തിരുവനന്തപുരം: പനവിളയില്‍ അരിസ്‌റ്റോ ജംഗ്ഷന് സമീപം നിര്‍മ്മാണത്തിലിരുന്ന ഫ്‌ളാറ്റിന്റെ കോണ്‍ക്രീറ്റ് സ്ലാബ് ഇടിഞ്ഞുവീണു. മണ്ണിടിച്ചിലിശന തുടര്‍ന്നാണ് കോണ്‍ക്രീറ്റ് സ്ലാബ് ഇടിഞ്ഞു താഴ്ന്നുപോയത്. കോണ്‍ക്രീറ്റ് ബീമുകള്‍ക്കിടയില്‍ ഒരു തൊഴിലാളി കുടുങ്ങിക്കിടക്കുന്നു. മറ്റൊരു തൊഴിലാളിയെ പരിക്കുകളോടെ രക്ഷപ്പെടുത്തി.
അരിസ്‌റ്റോ ജംഗ്ഷനും മോഡല്‍ സ്‌കൂളിനു ഇടയ്ക്ക് സ്‌കൂളില്‍ നിന്നും മുകളിലേക്ക് കയറിപ്പോകുന്ന റോഡിനു സമീപം നിര്‍മ്മാണത്തിലിരുന്ന ഫ്‌ളാറ്റിലാണ് അപകടമുണ്ടായത്. തൊഴിലാളികള്‍ പാചകം ചെയ്തുകൊണ്ടിരിക്കേയാണ് അപകടം.
അപകടത്തില്‍പെട്ട പശ്ചിമ ബംഗാള്‍ സ്വദേശി ദീപകിനെ (23) രക്ഷപ്പെടുത്തി
ഒരാള്‍ കുടുങ്ങിക്കിടക്കുകയാണ്. അസം സ്വദേശി രാഹുല്‍ ആണ് കുടുങ്ങിക്കിടക്കുന്നത്. അരയ്ക്ക് കീഴ്‌പ്പോട്ട് കോണ്‍ക്രീറ്റ് ബീമിനിടയില്‍ കുടുങ്ങിക്കിടക്കുന്ന ഇയാളെ രക്ഷപ്പെടുത്താന്‍ ഫയര്‍ഫോഴ്‌സ് ഊര്‍ജിതമായ ശ്രമം തുടരുകയാണ്.
മണ്ണിടിഞ്ഞ സ്ഥലത്ത് അപകട സാധ്യത തുടരുന്നുണ്ട്. മുകളില്‍ നിന്നും ജനറേറ്റര്‍ അടക്കമുള്ളവ ഏതു നിമിഷവും ഇടിഞ്ഞുവീഴാവുന്ന നിലയിലാണ്. ജീവന്‍ പണയം വച്ചാണ് ഫയര്‍ഫോഴ്‌സ് രക്ഷാപ്രവര്‍ത്തനം തുടരുന്നത്. മുകളില്‍ നിന്ന് മണ്ണിടിഞ്ഞ് വീണാല്‍ തടയുന്നതിന് മുകളില്‍ തട്ട് ഉറപ്പിച്ച ശേഷമാണ് രക്ഷാപ്രവര്‍ത്തനം.






