
പാലാ: ന്യൂസിലാന്‍ഡിലെ വനിതാ പൊലീസ് ഓഫിസറായി മലയാളി സ്വദേശിനി. ഉള്ളനാട് പുളിക്കല്‍ അലീന അഭിലാഷ് (22) ആണ് ന്യൂസീലന്‍ഡില്‍ നിയമിതയായത്. കോണ്‍സ്റ്റബിള്‍ റാങ്കിലുള്ള ആദ്യ നിയമനം ഓക്ലന്ഡിലാണ്.
ന്യൂസീലന്‍ഡ് പൊലീസില്‍ ഓഫിസര്‍ തസ്തിക ആരംഭിക്കുന്നതു കോണ്‍സ്റ്റബിള്‍ റാങ്കിലാണ്. പാമര്‍സ്റ്റണ്‍ നോര്‍ത്തില്‍ സ്ഥിരതാമസമാക്കിയ ഉള്ളനാട് പുളിക്കല്‍ അഭിലാഷ് സെബാസ്റ്റ്യന്റെയും പിഴക് പുറവക്കാട്ട് ബോബിയുടെയും മകളാണ് അലീന. റോയല്‍ ന്യൂസീലന്‍ഡ് പൊലീസ് കോളജിലെ പരിശീലനം പൂര്‍ത്തിയാക്കിയ അലീനയുടെ ബിരുദസ്വീകരണച്ചടങ്ങ് ഇന്നലെ വെല്ലിങ്ടനില്‍ നടന്നു. ഒട്ടാഗോ സര്‍വകലാശാലയില്‍ സൈക്കോളജിയും ക്രിമിനോളജിയും പഠിച്ച ശേഷമാണു അലീന പൊലീസില്‍ ചേര്‍ന്നത്.
ആറാം ക്ലാസ് വരെ ചാവറ പബ്ലിക് സ്കൂളില്‍ ആയിരുന്നു അലീനയൂടെ പഠനം. പിന്നീട് മാതാപിതാക്കള്‍ക്കൊപ്പം ന്യൂസീലന്‍ഡിലേക്കു കുടിയേറുകയായി. അലീന അഭിലാഷിനെ മാണി സി.കാപ്പന് എംഎല്‍എ, ജോസ് കെ.മാണി എംപി, ചാവറ പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ.സാബു കൂടപ്പാട്ട്, മുന്‍ പ്രിന്‍സിപ്പല്‍ ഫാ.മാത്യു കരീത്തറ എന്നിവര്‍ അഭിനന്ദിച്ചു.






