
ചെന്നൈ: ജയലളിതയുടെ നിര്യാണത്തെ തുടര്‍ന്ന് എഐഡിഎംകെയെ ആരു നയിക്കുമെന്ന ചോദ്യമാണ് ഇപ്പോള്‍ തമിഴ്നാട്ടില്‍ നിന്നും ഉയര്‍ന്നു കേള്‍ക്കുന്നത്. ജയലളിതയ്ക്ക് പിന്നാലെ പാര്‍ട്ടിയുടെ സകല നിയന്ത്രണങ്ങളും ശശികലയുടെ കയ്യിലേക്ക് നീങ്ങുകയാണെന്നും ജയലളിതയ്ക്ക് മരണാനന്തരക്രിയ ചെയ്യാന്‍ നിയോഗിക്കപ്പെട്ടത് ഇതിന്റെ സൂചനയാണെന്നും വരുന്ന രാഷ്ട്രീയ വിലയിരുത്തലുകളില്‍ രജനീകാന്തും കേന്ദ്രബിന്ദുവായി മാറുന്നുണ്ട്.
രണ്ടാം നിരയെ ഉയര്‍ത്തിക്കൊണ്ടു വന്നില്ല എന്നതാണ് എഐഎഡിഎംകെ നേരിടുന്ന പ്രധാന പ്രതിസന്ധി. ഇതോടെയാണ് തമിഴ്നാട്ടിലെയും പുറത്തെയും മാധ്യമങ്ങള്‍ തമിഴിലെ പുതിയ സൂപ്പര്‍താരങ്ങളിലേക്ക് ശ്രദ്ധ തിരിച്ചിരിക്കുന്നത്. ജയയുടെ വസതിയായ പൊയസ് ഗാര്‍ഡന്റെ അയല്‍വാസിയാണ് രജനീകാന്ത്. ജയലളിതയുടെ അഭാവത്തില്‍ അവരെ വെല്ലുന്ന ജനക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ കഴിവുള്ള രജനീകാന്തില്‍ ഒരു മികച്ച പിന്‍ഗാമിയെ രാഷ്ര്ടീയ നിരീക്ഷകര്‍ കാണുന്നുണ്ട്. സിനിമയും രാഷ്ട്രീയവും കൂടിക്കലര്‍ന്ന തമിഴ്നാട്ടില്‍ ഒരു ഘട്ടത്തില്‍ ഉയര്‍ന്നു കേട്ടിരുന്ന പേരുകളില്‍ ഒന്നായ രജനീകാന്തിനെയും ആള്ക്കാര് ഉറ്റു നോക്കുന്നുണ്ട്.
തമിഴ് രാഷ്ട്രീയ കാര്യത്തില്‍ ഇതുവരെ മൗനം ഭഞ്ജിച്ചിട്ടില്ലെങ്കിലും അടുത്ത കാലത്തെ രജനിയുടെ കരുനീക്കങ്ങള്‍ എഐഎഡിഎംകെയ്ക്ക് തുണയാകുന്ന തരത്തിലായിരുന്നതാണ് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ദ്രാവിഡ രാഷ്ര്ടീയത്തിന്റെ തലപ്പത്ത് പതിവുശൈലിയില്‍ ഒരു ാമര്താരത്തെത്തന്നെ കൊണ്ടുവരുമോ എന്നാണ് ചോദ്യങ്ങള്‍. എഐഎഡിഎംകെയെയും ബിജെപിയെയും ഒരു പോലെ കൊതിപ്പിച്ച് നിര്‍ത്തിയിരിക്കുന്ന സൂപ്പര്‍താരം രജനീകാന്ത് ഇതുവരെ തന്റെ നിലപാട് വ്യക്തമാക്കിയിട്ടില്ല. എന്നിരുന്നാലും ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയലളിത തൂത്തുവാരിയപ്പോള്‍ അവരെ പൊയസ്ഗാര്‍ഡനില്‍ പോയി പൂച്ചെണ്ട് നല്കി അഭിനന്ദിക്കുകയും പൂച്ചെണ്ടില്‍ സ്വന്തം കൈപ്പടയില്‍ ദീപാവലി ആശംസകള്‍ ആലേഖനം ചെയ്തതും ബിജെപിയേയും ഡിഎംകെയേയും ഞെട്ടിക്കുകയും ചെയ്തിരുന്നു.
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിചാരണക്കോടതി ശിക്ഷിച്ച ജയയെ ഹൈക്കോടതി കുറ്റവിമുക്തയാക്കി പുറത്തുവന്നപ്പോള്‍ ആദ്യം കണ്ട് ആശംസകള്‍ അര്‍പ്പിച്ചതും രജനീകാന്തായിരുന്നു. ഇതു കൂടാതെ കടുത്ത രോഗ ബാധിതയായി ജയ ആശുപത്രിയിലായിരുന്നപ്പോള്‍ കര്‍ണാടകയുമായി കത്തിപ്പടര്‍ന്ന കാവേരി നദീജല തര്‍ക്കത്തിനിടയില്‍ കാവേരി ജലത്തിനുവേണ്ടി ജനകീയ വിപ്ലവത്തിന്റെ മുന്നില്‍ നിന്നതും രജനീ തന്നെയായിരുന്നു. ഇക്കാര്യത്തില്‍ സംഘടിപ്പിച്ച തമിഴ് ജനതയുടെ ഒരു പടുകൂറ്റന്‍ റാലിയില്‍ മുന്നില്‍ നിന്നതും രജനീകാന്തായിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് നരേന്ദ്രമോഡി രജനീകാന്തിന്റെ വീട്ടിലെത്തി അദ്ദേഹത്തെ ബിജെപിയിലേയ്ക്ക് ക്ഷണിച്ചിരുന്നു. ബിജെപിയില്‍ ചേരാന്‍ പോകുന്നവരുടെ പട്ടികയില്‍ രജനീകാന്തുമുണ്ടെന്ന് പാര്‍ട്ടി സംസ്ഥാന നേതൃത്വം പറയാതെ പറഞ്ഞെങ്കിലും രജനി ശുദ്ധമൗനം പാലിക്കുകയായിരുന്നു. അതുപോലെ തന്നെ മൂപ്പനാരുടെ മകന് ജി കെ വാസന് പഴയ തമിഴ്മാനിലാ കോണ്‍ഗ്രസ് പുനരുജ്ജീവിപ്പിച്ച് ആ പാര്‍ട്ടിക്ക് നേതൃത്വം നല്കാന് രജനീകാന്തിനെ സമീപിച്ചുവെങ്കിലും വാസനെയും അദ്ദേഹം നിരാശപ്പെടുത്തി.
എന്നിരുന്നാലും ജയലളിത തന്നെ നേരത്തേ പാര്‍ട്ടി അദ്ധ്യക്ഷനാകാന്‍ നിര്‍ദേശിച്ചിരുന്നു എന്ന റിപ്പോര്‍ട്ടില്‍ യുവനടന് അജിത്തിന്റെ പേരും ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെട്ട് തുടങ്ങിയിട്ടുണ്ട്്. ജയലളിതയുമായി അടുത്ത ബന്ധമുള്ള അജിത് ഇത് ഏറ്റെടുക്കുമോ എന്ന് കണ്ടറിയേണ്ടതുണ്ട്. തമിഴകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് അജിത് കുമാര്‍. അജിത്തിനെ അനന്തരാവകാശിയായി പ്രഖ്യാപിക്കുന്നത് സംബന്ധിച്ചുള്ള രേഖാപത്രം അനുയായികളെ ഏല്‍പ്പിച്ചതായുമുള്ള വാര്‍ത്തകളും ഉണ്ട്.






