
മലയാളത്തിലെ പ്രമുഖ ചലച്ചിത്ര നിര്‍മ്മാണ സ്ഥാപനമായ സെവന് ആര്‍ട്സും ഹിറ്റുകള്‍ ഏറെ സമ്മാനിച്ചു പോരുന്ന സംവിധായകന് റാഫിയും ഒത്തുചേരുന്ന ചിത്രമാണ് റോള്‍ മോഡല്‍സ്.
ജി.പി. വിജയകുമാര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ചു. ഗോവയാണ് ഈ ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.
റോള്‍ മോഡല്‍സ് പുതിയ തലമുറക്കാരെ പ്രധാനമായും കേന്ദ്രീകരിച്ചുകൊണ്ടാണ് അണിയിച്ചൊരുക്കുന്നത്.
ഫഹദ് ഫാസിലാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. യുവജനങ്ങള്‍ക്കിടയില്‍ ഏറെ ജനപ്രീതിയുള്ള വിനയ് ഫോര്‍ട്ട്, വിനായകന്, ഷറഫുദ്ദീന്, സ്രിന്‍ഡ എന്നിവരും ഫഹദിനോടൊപ്പം മുഴുനീള രംഗങ്ങളിലെത്തുന്നു.
നമിതാ പ്രമോദാണ് നായിക. സൗഹൃദത്തിന്റെ കഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്കുന്ന റാഫി ഈ ചിത്രത്തിലും നര്‍മ്മത്തിന് ഏറെ പ്രാധാന്യം നല്‍കുന്നതോടൊപ്പം സോദ്ദേശപരമായ ചില സന്ദേശങ്ങളും നല്കുന്നു.
വന്‍ വിജയം നേടിയ മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിനു ശേഷം ഫഹദ് അഭിനയിക്കുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രത്തിന് ഏറെ പ്രാധാന്യമുണ്ട്.
ഈ ചിത്രത്തെ തുടര്‍ന്ന് ദിലീഷ് പോത്തന്റെ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രം. തുടര്‍ന്ന് തമിഴ്ചിത്രം അന്‍വര്‍ റഷീദ്, ഛായാഗ്രാഹകന്‍ വേണു, മാര്‍ത്താണ്ഡന്‍ തുടങ്ങിയവരുടെ ചിത്രങ്ങളിലും അഭിനയിച്ചുകൊണ്ട് മെയിന്‍ സ്ട്രീം സിനിമയില്‍ വീണ്ടും സജീവമാകുന്നു ഫഹദ്.
കാമ്പസ് ജീവിതത്തിലൂടെ ആരംഭിക്കുന്ന ഈ ചിത്രം രണ്ടു തലമുറകളിലൂടെയാണ് അവതരിപ്പിക്കുന്നത്. ഒന്നിച്ചു പഠിച്ചവര്‍, ഏറെ വര്‍ഷങ്ങള്‍ക്കു ശേഷവും ആത്മബന്ധം സൂക്ഷിക്കുന്നതാണ് അടിസ്ഥാനപരമായി ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
മാതാപിതാക്കളുടെ ഇടയില്‍ നിലനിന്നു പോരുന്ന ഒരു കാര്യമുണ്ട്. മക്കള്‍ വഴിതെറ്റുന്നത് കൂട്ടുകാര്‍ മൂലമാണെന്ന്. ഇവിടെ അധ്യാപക ദമ്പതിമാരായ ശേഖരനും ശാലിനിയും ഈ വിശ്വാസക്കാരാണ്. തങ്ങളുടെ മകന് ഗൗതം കൂട്ടുകൂടി നടക്കുന്നു.
വിദ്യാഭ്യാസത്തില്‍ പുറകോട്ട്. പ്രൊഫസര്‍ ശങ്കരനും ലക്ചറര്‍ ശാലിനിയും പഠിപ്പിക്കുന്ന കോളജില്‍ തന്നെയാണ് ഗൗതവും പഠിക്കുന്നത്. ഇതിന്റെ കര്‍ക്കശമായ സമീപനങ്ങളും ഗൗതത്തിന് വീട്ടില്‍നിന്നും അനുഭവിക്കേണ്ടിവരുന്നു.
അവര്‍ ഒരു മനസ്സ് പോലെ കാമ്പസില്‍ കഴിയുന്നവരാണ്. ഗൗതം, സുബുഹാന്‍, ജ്യോതിഷ്, റെക്സി, ശ്രേയാ, ക്രിസ്റ്റീന എന്നിവര്‍. ഈ കൂട്ടുകെട്ടില്‍ നിന്നും മകനെ മോചിപ്പിക്കുകയായിരുന്നു പ്രൊഫ. ശങ്കരന്.
ഇവിടംകൊണ്ട് എല്ലാം ശരിയാകുമെന്ന് കരുതിയ പ്രൊഫസര്‍ക്ക് തെറ്റി. സുഹൃത്തുക്കളെ നഷ്ടപ്പെട്ട മകന്റെ വേദന. ഈ മനസ്സ് കാണാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.
കാലം കടന്നുപോയി. കാമ്പസ് ജീവിതം കഴിഞ്ഞ് ഓരോരുത്തരും ഓരോ ജീവിതമാര്‍ഗങ്ങളില്‍ പ്രവേശിച്ചു. ഗൗതം ഐ.ടി. മേഖലയില്‍, സുബുഹാന്‍ ഫുട്ബോള്‍ കോച്ച്, ജ്യോതിഷ് ലെയ്ത്ത് വര്‍ക്ക്, റെക്സിന് ഓട്ടോമൊബൈല്‍ വര്‍ക്ഷോപ്പ്, ശ്രേയ അഡ്വഞ്ചര്‍ സ്പോര്‍ട്സ് കോച്ച് എന്നിങ്ങനെ എല്ലാവരും നിലയിലെത്തിയിരിക്കുന്നു.
വര്‍ഷങ്ങള്‍ക്കു ശേഷം ഈ സുഹൃത്തുക്കളുടെ സമാഗമമുണ്ടാകുന്നു. ഊഷ്മളമായ സൗഹൃദത്തിന്റെ ഒത്തുചേരല്‍. ശ്രേയയെ തേടി ഈ സംഘം ഗോവയിലേക്ക് പുറപ്പെടുന്നു. ഈ യാത്രയ്ക്കിടയില്‍ അരങ്ങേറുന്ന സംഭവങ്ങളിലൂടെ ഈ ചിത്രത്തിന് പുതിയ പ്രതലങ്ങള്‍ സംഭവിക്കുന്നു. ഇതിലൂടെ പുതിയ തിരിച്ചറിവുകള്‍ക്കും കാരണമാകുന്നു.
ഇവിടെ സുബുഹാന്‍, ജ്യോതിഷ്, റെക്സി എന്നിവരെ വിനയ് ഫോര്‍ട്ട്, വിനായകന്, ഷറഫുദ്ദീന് എന്നിവര്‍ അവതരിപ്പിക്കുന്നു. രണ്‍ജി പണിക്കരും സീതയുമാണ് പ്രൊഫസര്‍ ശേഖരനെയും ശാലിനിയെയും അവതരിപ്പിക്കുന്നത്.
സിദ്ദിഖ്, സംവിധായകന് റാഫി, തിരക്കഥാകൃത്ത് ബിപിന്‍ കെ. ജോര്‍ജ്, ദിലീഷ് പോത്തന്, ഋതു തുടങ്ങിയവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
ഹരിനാരായണന്റെ വരികള്‍ക്ക് ഗോപിസുന്ദര്‍ ഈണ പകരുന്നു. ഷാം ദത്ത് ഛായാഗ്രഹണവും വി. സാജന് എഡിറ്റിംഗും നിര്‍വഹിക്കുന്നു. കലാസംവിധാനം- ജോസഫ് നെല്ലിക്കല്‍, കോ-ഡയറക്ടര്‍- മുബിന് എം. റാഫി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- റിയാസ്.
നന്ദു പൊതുവാളാണ് പ്രൊഡക്്ഷന്‍ കണ്ട്രോളര്, പ്രൊഡക്്ഷന്‍ മാനേജേഴ്സ്- എസ്സാന്‍, കമലാക്ഷന്‍. സെവന് ആര്‍ട്സ് റിലീസ്.






