
മൈക്രോബോട്ടുകള ഉപയോഗിച്ച് നമ്മുടെ പല്ലുകള്‍ വൃത്തിയാക്കാമെന്ന കണ്ടെത്തലുമായി പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ ഗവേഷകര്‍. കിടപ്പു രോഗികള്‍ക്കും ശാരീരിക പരിമിതികള്‍ ഉള്ളവര്‍ക്കുമെല്ലാം ഈ മൈക്രോബോട്ടുകള്‍ പ്രയോജനം ചെയ്യുമെന്നാണ് കരുതുന്നത്. കിടപ്പു രോഗികളായവര്‍ക്കും ശാരീരിക പരിമിതികള്‍ ഉള്ളവര്‍ക്കുമെല്ലാം പല്ലു വൃത്തിയാക്കുക എന്നത് വലിയ ജോലിയാണ്. ഇവര്‍ക്ക് ആശ്വാസകരമായിരിക്കും ഈ മൈക്രോബോട്ടുകളെന്നാണ് കണ്ടെത്തലിന്റെ ഭാഗമായ മൈക്കല്‍ കൂ പറയുന്നത്.
ഗവേഷകര്‍ മൈക്രോബോട്ട് ടൂത്ത്ബ്രഷിന്റെ പരീക്ഷണം മനുഷ്യന്റെ പല്ലില്‍ നടത്തിയിരുന്നു. പല രൂപത്തിലേക്കും മാറുന്ന ഈ മൈക്രോബോട്ടുകള്‍ വഴി പല്ലുകളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കിനെ നീക്കാന്‍ സാധിച്ചു. ആന്റിമൈക്രോബൈല്‍സ് ഉപയോഗിച്ച് അപകടകരമായ ബാക്ടീരിയകളെ കൊല്ലാനുള്ള ശേഷിയും ഈ മൈക്രോബോട്ടുകള്ക്കുണ്ട്. അയേണ്‍ ഓക്സൈഡ് നാനോ പാര്‍ട്ടിക്കിള്‍സ് ഉപയോഗിച്ചാണ് ഈ മൈക്രോബോട്ടുകളെ നിര്‍മിച്ചിരിക്കുന്നത്. കാന്തികശേഷി ഉപയോഗിച്ചാണ് ഇവയുടെ ചലനം നിയന്ത്രിക്കുന്നത്. ടൂത്ത്ബ്രഷിന് സമാനമായ നാരുകളാണ് ഇവയില്‍ ഉപയോഗിച്ചിരിക്കുന്നത്. നീളമുളള ഈ നാരുകളുടെ സഹായത്തില്‍ എളുപ്പത്തില്‍ പല്ലുകള്‍ വൃത്തിയാക്കാനാകുമെന്നാണ് കരുതപ്പെടുന്നത്.
'' മൈക്രോബോട്ടുകളിലെ നാനോപാര്ട്ടിക്കിള്സുകള്ക്ക് ആശ്ചര്യകരമാം വിധം രൂപം മാറാനും എളുപ്പം അവയെ നിയന്ത്രിക്കാനും സാധിക്കും. നീളം കൂട്ടാനും ചെറിയ പ്രദേശം വൃത്തിയാക്കാനും ഇത്തരം മൈക്രോബോട്ടുകളെക്കൊണ്ട് സാധിക്കും. അവയുടെ ഈ സവിശേഷതയാണ് പല്ല് വൃത്തിയാക്കാന്‍ ഉപയോഗിക്കാമെന്ന ചിന്തയിലേക്ക് എത്തിച്ചത്. ഒരു റോബോട്ടിക് കൈ വൃത്തിയാക്കുന്നതിന് സമാനമായ രീതിയിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്. അവയുടെ ചലനങ്ങളെ സ്വയമേവ നിയന്ത്രിക്കാനും സാധിക്കും ''- മൈക്രോബോട്ടുകള്‍ നിര്‍മിച്ച ഗവേഷകരിലൊരാളായ എഡ്വേഡ് സ്റ്റേഗര് പറഞ്ഞു.






