കൊച്ചി: തന്റെ പുതിയ ചിത്രമായ 'ന്നാ താന്‍ കേസ് കൊട്' എന്ന സിനിമയുടെ പോസ്റ്റര്‍ വിവാദത്തില്‍ മറുപടിയുമായി നടന് കുഞ്ചാക്കോ ബോബന്. സിനിമയുടെ പരസ്യം സര്‍ക്കാരിനെതിരല്ല. സാമൂഹികമായ ഒരു പ്രശ്നമാണ് ഉന്നയിക്കുന്നത്. ആ പരസ്യം താന്‍ ആസ്വദിച്ചു. കണ്ടപ്പോള്‍ ചിരിവന്നുവെന്നും കുഞ്ചാക്കോ മാധ്യമങ്ങളോട് പ്രതികരിച്ചു.
സിനിമ കണ്ടു കഴിയുമ്പോള്‍ എന്താണ് കഥ കൊണ്ടുവരുന്നത് എന്ന് മനസ്സിലാകും. ജനം സിനിമ ആസ്വദിക്കുന്നതാണ് താന്‍ തീയേറ്ററില്‍ നിന്ന് മനസ്സിലാക്കിയത്. ഒരു ഹ്യൂമര്‍ സിനിമ കാണാനുള്ള മൂഡില്‍ വേണം തീയേറ്റിലെത്താന്.
പരസ്യം ഏതെങ്കിലും ഒരു രാഷ്ട്രീയക്കാരെയോ ജനവിഭാഗത്തെയോ ഉദ്ദേശിച്ചല്ല, എല്ലാവരേയും ഉദ്ദേശിച്ചാണ്. സാധാരണക്കാരായ ജനങ്ങളുടെ പ്രതികരണമാണ്. ഏതെങ്കിലും സര്‍ക്കാരിനെയോ പാര്‍ട്ടിയേയോ ഉദ്ദേശിച്ചിട്ടില്ല. സര്‍ക്കാര്‍ വിരുദ്ധമാണ് പരസ്യമെന്ന പ്രചാരണത്തോട് കൂടുതല്‍ പ്രതികരിക്കാനില്ല. കേരളത്തിലെ അല്ല, തമിഴ്നാട്ടിലെ സാഹചര്യമാണ് സിനിമയിലെ പ്രതിപാദ്യം. കോവിഡ് കാലത്തും തുടര്‍ന്നും ഒരു സാധാരണക്കാരന് കടന്നുപോയ അവസ്ഥകളാണ്.
നമ്മുടെ നാട്ടിലാണെങ്കില്‍ വിവിധ വകുപ്പുകള്‍ തമ്മില്‍ സഹകരണമില്ലാത്തത് വലിയ പ്രശ്നമാണ്. മഴക്കാലത്ത് റോഡ് പണിതുകഴിയുമ്പോള്‍ തന്നെ വന്ന് മറ്റ് വകുപ്പുകള്‍ റോഡ് കുഴിക്കുന്നത് കണ്ടിട്ടുണ്ടെന്നും കുഞ്ചാക്കോ ബോബന് പറഞ്ഞു.
സിനിമയുടെ പോസ്റ്റര്‍ ഇന്നലെ കുഞ്ചാക്കോ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പുറത്തുവിട്ടതോടെയാണ് വിവാദത്തിന് തുടക്കം. സര്‍ക്കാര്‍ വിരുദ്ധമാണെന്ന് ആരോപിച്ച് പൊതുമരാമത്ത് മന്ത്രിയെ അനുകൂലിക്കുന്നവര്‍ രംഗത്തെത്തി. പോസ്റ്റിനെ അനുകൂലിച്ചും കടന്നാക്രമിച്ചും സൈബര്‍ ലോകത്ത് പോര് തുടരുകയാണ്. പോസ്റ്ററില്‍ പ്രതികരിക്കാനില്ലെന്നാണ് മന്ത്രിയുടെ നിലപാട്.






