായ പ്രശ്നങ്ങളില്‍ എല്‍ഡിഎഫ് എല്ലാക്കാലത്തും കര്‍ദ്ദിനാളിന്റെ പക്ഷം പിടിച്ചു നീതിക്കു വേണ്ടി നിലപാടെടുത്തവരെ ഒറ്റപ്പെടുത്തിയിരുന്നു. ഭൂമി കുഭകോണ വിഷയത്തില്‍ എല്ലാ ഏജന്‍സികളും കര്‍ദിനാള്‍ കുറ്റക്കാരനാണെന്ന് കണ്ടപ്പോള്‍ സര്‍ക്കാര്‍ നല്കിയ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടാണ് കര്‍ദ്ദിനാളിന് പിടിവള്ളിയായത്.
കഴമ്പില്ലാത്ത കേസായിട്ടും വ്യാജരേഖ കേസിന്റെ പേരില്‍ അതിരൂപതയിലെ വൈദികരെ വേട്ടയാടാനും പള്ളി റെയ്ഡ് ചെയ്യാന്‍ സര്‍ക്കാര്‍ ഒത്താശ ചെയ്തിരുന്നു.ഏറ്റവുമൊടുവില്‍ ആരാധനാക്രമ വിഷയത്തിലും സര്‍ക്കാര്‍ കര്‍ദ്ദിനാളിന്റെ പക്ഷം പിടിച്ചു. ഇതിനെല്ലാം അതിരൂപത വിശ്വാസസമൂഹം കൃത്യമായി നല്കിയ മറുപടിയാണ് ഈ തിരഞ്ഞെടുപ്പു ഫലമെന്ന് എഎംടി പ്രസിഡന്റ് മാത്യു കരോണ്ടുകടവന്‍, ജനറല്‍ സെക്രട്ടറി റിജു കാഞ്ഞൂക്കാരന്‍, വക്താവ് ഷൈജു ആന്റണി എന്നിവര്‍ പത്രക്കുറിപ്പില്‍ ആവര്‍ത്തിച്ചു.






