കോഴിക്കോട്: യുവ വനിത എഴുത്തുകാരെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ സിവിക് ചന്ദ്രന്റെ മൂന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. സിവിക് ചന്ദ്രന്റെ അറസ്റ്റ് കോടതി ഇന്നു വരെ തടഞ്ഞിരുന്നു.
ദളിത് സമൂഹത്തിനു വേണ്ടി പുറമേ വാദിക്കുന്ന സിവിക് ചന്ദ്രന്റെ വാട്സ്ആപ്പ് പോസ്റ്റുകളില്‍ നിന്ന് അദ്ദേഹത്തെ സ്വഭാവം വ്യക്തമാകുമെന്ന് പ്രോസിക്യൂഷന് ആരോപിച്ചു. പരാതിക്കാരിയോട് ലൈംഗിക താല്പര്യം പ്രതിക്കുണ്ടായിരുന്നു. അത് പലപ്പോഴും വ്യക്തമാക്കിയിരുന്നുവെന്നും പ്രോസിക്യുഷന് പറയുന്നു.
അപകടത്തില്‍ പരിക്കേറ്റ് ഊന്നുവടിയുടെ സഹായത്തോടെ മാത്രം നേരെ നില്ക്കാന് കഴിയുന്ന തനിക്കെതിരായ പരാതി വ്യാജവും കെട്ടിച്ചമച്ചതെന്നുമാണ് സിവിക് ചന്ദ്രന് വാദിച്ചത്. സുഹൃദമുണ്ടായിരുന്ന കാലത്ത് കൈമാറിയ സന്ദേശങ്ങള്‍ ഇതിന് ഉപയോഗിക്കുകയാണ്. സംഘടനയുടെ ഇന്റേണല്‍ സമിതി അന്വേഷിച്ചു തള്ളിയ കേസാണെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന് അറിയിച്ചു.






