
കോഴിക്കോട്: എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ സിവിക് ചന്ദ്രനെതിരെ ഒരു പീഡന ശ്രമക്കേസ് കൂടി. യുവ എഴുത്തുകാരിയുടെ പരാതിയിലാണ് കൊയിലാണ്ടി പോലീസ് ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തത്. 2020ല്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്.
മറ്റൊരു യുവ എഴുത്തുകാരിയുടെ പരാതിയില്‍ സിവിക് ചന്ദ്രന്റെ അറസ്റ്റ് കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്നു വരെ തടഞ്ഞിരുന്നു. സിവിക് ചന്ദ്രന് ഒളിവിലാണ്. ഏപ്രിലില്‍ പുസ്തക പ്രസാധനത്തിനായി സമീപിച്ചപ്പോള്‍ ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. സിവിക് ചന്ദ്രന് അഡ്മിനായ 'നിലാനടത്തം' വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ലൈംഗികാതിക്രമത്തിന് ഇരയായ കവയത്രി കൂടിയായ യുവതി വെളിപ്പെടുത്തല്‍ നടത്തിയത്.
ദുരനുഭവങ്ങള്‍ തന്നെ ട്രോമയിലേക്ക് തള്ളിയിട്ടെന്നും താന്‍ അത്രയേറെ വിശ്വസിച്ച മനുഷ്യരില്‍ നിന്നുണ്ടായ തിക്താനുഭവം തന്നെ കനത്ത ആഘാതത്തിലാഴ്ത്തിയെന്നും യുവതി പറയുന്നു. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് സിവിക് ചന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്.
ഇതിനിടെ യുവ വനിത എഴുത്തുകാരെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ സിവിക് ചന്ദ്രന്റെ മൂന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. സിവിക് ചന്ദ്രന്റെ അറസ്റ്റ് കോടതി ഇന്നു വരെ തടഞ്ഞിരുന്നു.
ദളിത് സമൂഹത്തിനു വേണ്ടി പുറമേ വാദിക്കുന്ന സിവിക് ചന്ദ്രന്റെ വാട്സ്ആപ്പ് പോസ്റ്റുകളില്‍ നിന്ന് അദ്ദേഹത്തെ സ്വഭാവം വ്യക്തമാകുമെന്ന് പ്രോസിക്യൂഷന് ആരോപിച്ചു. പരാതിക്കാരിയോട് ലൈംഗിക താല്പര്യം പ്രതിക്കുണ്ടായിരുന്നു. അത് പലപ്പോഴും വ്യക്തമാക്കിയിരുന്നുവെന്നും പ്രോസിക്യുഷന് പറയുന്നു.
അപകടത്തില്‍ പരിക്കേറ്റ് ഊന്നുവടിയുടെ സഹായത്തോടെ മാത്രം നേരെ നില്ക്കാന് കഴിയുന്ന തനിക്കെതിരായ പരാതി വ്യാജവും കെട്ടിച്ചമച്ചതെന്നുമാണ് സിവിക് ചന്ദ്രന് വാദിച്ചത്. സുഹൃദമുണ്ടായിരുന്ന കാലത്ത് കൈമാറിയ സന്ദേശങ്ങള്‍ ഇതിന് ഉപയോഗിക്കുകയാണ്. സംഘടനയുടെ ഇന്റേണല്‍ സമിതി അന്വേഷിച്ചു തള്ളിയ കേസാണെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന് അറിയിച്ചു.






