
’ദേശാടനക്കിളി കരയാറില്ല’ എന്ന സിനിമയിലൂടെ പത്മരാജന്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച വെള്ളാരം കണ്ണുള്ള നായിക, ശാരി. നിമ്മിയുടെ ആത്മാര്‍ത്ഥ സുഹൃത്തായ സാലിയായും, പിന്നീട് പ്രണയം നിറയ്ക്കുന്ന സോഫിയയായും, തട്ടാന്‍ ഭാസ്കരന്റെ മനസ്സറിയുന്ന നൃത്താധ്യാപികയായുമൊക്കെ ആ വെള്ളാരം കണ്ണുകള്‍ പ്രേക്ഷകമനസ്സില്‍ ഇടം നേടി. വെള്ളാരം കണ്ണുകളും നുണക്കുഴികളുമാണ് പപ്പേട്ടന്‍ തന്നെ സിനിമയിലേക്ക് തെരഞ്ഞെടുക്കാന്‍ കാരണമെന്ന് ശാരി പറയുമ്പോള്‍ ഇന്നുമത് സത്യമെന്ന് പ്രേക്ഷകരും ഒരേ സ്വരത്തില്‍ പറയുന്നു. വിവാഹശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്തെങ്കിലും ഇടയ്ക്കിടയ്ക്ക് ശാരി വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോഴിതാ വീണ്ടും ജന ഗണ മന എന്ന സിനിമയിലെ ശക്തയായ അമ്മവേഷത്തിലൂടെ ശാരി മലയാള സിനിമയില്‍ തന്റെ സ്ഥാനം ഉറപ്പിക്കുകയാണ്. മംഗളം ഓണ്‍ലൈനിനോട് ശാരി മനസ്സു തുറക്കുകയാണ്, കടന്നു വന്ന വഴികളെക്കുറിച്ചും പുതിയ സിനിമകളെക്കുറിച്ചും, സ്വപ്നങ്ങളെക്കുറിച്ചുമെല്ലാം...
ജന ഗണ മന എന്ന സിനിമ തുടങ്ങുന്നത് തന്നെ സബാന എന്ന അമ്മ കഥാപാത്രത്തിന്റെ തേങ്ങലിലൂടെയാണ്. ഇത്ര വലിയൊരു സ്വീകാര്യത ആ സിനിമയ്ക്ക് പ്രതീക്ഷിച്ചിരുന്നോ ?
ഞാൻ പ്രതീക്ഷിച്ചിരുന്നു എന്നത് സത്യം. പക്ഷേ ഇത്രമാത്രം ഉണ്ടാകുമെന്ന് ആരും ഓർത്തിരുന്നില്ല. ഞങ്ങളുടെ ടീമിന്റെ ഹാര്‍ഡ് വര്‍ക്കാണിത്. രണ്ടു വര്‍ഷമായി സംവിധായകന്‍ ഡിജോയുടെ മുഴവുന്‍സമയവും ഈ സിനിമയ്ക്കു വേണ്ടി മാറ്റി വച്ചതാണ്. തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദാണെങ്കിലും സിനിമയുടെ തിരക്കഥയ്ക്കും സംഭാഷണങ്ങള്‍ക്കും വേണ്ടി ഒരുപാട് സമയം ചെലവഴിച്ചു. സിനിമയുടെ വിജയത്തിന്റെ എല്ലാ ക്രെഡിറ്റും മുഴുവന്‍ ടീമിനുള്ളതാണ്. ഞാനുമതിന്റെ ഭാഗമായി. എന്റെ ടീമിന്റെ വിജയം കണ്ടിട്ട് ഞാനും വളരെ സന്തോഷത്തിലാണ്.
വളരെ ശക്തയായ ഒരു അമ്മ കഥാപാത്രമായിരുന്നല്ലോ... ആ ഉത്തരവാദിത്തം ഒരു ടെൻഷൻ ആയിരുന്നോ ?
ഈ കഥാപാത്രത്തെക്കുറിച്ച് ഡിജോ എന്നെ വിളിച്ചു പറഞ്ഞപ്പോഴേ എനിക്കത് വളരെ ഇഷ്ടപ്പെട്ടു. അങ്ങനെയൊരു കഥാപാത്രം ഞാനിതുവരെ ഒരു ഭാഷയിലും ചെയ്തിട്ടില്ല. വളരെ സ്ട്രോങ്ങ്, ബോൾഡ് ലേഡിയാണ് ഈ അമ്മ. കോടതി മുറിയിൽ ജഡ്ജ് പോലും ഈ അമ്മയുടെ വാക്കുകൾ കേട്ട് അല്‍പ്പം സെന്റിമെന്റലാകുന്നുണ്ട്. ആ കഥാപാത്രം കടന്നു പോകുന്ന ഓരോ സ്വീകന്‍സുകളും ഡിജോ എന്നോട് പറഞ്ഞിരുന്നു. പിന്നെ പൃഥ്വിരാജ്, സുരാജ്, മംമ്ത എന്നിങ്ങനെയുള്ള ഒരു ടീം കൂടിയുണ്ടെന്ന് പറഞ്ഞപ്പോൾ പ്രോജക്ടിനോ ഇഷ്ടം കൂടി. എന്റെ കം ബാക് മൂവി ഇത് തന്നെ ആകണം എന്ന് തോന്നി. ദൈവാനുഗ്രഹം കൊണ്ട് സിനിമയും കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു.
സബാന എന്ന കഥാപാത്രത്തെക്കുറിച്ച് കേട്ടപ്പോൾ ഏറ്റവും ആകര്‍ഷകമായി തോന്നിയത് എന്തായിരുന്നു ?
ഡിജോ ഈ കഥാപാത്രത്തെ കുറിച്ച് പറഞ്ഞ ഒരു വിധം ഉണ്ടല്ലോ, ആ രീതി... അതാണ് എന്നെ ഇതിലേക്ക് ആകർഷിച്ചത്. സ്ക്രിപ്റ്റ് കേൾക്കുമ്പോൾ തന്നെ ഞാനതുമായി കണക്റ്റെഡായി, വിഷ്വലി എനിക്കത് കാണാൻ പറ്റി. സാധാരണ ഒരു കഥാപാത്രത്തെ കുറിച്ച് കേൾക്കുമ്പോൾ കൊള്ളാം എന്ന് തോന്നാറുണ്ട്. പക്ഷേ ഇതതിലും അപ്പുറമായിരുന്നു. മാനസികമായി ഒരു അടുപ്പം സബാനയോടു തോന്നി. പിന്നെ ഈ അമ്മയുടെ പേരിൽ നിന്നാണ് മക്കളായ സബയുടെയും സനയുടെയും പേര് വന്നത് എന്നൊക്കെ ഡീജോ പറഞ്ഞു. അതൊക്കെ കഥാപാത്രവുമായി അടുപ്പം തോന്നാനുള്ള കാരണങ്ങളായി. കഥ മുഴുവനായി കേട്ടപ്പോള്‍ ഈ തിരക്കഥയില്‍ എന്തോ ഒരു പ്രത്യേകതയുണ്ടെന്നും, ഞാനിത് മിസ്സ് ചെയ്യാന്‍ പാടില്ലെന്നും, എന്റെ തിരിച്ചുവരവിന് ഇതൊരു നല്ല അവസരമാണെന്നും എന്റെ മനസ്സില്‍ തോന്നി. അതുകൊണ്ടാണ് യെസ് പറഞ്ഞത്.
തിരിച്ചുവരവിന് ഒരുങ്ങുന്ന സമയത്ത് ഇങ്ങനെയൊരു കഥാപാത്രം കിട്ടിയാൽ മാത്രമേ മലയാള സിനിമയിലേക്ക് എത്തൂ എന്ന നിര്‍ബന്ധം ഉണ്ടായിരുന്നോ ?
അങ്ങനെയല്ല. നല്ല കഥാപാത്രത്തിലൂടെ തിരിച്ചു വരണമെന്ന് ആഗ്രഹിച്ചിരുന്നു. ഒരു അമ്മ, റിട്ടയര്‍ഡ് പ്രിൻസിപ്പൽ, ജീവിതം പൊരുതി നേടുന്ന സ്ട്രോങ്ങ് വിമെൻ എന്നിങ്ങനെയുള്ളത് സിനിമ ഒക്കെ പറയാനുള്ള കാരണങ്ങളായി. പിന്നെ ഇത്രയും സുന്ദരിക്കുട്ടികളായ മക്കളുടെ അമ്മ എന്നതും, സിനിമയ്ക്കു പിറകിലുള്ള ആ വലിയ ടീമും എനിക്കിത് ഒഴിവാക്കാതിരിക്കാനുള്ള കാരണങ്ങളായി.
യഥാർത്ഥ ജീവിതത്തിലും അമ്മ, അത് ഈ കഥാപാത്രവുമായി ഇഴകിച്ചേരാന്‍ സഹായകമായോ ?
അത് ശരിക്കും സഹായകമായിരുന്നു. ഒരു അമ്മയുടെ വികാരങ്ങൾ മനസ്സിലാക്കാൻ എനിക്കത് സഹായകമായി. ഏകദേശം അതേ പ്രായത്തിലുള്ള മകൾ ഉള്ളത് കൊണ്ട് ആ ഫീലിങ്ങിലേക്ക് പെട്ടെന്ന് എത്താൻ പറ്റി. യഥാര്‍ത്ഥ ജീവിതത്തില്‍ മാത്രമല്ല സിനിമയിലും രണ്ടു സുന്ദരിക്കുട്ടികളുടെയും അമ്മയാകാമല്ലോ. അതൊരു വലിയ സന്തോഷമായി.
സിനിമയില്‍ ശക്തമായ ഒരുപാട് സീനുകളുണ്ട്. എങ്കിലും ഏറ്റവും എഫര്‍ട്ട് എടുത്ത് ചെയ്ത സീന്‍ ഏതാണ് ?
അതുപോലെ എടുത്തു പറയേണ്ടതാണ് തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ്. ലൊക്കേഷനിലെത്തിയാല്‍ ഷാരിസ് ഒന്നും മിണ്ടില്ല. എല്ലാവരെയും നിശബ്ദമായി വീക്ഷിക്കും, വളരെ ശ്രദ്ധാപൂര്‍വ്വം നോക്കിയിരിക്കും. അങ്ങനെയൊരു ആളിന്റെ ഉള്ളില്‍ നിന്നാണ് ബോംബ് പൊട്ടുന്ന പോലെയുള്ള സംഭാഷണങ്ങള്‍ ഉണ്ടാകുന്നത് എന്നതോര്‍ക്കുമ്പോള്‍ ശരിക്കും അത്ഭുതം തോന്നും. ഇത്രയും കാലിബറുള്ള സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ട്.
സിനിമകളില്‍ വന്നസമയത്തുള്ള കാലഘട്ടവുമായി ഇപ്പോഴത്തെ ജെനറേഷന്‍ സിനിമകളില്‍ വ്യത്യാസം വന്നിട്ടുണ്ടോ ?
എന്റെ അഭിപ്രായം പറയുകയാണെങ്കില്‍ ഞാന്‍ സിനിമയില്‍ അഭിനയിച്ചു തുടങ്ങുന്ന സമയത്ത് അഭിനേതാക്കള്‍ ഒരേയൊരു കാര്യത്തില്‍ മാത്രമാണ് ശ്രദ്ധ ചെലുത്തിയിരുന്നത്. അഭിനയം മാത്രമായിരുന്നു അന്നത്തെ കോണ്‍സെന്‍ട്രേഷന്‍. എന്നാല്‍ ഇന്നത്തെ ജനറേഷന്‍ അങ്ങനെയല്ല. അവരെല്ലാം മള്‍ട്ടി ടാലന്റഡാണ്. സിനിമയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും അവര്‍ ശ്രദ്ധ കൊടുക്കും. ചലഞ്ചായി ഏറ്റെടുത്ത് എല്ലാത്തിനെക്കുറിച്ചും പഠിക്കും. ഗഹനമായി പഠിച്ച് അതിലൂടെ സിനിമയെക്കുറിച്ച് കൂടുതലറിയും. അഭിനയത്തെക്കാളുപരി എല്ലാ മേഖലകളിലും പരിചിതത്വം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരാണ് ഇന്നത്തെ തലമുറയിലുള്ളത്. എനിക്കതാണ് ഇഷ്ടപ്പെട്ടിട്ടുള്ളത്.
സിനിമയിലെ തുടക്കം ശിവജി ഗണേശനോടൊപ്പം, മലയാളത്തില്‍ പ്രേംനസീറിനാപ്പം... ആ കാലത്തെ കുറിച്ച് പറഞ്ഞാല്‍ ?
വളരെ ചെറുപ്പത്തില്‍ തന്നെ ഞാന്‍ സിനിമയില്‍ വന്നതാണ്. എന്റെ അമ്മമ്മ പ്രശസ്തയായ കന്നഡ അഭിനേത്രി രാമദേവിയാണ്. ഞാന്‍ സിനിമയിലെത്തണമെന്ന് അമ്മമ്മയുടെ ആഗ്രഹമായിരുന്നു. സ്കൂള്‍ കാലഘട്ടത്തിലാണ് ഞാന്‍ ശിവാജി സാറിനൊപ്പം അഭിനയിക്കുന്നത്. പിന്നീട് മലയാളത്തില്‍ പ്രേംനസീറിനൊപ്പവും അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചു. എനിക്ക് ആ കാലഘട്ടത്തെക്കുറിച്ച് നേരിയ ഓര്‍മ്മകളേ ഉള്ളൂ.
എങ്കിലും ഇത്രയും വലിയ ലെജന്‍ഡറി അഭിനേതാക്കള്‍ക്കൊപ്പം തുടക്കം കുറിക്കാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ട്. അതൊരു ഭാഗ്യമായി കരുതുന്നു. പിന്നീട് മലയാളത്തിലെത്തുന്നത് പത്മരാജന്‍ സംവിധാനം ചെയ്ത ‘ദേശാടനക്കിളി കരയാറില്ല’ എന്ന സിനിമയിലൂടെയാണ്. ആ സിനിമയുടെ ഓഫര്‍ വരുന്ന സമയത്ത് ഞങ്ങള്‍ക്ക് മലയാള സിനിമ എന്താണെന്നു പോലുമറിയില്ല. എന്റെ അമ്മമ്മയ്ക്ക് ഞാന്‍ തെലുങ്ക്, കന്നഡ, തമിഴ് സിനിമകളില്‍ തിളങ്ങണമെന്നു മാത്രമായിരുന്നു ആഗ്രഹം. അന്നൊന്നും അഭിനയിക്കുക എന്നത് എന്റെ പാഷനായിരുന്നില്ല. പിന്നീട് നല്ല കഥാപാത്രങ്ങള്‍ കിട്ടുകയും പ്രേക്ഷകര്‍ സ്വീകരിക്കുകയും ചെയ്തതോടെ സിനിമ തന്നെയാണ് എന്റെ ജീവിതലക്ഷ്യമെന്ന് തിരിച്ചറിഞ്ഞു.
കറുത്ത ലെന്‍സ് വച്ചാണ് ഞാനവിടെ അഭിനയിച്ചിരുന്നത്. എന്നാല്‍ അതിനെ മറി കടന്ന് ഈ കണ്ണുകളിലൂടെ തന്നെ ഞാന്‍ പോസിറ്റീവ് കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്. അത് ഞാന്‍ പ്രൂവ് ചെയ്ത ശേഷം തമിഴില്‍ നിന്ന് ഓഫറുകള്‍ വന്നു തുടങ്ങി.
ആദ്യ സിനിമയിലെ സഹതാരം കാര്‍ത്തികയുമായുള്ള സൗഹൃദം ?
എനിക്കന്നുമിന്നും സിനിമാസൗഹൃദങ്ങള്‍ കുറവാണ്. കാര്‍ത്തികയുമായി ഇന്നും അടുപ്പമുണ്ട്. എന്നും വിളിക്കാറില്ലെങ്കിലും വിശേഷാവസരങ്ങളില്‍ പരസ്പരം സംസാരിക്കാറുണ്ട്. ജന ഗണ മനയ്ക്കു ശേഷം വിളിച്ചിട്ടില്ല. എങ്കിലും ആ സൗഹൃദം ഇപ്പോള്‍ നന്നായി തന്നെ നിലനില്‍ക്കുന്നു.
മോഹൻലാൽ, മമ്മൂട്ടി എന്നിവര്‍ക്കൊപ്പമുള്ള ഒരു നായിക വേഷത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുമോ ?
അത് നിര്‍മ്മാതാക്കളും സംവിധായകരുമല്ലേ തീരുമാനിക്കുന്നത്. പിന്നെ അവര്‍ക്കൊപ്പം നായികയായി വരുക എന്നതൊക്കെ ആഗ്രഹിക്കുന്നത് തന്നെ ഇത്തിരി കടന്ന കൈയാണ് എന്നാണ് എനിക്കു തോന്നുന്നത്. അങ്ങനെയൊരു ചിന്തയില്ല. നല്ല കഥാപാത്രങ്ങള്‍ കിട്ടണം, അഭിനേത്രി എന്ന നിലയില്‍ പ്രൂവ് ചെയ്യണം. അ ത്രേയുള്ളു ആഗ്രഹം.
ജനഗണമന സ്വീകരിച്ച പ്രേക്ഷകരോട് പറയാനുള്ളത് ?
പിന്തുണയും സ്നേഹവും തന്നതിന് നന്ദി. നല്ല സിനിമകളെ പ്രേക്ഷകര്‍ സ്വീകരിക്കും എന്നതിന്റെ തെളിവാണ് ജനഗണമന. സ്ക്രിപ്റ്റ്, സംഭാഷണം, അഭിനേതാക്കള്‍ എന്നിവയെല്ലാം പ്രേക്ഷകര്‍ സ്വീകരിച്ചു. അതിന് ഒരുപാട് നന്ദിയും സ്നേഹവുമുണ്ട്.
കുടുംബത്തില്‍ നിന്നുള്ള പിന്തുണ ?
അതാണ് ശരിക്കും ഇന്നും ഇവിടെ നിലനില്‍ക്കാന്‍ സഹായിക്കുന്നത്. മകളുടെ വിദ്യാഭ്യാസത്തിനു വേണ്ടിയാണ് ഇടവേളയെടുത്തത്. ഇപ്പോള്‍ സിനിമയിലേക്ക് മടങ്ങിയെത്തിയതില്‍ കൂടുതല്‍ സന്തോഷിക്കുന്നതും അവളാണ്. എന്റെയൊരു സിനിമ വേള്‍ഡ് വൈഡ് റിലീസ് ചെയ്യുന്നു എന്നറിഞ്ഞപ്പോള്‍ എന്നെക്കാളേറെ എക്സൈറ്റഡായത് അവളാണ്. അവള്‍ക്ക് സിനിമാ മേഖലയോട് വലിയ താത്പര്യമില്ല. ബിസിനസ്സാണ് ഇഷ്ടം. എങ്കിലും അവള്‍ അഭിനയിക്കുന്നത് എനിക്കിഷ്ടമാണ്. നല്ല പ്രശസ്തി, പേര്, സ്നേഹം, കംഫര്‍ട്ട് എന്നിവയെല്ലാം കിട്ടുന്ന മറ്റൊരു പ്രൊഫഷനുമില്ല. സിനിമാമേഖലയെക്കുറിച്ച് വിമര്‍ശനങ്ങള്‍ വരുന്നുണ്ട്, അതൊക്കെ കേള്‍ക്കുമ്പോള്‍ സങ്കടം വരും. പക്ഷേ സിനിമാകുടുംബത്തില്‍ നിന്നു വന്നതു കൊണ്ട് എനിക്കങ്ങനെ സ്ട്രഗിള്‍ ചെയ്യേണ്ടി വന്നിട്ടില്ല. ഇന്നും അഭിനേത്രി എന്നു പറയുന്നത് എനിക്ക് അഭിമാനമാണ്.