
തിരുവനന്തപുരം: പാലക്കാട് വോട്ടിന് വേണ്ടി ബിജെപി പ്രവര്‍ത്തകര്‍ പണം നല്‍കിയെന്ന പരാതിയില്‍ ഇടപെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍. സംഭവത്തിൽ കേസ് എടുക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പോലീസിന് നിര്‍ദ്ദേശം നല്‍കി. ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് നിര്‍ദ്ദേശം.
ദൃശ്യങ്ങള്‍ പുറത്ത് വന്നപ്പോള്‍ തന്നെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍ ഇടപെടുകയും ജില്ലാ കളക്ടറോട് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. കൂടാതെ ജില്ലാ പോലീസ് മേധാവിയോട് സംസ്ഥാന പോലീസ് മേധാവിയും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന് ഒപ്പം ഉണ്ടായിരുന്ന സ്ത്രീ പണം നല്‍കുന്ന ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു. കണ്ണാടി മേഖലയിലെ തരുവാകുറിശ്ശിയിലാണ് സംഭവം നടന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. തരുവാകുറിശ്ശിയില്‍ ഒരു മരണവീട്ടില്‍ എത്തിയതായിരുന്നു ശോഭാ സുരേന്ദ്രനും പ്രവര്‍ത്തകരും. ഇതിന് ശേഷം ശോഭാ സുരേന്ദ്രന്‍ തിരികെ കാറില്‍ കയറി. ഇതിനിടെ ശോഭാ സുരേന്ദ്രന് ഒപ്പമുണ്ടായിരുന്ന സ്ത്രീ, മരണ വീടിന് സമീപമുണ്ടായിരുന്ന വീട്ടിലെ വയോധികയുടെ കയ്യില്‍ പണംവെച്ചു നല്‍കുകയായിരുന്നു. സംശയം തോന്നി വീട്ടില്‍ പോയി പരിശോധിച്ചപ്പോള്‍ വയോധികയുടെ കയ്യില്‍ അയ്യായിരം രൂപ ഉണ്ടായിരുന്നതായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു.






